സിഗ്നലിൽ നിർത്തിട്ടിയിരുന്ന കാറിലേക്ക് പിന്നിൽ വന്ന ടിപ്പർ ഇടിച്ചുകയറി; ഒരു വയസുകാരൻ ഉൾപ്പെടെ 3 പേർ മരിച്ചു

അർദ്ധരാത്രിയോടെ സിഗ്നലിൽ നിർത്തിയ കാറാണ് ദാരുണമായ അപകടത്തിൽപ്പെട്ടത്. ഒരു കണ്ടെയ്നറിന് പിന്നിലായിരുന്നു കാർ നി‍ർത്തിയിട്ടത്. 


ചെന്നൈ: സിഗ്നലിൽ നിർത്തിട്ടിരിക്കുകയായിരുന്ന കാറിന് പിന്നിലേക്ക് ടിപ്പർ ലോറി ഇടിച്ചു കയറി അപകടം. ഒരു വയസുള്ള കുട്ടി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. അമിത വേഗത്തിലെത്തിയ ടിപ്പർ ലോറി നിയന്ത്രണം നഷ്ടമായി കാറിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു, ഏഴ് വയസുള്ള മറ്റൊരു കുട്ടി ഉൾപ്പെടെ നാല് പേർ പരിക്കുകളോടെ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.

തമിഴ്നാട്ടിലെ ചെങ്കൽപേട്ട് ജില്ലയിലെ സിംഗപെരുമാൾ കോവിലിലായിരുന്നു സംഭവം. പരിക്കേറ്റവരെ ചെങ്കൽപേട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധുരയിൽ നിന്ന് ചെന്നൈയിലേക്ക് ഒരു ചടങ്ങിൽ പങ്കെടുക്കാനായി എത്തിയ ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്. പരിപാടിക്ക് ശേഷം ഇവർ മധുരയിലേക്ക് മടങ്ങിപ്പോവുമ്പോഴായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. കാർത്തിക് (35), ഭാര്യ നന്ദിനി (30), മകൾ ഇളമതി (7), മകൻ സായ് വേലൻ (1), നന്ദിനിയുടെ മാതാപിതാക്കാളായ അയ്യനാർ (65), ദേവ പുൻജാരി (60) എന്നിവരാണ് കാറിലുണ്ടായിരുന്നത്.

Latest Videos

അർദ്ധരാത്രിയോടെ ഇവർ സഞ്ചരിച്ചിരുന്ന കാർ ചെന്നൈ-ട്രിച്ചി ദേശീയ പാതയിൽ സിംഗപെരുമാൾ കോവിലിന് സമീപത്തെ ഒരു ട്രാഫിക് സിഗ്നലിൽ നിർത്തി. കാറിന് മുന്നിൽ ഒരു കണ്ടെയ്നർ ലോറിയും നിർത്തിയിട്ടിട്ടുണ്ടായിരുന്നു. ഈ സമയം പിന്നിൽ നിന്ന് അമിത വേഗത്തിലെത്തിയ ഒരു ടിപ്പർ ലോറി നിയന്ത്രണംവിട്ട് കാറിന് പിന്നിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ മുന്നിലേക്ക് നീങ്ങിയ കാർ മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് പിന്നിലേക്ക് ഇടിച്ചുകയറി ഞെരിഞ്ഞമർന്നു. രണ്ട് ഹെവി വാഹനങ്ങൾക്ക് ഇടയിൽപ്പെട്ട് കാർ ഏതാണ്ട് പൂർ‍ണമായി തകർന്ന നിലയിലാണ്.

മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരും പരിസരത്തുണ്ടായിരുന്നവരും ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. ഇവർ തന്നെ പൊലീസിനെ അറിയിച്ചു. അയ്യനാറും ഡ്രൈവർ ശരവണനും തൽക്ഷണം മരിച്ചു. മറ്റ് അഞ്ച് പേരെ ചെങ്കൽപേട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഒരു വയസുകാരൻ സായി പിന്നീട് മരിച്ചു. മറ്റുള്ളവരെല്ലാം ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പൊലീസ് കേസ് രജിസ്റ്റർ‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!