25000 അധ്യാപക, അനധ്യാപക നിയമനം റദ്ദാക്കി; കൽക്കട്ട ഹൈക്കോടതി ഉത്തരവ് ശരിവച്ച് സുപ്രീം കോടതി

ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ ഒരു കാരണവും കാണുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി വി സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.


കൊൽക്കത്ത: 25,000ത്തിലധികം അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും നിയമനം റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതി ഉത്തരവ് ശരിവച്ച് സുപ്രീം കോടതി. കോടതി ഉത്തരവ് പശ്ചിമ ബംഗാളിലെ മമത ബാനർജി സർക്കാരിന് കനത്ത തിരിച്ചടിയായി. നിയമന തട്ടിപ്പ് നടന്നെന്നും നിയമനത്തിലെ വിശ്വാസ്യത ഇല്ലാതായെന്നും കോടതി വിമർശിച്ചു. ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ ഒരു കാരണവും കാണുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി വി സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. നിയമന പ്രക്രിയയിൽ വൻതോതിൽ അഴിമതിയും വഞ്ചനയും അത് മൂടിവയ്ക്കാനുള്ള ശ്രമങ്ങളും നടന്നെന്ന് കോടതി വിമർശിച്ചു. 

അധ്യാപകരുടെ കൂട്ടപ്പിരിച്ചുവിടലിനെതിരെ മമത ബാനർജി സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ശരിയായ രീതിയിൽ നിയമനം കിട്ടിയവരെയും അല്ലാത്തവരെയും വേർതിരിക്കണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടു. നിയമന പ്രക്രിയയിൽ മനഃപൂർവ്വം വീഴ്ച വരുത്തിയെന്ന് ബോധ്യപ്പെട്ടെന്നും അതിനാൽ വേർതിരിക്കൽ അസാധ്യമാണെന്നും കോടതി വ്യക്തമാക്കി. ഒഎംആർ സ്കോറുകളിൽ കൃത്രിമം വരുത്തി,  കമ്മീഷൻ ശുപാർശ ചെയ്യാത്ത ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകി, ഉയർന്ന റാങ്കുള്ളവരേക്കാൾ താഴ്ന്ന റാങ്കുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകി തുടങ്ങിയ കാര്യങ്ങൾ കോടതി ചൂണ്ടിക്കാട്ടി.  

Latest Videos

2016-ൽ  നടന്ന പരീക്ഷ എഴുതിയത് 23 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളാണ്. ഒഴിവുള്ള തസ്തികകളുടെ എണ്ണം 24,640 ആയിരുന്നു. എന്നാൽ 25,753 നിയമന കത്തുകൾ നൽകി. ഈ സൂപ്പർന്യൂമറിക് തസ്തികകൾ അനധികൃത നിയമനത്തിന് ഇടം നൽകിയതായി ആരോപിക്കപ്പെടുന്നു.

അധ്യാപക നിയമനത്തിലെ ക്രമക്കേടുകൾ തൃണമൂൽ കോൺഗ്രസ് സർക്കാരിന് വലിയ വെല്ലുവിളിയായിരുന്നു. മുൻ വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെ നിരവധി നേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടു. സുപ്രീം കോടതി വിധി മമത ബാനർജിക്ക് കനത്ത തിരിച്ചടിയാണെന്ന് മുതിർന്ന ബിജെപി നേതാവ് അമിത് മാളവ്യ പ്രതികരിച്ചു. ആയിരക്കണക്കിന് യുവാക്കളുടെ കരിയർ നശിപ്പിച്ച ഈ വമ്പൻ തട്ടിപ്പിന് നേതൃത്വം നൽകിയത് മുഖ്യമന്ത്രിയാണെന്നും വിചാരണ നേരിടണമെന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കൽ എമർജൻസി കാരണം വിമാനത്തിന്‍റെ അടിയന്തര ലാൻഡിങ്; 200 ഇന്ത്യക്കാർ തുർക്കിയിലെ വിമാനത്താവളത്തിൽ കുടുങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!