24 കളിയില്‍ ബെംഗളൂരു 40ഗോള്‍ നേടിയപ്പോള്‍, 31 ഗോള്‍ വഴങ്ങി. മുംബൈ 29 ഗോള്‍ കൊടുത്തപ്പോള്‍ തിരിച്ചുകിട്ടിയത് 28 ഗോള്‍.
ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ബെംഗളൂരു എഫ്‌സി വൈകിട്ട് ഏഴരയ്ക്ക് മുംബൈ സിറ്റിയെ നേരിടും. ജീവന്‍മരണ പോരാട്ടമാണ്. ജയിച്ചാല്‍ സമിഫൈനലിലേക്ക് മുന്നേറാം. അടി തറ്റിയാല്‍ പുറത്തേക്ക്. ലീഗ് റൗണ്ടിലെ പോയിന്റ് പട്ടികയില്‍ മുംബൈയെക്കാള്‍ മുന്നില്‍ എത്തിയതിനാല്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇറങ്ങുന്നതിന്റെ ആനുകൂല്യം ബെംഗളുരുവിന്. അവസാന മത്സരത്തില്‍ ബെംഗളൂരുവിന്റെ ഹോംഗ്രൗണ്ടില്‍ രണ്ട് ഗോളിന് ജയിച്ച് പ്ലേ ഓഫ് ഉറപ്പിച്ച ആത്മവിശ്വാസത്തില്‍ മുംബൈ സിറ്റി.
24 കളിയില്‍ ബെംഗളൂരു 40ഗോള്‍ നേടിയപ്പോള്‍, 31 ഗോള്‍ വഴങ്ങി. മുംബൈ 29 ഗോള്‍ കൊടുത്തപ്പോള്‍ തിരിച്ചുകിട്ടിയത് 28 ഗോള്‍. അവസാന അഞ്ച് നേര്‍ക്കുനേര്‍ പോരില്‍ നാലിലും ജയം മുംബൈയ്‌ക്കൊപ്പം. ബെംഗളുരു സീസണില്‍ 12 പന്ത്രണ്ട് ഗോള്‍ നേടിയ സുനില്‍ ഛെത്രിയുടെ ബൂട്ടുകളിലേക്ക് ഉറ്റുനോക്കുമ്പോള്‍ പരിക്കേറ്റ നായകന്‍ ലാലിയന്‍ സുവലാചാംഗ്‌തെയുടെ അഭാവം മുംബൈയ്ക്ക് തിരിച്ചടിയാവും. ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, വിക്രംപ്രതാപ് സിംഗ്, ബിപിന്‍ സിംഗ്, യോര്‍ഗെ ഓര്‍ട്ടിസ് എന്നിവരിലാണ് മുംബൈയുടെ പ്രതീക്ഷ.
മുംബൈയും ബെംഗളുരുവും മുഖാമുഖം വരുന്ന പത്തൊന്‍പതാമത്തെ മത്സരം. മുംബൈ പത്തിലും ബെംഗളൂരു ആറിലും ജയിച്ചു. രണ്ടുമത്സരം സമനിലയില്‍. ഇന്നത്തെ പ്ലേ ഓഫില്‍ ജയിക്കുന്നവര്‍ ബുധനാഴ്ചത്തെ ആദ്യസെമിയില്‍ എഫ് സി ഗോവയെ നേരിടും.