വീണ്ടും കേന്ദ്രസർക്കാരിനെ പ്രശംസിച്ച് ശശി തരൂർ; 'വാക്‌സീൻ നയം ഇന്ത്യയെ ലോകനേതൃപദവിയിലേക്ക് ഉയർത്തി'

കൊവിഡ് കാലത്തെ വാക്സീൻ നയത്തിൽ കേന്ദ്രസർക്കാരിനെ പ്രശംസിച്ച് ശശി തരൂർ


ദില്ലി: കേന്ദ്രസർക്കാരിനെ വീണ്ടും പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. കോവിഡ് 19 കാലത്ത് വാക്സീൻ നയം ലോക നേതൃപദവിയിലേക്ക് ഇന്ത്യയെ ഉയർത്തി. നിർണായക സമയത്ത് മറ്റ് ലോകരാഷ്ട്രങ്ങൾ ചെയ്യാത്ത നിലയിൽ 100 ലധികം രാജ്യങ്ങൾക്ക് ഇന്ത്യ വാക്സീൻ നൽകി, സഹായഹസ്‌തം നീട്ടി. ഇതിലൂടെ ലോകരാജ്യങ്ങൾക്ക് ഇന്ത്യ വിശ്വസ്ത സുഹൃത്തായി മാറിയെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ ശശി തരൂർ നിലപാടെടുത്തു. ദി വീക്കിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പ്രശസം. തരൂരിൻ്റെ നിലപാട് സ്വാഗതം ചെയ്ത് ബിജെപി രംഗത്ത് വന്നു. ഈ അഭിപ്രായ പ്രകടനത്തിൻ്റെ പേരിൽ ശശി തരൂരിനെ കോൺഗ്രസ് പുറത്താക്കില്ലെന്ന് കരുതാമെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പുനെവാലെ പ്രതികരിച്ചു.

അമേരിക്കന്‍ സന്ദര്‍ശനത്തിലെ മോദിയുടെ മികവ്, റഷ്യ യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ മോദി സ്വീകരിച്ച നയതന്ത്രം എന്നിവയ്ക്ക് പിന്നാലെയാണ് തരൂര്‍ സ്തുതി ഒടുവില്‍ കേന്ദ്രസര്‍ക്കാരിന്‍റെ വാക്സീന്‍ നയത്തില്‍ എത്തി നില്‍ക്കുന്നത്. പ്രധാനമന്ത്രിയുടെ പേര് എടുത്ത് പറയുന്നില്ലെങ്കിലും ലേഖനത്തില്‍ ഉദ്ദേശം വ്യക്തം. കൊവിഡ് ലോക്ക് ഡൗണിന്‍റെ അഞ്ചാം വാര്‍ഷികത്തിലെഴുതിയ ലേഖനത്തില്‍ ആരോഗ്യ നയതന്ത്രത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ വിശ്വാസ്യതയുള്ള പങ്കാളിയായി മാറിക്കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടുന്നു. നൂറിലധികം രാജ്യങ്ങളില്‍ വാക്സീനെത്തിച്ച് സഹായ ഹസ്തം നീട്ടി. വാക്സീന്‍ മൈത്രിക്ക് 2021 ജനുവരിയില്‍ തുടക്കമിട്ട ഇന്ത്യ വാക്സീന്‍ ആവശ്യമുള്ള ഒരു രാജ്യത്തേയും നിരാശരാക്കിയില്ല. മോദി ആവര്‍ത്തിച്ചിരുന്ന വസുധൈവ കുടുംബകം എന്ന മുദ്രാവാക്യവും, അയല്‍ക്കാരന് ആദ്യമെന്ന നയവും ലേഖനത്തില്‍ തരൂര്‍  ഉയര്‍ത്തിക്കാട്ടുന്നു. ഏത് പ്രതിസന്ധിയിലും വിശ്വസിക്കാവുന്ന ശക്തിയെന്ന മേല്‍വിലാസം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കുക നിസാരമല്ലെന്ന് കൂടി ലേഖനത്തില്‍ തരൂര്‍ പറഞ്ഞ് വയ്ക്കുകയാണ്.

Latest Videos

രാഹുല്‍ ഗാന്ധിയുടെ മോദി വിരുദ്ധതയല്ല രാജ്യതാല്‍പര്യമാണ് വലുതെന്ന് തരൂര്‍ അടിവരയിടുകയാണെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പുനെവാല പ്രതികരിച്ചു. 

click me!