താൻ ഈ വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ച് രണ്ടു തവണ സീമ വിനീത് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു
തന്റെയും പ്രതിശ്രുത വരൻ നിഷാന്തിന്റെയും വിവാഹം അടുത്ത വർഷം ജൂലൈയിൽ ഉണ്ടാകുമെന്ന് മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്‍വുമണുമായ സീമ വിനീത്. നാലു വർഷമായി തങ്ങൾ സുഹൃത്തുക്കളാണെന്നും ഒരു നിമിഷത്തില്‍ വിവാഹം കഴിച്ചാലോ എന്ന് തന്നോട് നിഷാന്ത് ചോദിക്കുകയായിരുന്നു എന്നും ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ സീമ പറഞ്ഞു.
താൻ ഈ വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ച് രണ്ടു തവണ സീമ വിനീത് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. എന്നാൽ രണ്ട് തവണയും സീമ പോസ്റ്റ് പിൻവലിക്കുകയാണുണ്ടായത്. പങ്കാളി തന്നെ ജെൻഡർ അധിക്ഷേപം ചെയ്തു എന്നുൾപ്പെടെ ആരോപിച്ചായിരുന്നു സീമയുടെ രണ്ടാമത്തെ പോസ്റ്റ്. എന്നാൽ ഇതെല്ലാം തന്റെ എടുത്തുചാട്ടം ആയിരുന്നു എന്നും ചില തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടെന്നും സീമ അഭിമുഖത്തിൽ പറഞ്ഞു.
''എനിക്കും നിഷാന്തിനും ചെറിയ എടുത്തുചാട്ടമുണ്ട്. കുറച്ചു കഴിയുമ്പോഴാണ് അതേപ്പറ്റി ഞങ്ങൾ ഓര്‍ക്കുക. എന്റെ കാര്യത്തില്‍ ഇതുവരെയുള്ള തീരുമാനങ്ങള്‍ എന്റേതു മാത്രമാണ്. ചിലതു തെറ്റിപോകാറുണ്ട്. മറ്റു ചിലതു വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അത് വ്യക്തിബന്ധങ്ങളിലോ, മറ്റു വിഷയങ്ങളിലോ ആകാം. മനുഷ്യജീവിതം കുറച്ചു നാളുകള്‍ മാത്രമാണ്. ചില തെറ്റുകള്‍ ക്ഷമിച്ചാൽ, വിജയകരമായി മുന്നോട്ടു പോകാന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം'', സീമ വിനീത് അഭിമുഖത്തിൽ പറഞ്ഞു.
''ചില സമയത്ത് അദ്ദേഹത്തിന്റെ ചില പെരുമാറ്റം വേദനിപ്പിക്കാറുണ്ട്. പുള്ളി അത് അറിഞ്ഞുകാെണ്ട് ചെയ്യുന്നതല്ല. പക്ഷെ ട്രാൻസ് വ്യക്തികൾക്കൊപ്പം അത്രയൊന്നും ഇടപഴകിയ ആളോ അവരെക്കുറിച്ച് അധികം അറിയുന്ന ആളോ അല്ല അദ്ദേഹം. നമ്മളെപ്പോലെ ഒരാളുടെ കെെപിടിച്ച് നടക്കാൻ തയ്യാറായ മനുഷ്യനെന്ന നിലയിൽ പുള്ളിയോട് വളരെയധികം ബഹുമാനമുണ്ട്'', സീമ വിനീത് കൂട്ടിച്ചേർത്തു.
ALSO READ : പ്രണയാര്‍ദ്രം ഈ 'അഭിലാഷം'; റിവ്യൂ