ഇപ്പോൾ അഞ്ചാം മാസം കഴിയാനായെന്നും വളകാപ്പു ചടങ്ങുകൾ ആചാരമനുസരിച്ച് നടത്തുമെന്നും ദിയ കൃഷ്ണ.
സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടൻ കൃഷ്ണ കുമാറും കുടുംബവും. അടുത്തിടെ ആയിരുന്നു കൃഷ്ണകുമാറിന്റെ നാല് മക്കളിൽ രണ്ടാമത്തെ മകളായ ദിയ കൃഷ്ണയുടെ വിവാഹം. ഇപ്പോൾ കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് ദിയയുടെയും ഭർത്താവ് അശ്വിന്റെയും കുടുംബം. ഇപ്പോഴിതാ തന്റെ ഗർഭകാല വിശേഷങ്ങളെക്കുറിച്ചും ബേബി മൂൺ പ്ലാനിങ്ങിനെക്കുറിച്ചും സംസാരിക്കുകയാണ് ദിയ. ഒരു ഓൺലൈൻ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു ദിയയും അശ്വിനും.
ഇപ്പോൾ അഞ്ചാം മാസം കഴിയാനായെന്നും വളകാപ്പു ചടങ്ങുകൾ ആചാരമനുസരിച്ച് നടത്തുമെന്നും ദിയ കൃഷ്ണ അറിയിച്ചു. മെയ് മാസത്തിലാകും വളകാപ്പെന്നും തിരുവനന്തപുരത്തു വെച്ചു തന്നെയായിരിക്കും ചടങ്ങുകളെന്നും ദിയ പറഞ്ഞു. പെൺകുട്ടി വേണമെന്നാണ് ആഗ്രഹമെന്നും അങ്ങനെയാണെങ്കിൽ തന്റെ മിനിയേച്ചർ ഡ്രസുകളൊക്കെ ധരിപ്പിക്കാമല്ലോ എന്നും താരം പറഞ്ഞു. എങ്കിലും ആണായാലും പെണ്ണായാലും കുഴപ്പമില്ലെന്നും താരം കൂട്ടിച്ചേർത്തു. ''ആദ്യത്തെ മൂന്നു മാസം ട്രിപ്പിലായിരുന്നു ഞാൻ ജീവിച്ചിരുന്നത്. ഇപ്പോൾ ചൂടു മാത്രമാണ് പ്രശ്നം, വേറെ കുഴപ്പമൊന്നുമില്ല'', എന്നും ദിയ പറഞ്ഞു.
ബേബി മൂൺ മിക്കവാറും മാലിദ്വീപിൽ വെച്ചായിരിക്കും എന്നും ദിയ അറിയിച്ചു. അമ്മ സിന്ധു കൃഷ്ണ നിർദേശിക്കുന്ന പേരുകളിൽ നിന്നും തങ്ങൾക്കിഷ്ടപ്പെടുന്ന പേരായിരിക്കും കുഞ്ഞിന് ഇടുക എന്ന കാര്യവും ഇരുവരും ആവർത്തിച്ചു. അക്കാര്യത്തിൽ തങ്ങളായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്നും ഇതിന്റെ പേരിൽ പ്രശ്നം ഉണ്ടാക്കരുത് എന്നുമായിരുന്നു അശ്വിന്റെ മറുപടി.
മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് ഗർഭകാല സംബന്ധമായ ബുദ്ധിമുട്ടുകളെല്ലാം മാറിത്തുടങ്ങിയതെന്നും അതുവരെ മിക്ക ദിവസങ്ങളിലും കരച്ചിൽ ആയിരുന്നു എന്നും ദിയ മുൻപ് പറഞ്ഞിരുന്നു. മാനസികമായും ശാരീരികമായും കുറേയേറെ മാറ്റങ്ങളായിരുന്നു. അതൊന്നും അഡ്ജസ്റ്റ് ചെയ്യാന് പറ്റിയിരുന്നില്ല. ഇനി പഴയത് പോലെയൊരു ജീവിതം പറ്റില്ലേ എന്നൊക്കെ വിചാരിച്ചിരുന്നു എന്നും ദിയ വ്ളോഗിലൂടെ പറഞ്ഞിരുന്നു.