പ്രയാഗ്‌രാജിലെ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് മുപ്പത് പേർ മരിച്ച സംഭവത്തിൽ യുപി സർക്കാരിനെ പിന്തുണച്ച് അഖില ഭാരതീയ അഖാഡ പരിഷത് അധ്യക്ഷൻ മഹന്ത് രവീന്ദർ പുരി മഹരാജ്. എല്ലാവരും ഒരു ഘാട്ടിലേക്ക് എത്തിയതാണ് അപകട കാരണം
ദില്ലി: പ്രയാഗ്‌രാജിലെ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് മുപ്പത് പേർ മരിച്ച സംഭവത്തിൽ യുപി സർക്കാരിനെ പിന്തുണച്ച് അഖില ഭാരതീയ അഖാഡ പരിഷത് അധ്യക്ഷൻ മഹന്ത് രവീന്ദർ പുരി മഹരാജ്. എല്ലാവരും ഒരു ഘാട്ടിലേക്ക് എത്തിയതാണ് അപകട കാരണം. ഇനിമുതൽ എല്ലാവരും ഒരു ഘാട്ടിൽ സ്നാനം നടത്തുന്നത് ഒഴിവാക്കണം. എല്ലാ ഘാട്ടുകളും ഒരുപോലെ പവിത്രമാണ്. മറ്റ് ഘാട്ടുകളിലും സ്നാനം ചെയ്യാം. ജനങ്ങൾ ഇത് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണം. സർക്കാരിന്റെ ഭാഗത്ത് വീഴ്ചകൾ സംഭവിച്ചിട്ടില്ലെന്നും മഹന്ത് രവീന്ദർ പുരി മഹരാജ് ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.
മഹാകുംഭമേളയ്ക്കിടെ മൗനി അമാവാസിയോടനുബന്ധിച്ച് ഉണ്ടായ തിരക്കോടെയാണ് ദുരന്തമുണ്ടായത്. ബാരിക്കേഡ് മറികടക്കാൻ വലിയ ആൾക്കൂട്ടം ശ്രമിച്ചതാണ് അപകട കാരണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു. പുലർച്ചെ ഒരു മണിക്കും രണ്ട് മണിക്കുമിടയിൽ വലിയ ജനക്കൂട്ടമെത്തിച്ചേർന്നു. സജ്ജീകരണങ്ങളെല്ലാം കൃത്യമായിരുന്നു എന്ന് വ്യക്തമാക്കിയ യോഗി ആദിത്യനാഥ് മഹാകുംഭമേളയ്ക്കെത്തുന്ന ഭക്തര്‍ സ്വയം അച്ചടക്കം പാലിക്കണമെന്ന് നേരത്തെ പറഞ്ഞിരുന്നു.
തിരക്കൊഴിവാക്കാൻ സര്‍ക്കാരുമായി സഹകരിക്കണം. ഒപ്പം ഏറ്റവും അടുത്തുള്ള ഘട്ടിൽ മാത്രം സ്നാനം നടത്താൻ ശ്രമിക്കണമെന്നും എല്ലാവരും സംഗമത്തിലേക്ക് പോയി സ്നാനം ചെയ്യാൻ ശ്രമിക്കരുതെന്നും അദ്ദേഹം എക്സിൽ പങ്കുവച്ച കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു. സംഗമ സ്ഥലത്തെ തിരക്ക് ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഇതിനായുള്ള നിയന്ത്രണങ്ങളുമായി സഹകരിക്കണം. മൗനി അമാവാസിയുമായി ബന്ധപ്പെട്ട് അഭൂതപൂര്‍വമായ തിരക്കാണ് കുംഭമേളയിൽ അനുഭവപ്പെടുന്നത്.
27 വർഷം മുമ്പ് കാണാതായ ആൾ കുംഭമേളയിൽ സന്യാസി; തിരിച്ചറിഞ്ഞ് കുടുംബം