'ഇനി ഇവിടെ ഞാൻ മതി'; രാജസ്ഥാനെ കരകയറ്റാൻ നായകനായി സഞ്ജു തിരിച്ചുവരുന്നു, ബിസിസിഐയുടെ ക്ലിയറൻസ് ലഭിച്ചു

അനുമതി ലഭിച്ചതോടെ നായകനായും കീപ്പറായും സഞ്ജു രാജസ്ഥാൻ നിരയിൽ ഇനി മുഴുനീളമുണ്ടാകും. 

Sanju Samson cleared by BCCI CoE to keep wickets set to return as Rajasthan Royals captain

മുംബൈ: രാജസ്ഥാൻ റോയൽസ് ആരാധകര്‍ കാത്തിരുന്ന വാര്‍ത്തയെത്തി. നായക സ്ഥാനത്തേയ്ക്ക് മലയാളി താരം സഞ്ജു സാംസൺ തിരിച്ചുവരുന്നു. കൈ വിരലിലെ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ സഞ്ജുവിന് ഈ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ ബാറ്ററുടെ റോൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സഞ്ജുവിന് ഭാഗികമായ അനുമതി മാത്രമായിരുന്നു ബിസിസിഐയിൽ നിന്ന് ലഭിച്ചത്. എന്നാൽ, ഇപ്പോൾ ഇതാ വിക്കറ്റ് കീപ്പിംഗ് ചുമതലകൾ കൂടി ഏറ്റെടുക്കാൻ സഞ്ജുവിന് ബിസിസിഐ സെന്റര്‍ ഓഫ് എക്സലൻസിന്റെ അനുമതി ലഭിച്ചിരിക്കുകയാണ്. ഇതോടെ നായകനായും കീപ്പറായും സഞ്ജു രാജസ്ഥാൻ നിരയിൽ മുഴുനീളമുണ്ടാകും. 

സെന്റ‍ര്‍ ഓഫ് എക്സലൻസിയുടെ ക്ലിയറൻസിനായി സഞ്ജു ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഗുവാഹത്തിയിൽ നിന്ന് ബെംഗളൂരുവിലെത്തിയിരുന്നു. സഞ്ജു അവസാനവട്ട ഫിറ്റ്നസ് ടെസ്റ്റ് പൂര്‍ത്തിയാക്കിയെന്നും അദ്ദേഹത്തിന് വിക്കറ്റ് കീപ്പിംഗിനും ഫീൽഡിംഗിനുമുള്ള അനുമതി സെന്റര്‍ ഓഫ് എക്സലൻസിന്റെ മെഡിക്കൽ ടീമിൽ നിന്ന് ലഭിച്ചെന്നും ബിസിസിഐയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ഏപ്രിൽ 5ന് പഞ്ചാബ് കിംഗ്സിനെതിരെ നടക്കുന്ന മത്സരത്തിൽ സഞ്ജു രാജസ്ഥാനെ നയിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. 

Latest Videos

ആദ്യ മൂന്ന് മത്സരങ്ങളിൽ സഞ്ജുവിന് ബാറ്റ് ചെയ്യാൻ മാത്രമാണ് അനുമതി ലഭിച്ചിരുന്നത്. ഈ സാഹചര്യത്തിൽ റിയാൻ പരാഗാണ് രാജസ്ഥാനെ നയിച്ചത്. എന്നാൽ, ആദ്യത്തെ രണ്ട് മത്സരങ്ങളിലും രാജസ്ഥാൻ പരാജയപ്പെട്ടാണ് തുടങ്ങിയത്. മൂന്നാം മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പരാജയപ്പെടുത്തിയെങ്കിലും പോയിന്റ് പട്ടികയിൽ രാജസ്ഥാൻ 9-ാം സ്ഥാനത്താണ്. ആദ്യ മത്സരത്തിൽ 66 റൺസുമായി സഞ്ജു തിളങ്ങിയിരുന്നു. എന്നാൽ, രണ്ടാം മത്സരത്തിൽ 13ഉം മൂന്നാം മത്സരത്തിൽ 20 റൺസും മാത്രമേ താരത്തിന് നേടാനായുള്ളൂ. പരിക്കിൽ നിന്ന് പൂര്‍ണമുക്തനായി സഞ്‍ജു കളിക്കളത്തിലേയ്ക്ക് മടങ്ങിയെത്തുമ്പോൾ രാജസ്ഥാൻ വരും മത്സരങ്ങളിൽ മികച്ച പ്രകടനം തന്നെ പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

READ MORE: രാജസ്ഥാന് തലവേദനയായി യുവതാരത്തിന്റെ മോശം പ്രകടനം; ഇനി ഫോമായില്ലെങ്കിൽ പണി പാളും

vuukle one pixel image
click me!