ഗുജറാത്തില്‍ സമരം ചെയ്യുന്ന ആരോ​ഗ്യപ്രവർത്തകർക്കെതിരെ കൂട്ടനടപടി; 2000 പേരെ പിരിച്ചുവിട്ട് സര്‍ക്കാര്‍

ശമ്പളവർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കെതിരെ നടപടിയുമായി ഗുജറാത്ത് സർക്കാർ. 

Gujarat government takes collective action against striking healthcare workers dismisses 2000 staffs

ഗാന്ധിന​ഗർ: ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കെതിരെ നടപടിയുമായി  ഗുജറാത്ത് സർക്കാർ.  ജില്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററുകളിലെയും 2000 ആരോഗ്യപ്രവര്‍ത്തകരെ പരിച്ചുവിട്ടു. എട്ട് ജില്ലകളിൽ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകരെയാണ് പിരിച്ചുവിട്ടത്. മൾട്ടിപർപ്പസ് ഹെൽത്ത് സൂപ്പര്‍വൈസര്‍, വർക്കർ, വനിതാ ഹെൽത്ത് സൂപ്പര്‍വൈസര്‍ വര്‍ക്കര്‍  എന്നീ തസ്‍തികയിലുള്ളവരെയാണ് പിരിച്ചുവിട്ടത്. 

1,000-ത്തിലധികം ജീവനക്കാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് സംസ്ഥാന ആരോഗ്യ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണ ശേഷം ഇവരെയും പിരിച്ചുവിടുമെന്നാണ് സൂചന. ഇപ്പോഴും സമരം ചെയ്യുന്ന  5000ത്തിലധികം ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിട്ടുണ്ട്. മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ, വനിതാ ഹെൽത്ത് വർക്കർ കേഡർ എന്നിവരുടെ നിലവിലെ 1900 ഗ്രേഡ് പേ 2800 ഗ്രേഡ് പേ ആയും മൾട്ടിപർപ്പസ് ഹെൽത്ത് സൂപ്പർവൈസർ, വനിതാ ഹെൽത്ത് സൂപ്പർവൈസർ, ജില്ലാതല സൂപ്പർവൈസർ എന്നിവരുടെ നിലവിലെ 2400 ഗ്രേഡ് പേ 4200 ഗ്രേഡ് പേ ആയും ഉയർത്തണമെന്നാവശ്യപെട്ടാണ് സമരം. എന്നാല്‍ പതിനോന്നു ദിവസമായിട്ടും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ ഇവരെ ക്ഷണിച്ചിട്ടില്ല .  ചർച്ചയില്ലെങ്കില്‍  സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്ന് ഗുജറാത്ത്  ആരോഗ്യ പ്രവർത്തക യൂണിയൻ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

Latest Videos

vuukle one pixel image
click me!