ഇതിനകം അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച മാര്‍ക്കറ്റുകളില്‍ നിന്നുള്ള ആദ്യ സംഖ്യ
മലയാളി സിനിമാപ്രേമികള്‍ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. ലൂസിഫറിന്‍റെ വിജയത്തിന് പിന്നാലെയുള്ള പ്രഖ്യാപനം മുതല്‍ വര്‍ഷങ്ങളായി ആരാധകര്‍ കാത്തിരിക്കുന്ന ആ ദിവസം മാര്‍ച്ച് 27 നാണ്. അന്നാണ് ബഹുഭാഷകളില്‍ ചിത്രത്തിന്‍റെ ആഗോള റിലീസ്. സമീപകാലത്ത് മലയാള സിനിമയില്‍ നിന്ന് ഇത്രയധികം പ്രീ റിലീസ് ഹൈപ്പോടെ ഒരു ചിത്രം എത്തിയിട്ടില്ല എന്നത് ഉറപ്പാണ്. എന്നാല്‍ ഈ ഓവര്‍ ഹൈപ്പ് ബോക്സ് ഓഫീസില്‍ ചിത്രത്തെ എത്രത്തോളം സഹായിക്കും? ഇപ്പോഴിതാ എമ്പുരാന്‍റെ ഏറ്റവും ആദ്യത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തെത്തിയിരിക്കുകയാണ്.
ഇതിനകം അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച നോര്‍ത്ത് അമേരിക്കയില്‍ നിന്നുള്ള കളക്ഷന്‍ റിപ്പോര്‍ട്ട് ആണ് ആദ്യമായി പുറത്തെത്തിയിരിക്കുന്നത്. ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് യുഎസിലെ 16 ഷോകളില്‍ നിന്ന് ചിത്രം നിലവില്‍ വിറ്റിരിക്കുന്നത് 735 ടിക്കറ്റുകളാണ്. കാനഡയിലെ 24 ഷോകളില്‍ നിന്ന് 3253 ടിക്കറ്റുകളിലും. കാനഡ തിയറ്ററുകളിലെ ഓണ്‍ലൈന്‍ ബുക്കിംഗിന്‍റെ സ്ക്രീന്‍ ഷോട്ടുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 11 ലൊക്കേഷനുകളിലായാണ് 40 ഷോകള്‍. ഇതില്‍ നിന്നായി ചിത്രം ഇതിനകം 101,000 ഡോളര്‍ നേടി എന്നാണ് കണക്കുകള്‍. ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ 87.7 ലക്ഷം രൂപയാണ് നോര്‍ത്ത് അമേരിക്കയില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത്.
ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് ഏറ്റവും വേഗത്തില്‍ ഒരു ലക്ഷം ഡോളര്‍ കളക്ഷന്‍ പിന്നിടുന്ന ചിത്രമായിരിക്കുകയാണ് ഇതിലൂടെ എമ്പുരാന്‍. റിലീസിന് ഇനിയും 10 ദിനങ്ങള്‍ കൂടി അവശേഷിക്കുന്നതിനാല്‍ അഡ്വാന്‍സ് ബുക്കിംഗില്‍ത്തന്നെ ചിത്രം പണം വാരാനാണ് സാധ്യത. അതേസമയം കേരളത്തിലെ ബുക്കിംഗ് എപ്പോള്‍ തുടങ്ങുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
ALSO READ : വേറിട്ട വേഷത്തില്‍ മണികണ്ഠന്‍; 'രണ്ടാം മുഖം' ഏപ്രിലില്‍