
കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് ഡോ.ശൂരനാട് രാജശേഖരൻ അന്തരിച്ചു. 75 വയസായിരുന്നു. പുലർച്ചെ നാലരയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. അർബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. നിലവിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും വീക്ഷണം മാനേജിംഗ് എഡിറ്ററുമാണ്. അദ്ദേഹത്തിൻ്റെ ആഗ്രഹ പ്രകാരം പൊതുദർശനമുണ്ടാകില്ലെന്ന് കുടുംബം അറിയിച്ചു. തന്റെ മരണ ശേഷം പൊതുദർശനം പാടില്ലെന്നും മൃതദേഹം മോർച്ചറിയിൽ വയ്ക്കരുതെന്നും അദ്ദേഹം കുടുംബത്തിന് നിർദ്ദേശം നൽകിയിരുന്നു. ഇന്ന് വൈകിട്ട് 5 മണിക്ക് ചാത്തന്നൂരിലെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും.
കോൺഗ്രസിലെ സൗമ്യമുഖമായിരുന്ന രാജശേഖരൻ പറയാനുള്ളത് ആരുടെയും മുഖത്ത് നോക്കി പറയാൻ ഒരുകാലത്തും മടി കാണിച്ചിരുന്നില്ല. ഒരു ചെറുചിരിയോടെ മാത്രമാണെന്നും ശൂരനാടിനെ കണ്ടിരുന്നത്. കെഎസ്‍യു സംസ്ഥാന ട്രഷറായിരുന്ന രാജശേഖരൻ മെല്ലെ മെല്ലെ സംസ്ഥാന കോൺഗ്രസിലെ മികച്ച സംഘാടകരിലൊരാളായി. ദീർഘകാലം കൊല്ലം ഡിസിസി പ്രസിഡന്‍റ്, കെപിസിസി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, രാഷ്ടീയ കാര്യ സമിതി അംഗം പദവികളിൽ എന്നും ഉയർച്ച. എ ഗ്രൂപ്പായിരുന്ന ശൂരനാട് പിന്നെ ലീഡറുടെ അനുയായി കളംമാറം. ഗ്രൂപ്പ് നേതാവെന്ന നിലയിൽ എതിര്‍ ചേരിയെ ഞെട്ടിക്കുന്ന നീക്കങ്ങള്‍. കൊല്ലത്ത് നിന്ന് ലോക്സഭയിലേയ്ക്കും ചാത്തന്നൂരിൽ നിന്ന് നിയമസഭയിലേയ്ക്കും രാജ്യസഭയിലേയ്ക്കും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
പാർട്ടി യോഗങ്ങളിൽ ഏത് ഉന്നതനെതിരെയും പറയാനുള്ളത് പറയാൻ ഒട്ടും മടികാണിച്ചില്ല ശൂരനാട്. ജനുവരിയിൽ ചേർന്ന രാഷ്ട്രീയകാര്യസമിതിയിൽ പ്രതിപക്ഷ നേതാവിൻ്റെ പ്ലാൻ 63ക്കെതിരെ തുറന്നടിച്ചും ശൂരനാട് മികച്ച സഹകാരിയായ അദ്ദേഹം സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്‍റ് അടക്കമുള്ള ചുമതലകള്‍ വഹിച്ചു. സ്പോര്‍ട്സ് കൗണ്‍സിൽ അധ്യക്ഷനായിരുന്നു. മലയാള ഭാഷ പണ്ഡിതൻ ശൂരനാട് കുഞ്ഞൻ പിള്ളയുടെ സഹോദരപുത്രനായ രാജശേഖരൻ ചെറുപ്പം മുതൽ പുസ്തക വായന ശീലമാക്കി. ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ചുള്ള രണ്ടു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. കാലിക്കറ്റ് സര്‍വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. മാധ്യമപ്രവര്‍ത്തകൻ കൂടിയായിരുന്ന അദ്ദേഹം കൊല്ലം പ്രസ് ക്ലബിന്‍റെ പ്രസിഡന്‍റായിരുന്നു. പാര്‍ട്ടി മുഖ പത്രമായ വീക്ഷണത്തിന്‍റെ എംഡിയും ആയിരുന്നു ഡോ. ശൂരനാട് രാജശേഖരൻ. വിടവാങ്ങിയത് സൗമ്യത മുഖമുദ്രയാക്കിയ നേതാവ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam