യാഷ് നായകനായി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് റിലീസ് പ്രഖ്യാപിച്ചു.
കൊച്ചി: കെജിഎഫിന് ശേഷം യാഷ് നായകനായി എത്തുന്ന ചിത്രമാണ് ടോക്സിക്. "ടോക്സിക്" ഇംഗ്ലീഷിലും ഒരു ഇന്ത്യൻ ഭാഷയിലും ആശയവൽക്കരിക്കുകയും എഴുതുകയും ചിത്രീകരിക്കുകയും ചെയ്യുന്ന ആദ്യത്തെ ബിഗ് ബജറ്റ് ഇന്ത്യൻ ചിത്രമായി മാറും എന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു. ഇപ്പോള്‍ ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച് അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
2026 മാര്‍ച്ച് 19നാണ് ചിത്രം റിലീസ് ചെയ്യാന്‍ പോകുന്നത് എന്നാണ് അണിയറക്കാര്‍ പുറത്തുവിട്ട പോസ്റ്ററില്‍ പറയുന്നത്. റിലീസിന് മുന്നോടിയായി ടോക്സിക്കിന്റെ നിർമ്മാതാക്കൾ രാജ്യവ്യാപകമായി ഒരു പ്രമോഷണൽ ടൂർ ആസൂത്രണം ചെയ്യുന്നു എന്നും വിവരമുണ്ട്. യാഷ് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ ആരാധകരുമായി സംവദിക്കും എന്നാണ് വിവരം.
ഈ ടൂറിൽ ഗ്രാൻഡ് ഫാൻ ഇവന്റുകളും ഉണ്ടാകും എന്നാണ് വിവരം. ചിത്രത്തിന്‍റെ ടീസറും ട്രെയിലറും അടക്കം വന്‍ ഈവന്‍റുകളായി പുറത്തുവിടും എന്നാണ് വിവരം. ഇംഗ്ലീഷിന് പുറമേ കന്നഡയിലാണ് ചിത്രം ചിത്രീകരിക്കുന്നത്, ആഗോള ചലച്ചിത്രാനുഭവമായി ടോക്സിക് മാറ്റാനാണ് ഇത്തരം ഒരു ശ്രമം. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നിവയുൾപ്പെടെ വിവിധ ഇന്ത്യൻ, അന്തർദേശീയ ഭാഷകളിൽ ചിത്രം ഡബ്ബ് ചെയ്യും.
ഗീതു മോഹൻദാസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന യാഷിന്റെ "ടോക്സിക്" ക്രോസ്-കൾച്ചറൽ കഥപറച്ചില്‍ രീതിയിലാണ് ഒരുങ്ങുന്നത് എന്നാണ് വിവരം.
കെവിഎൻ പ്രൊഡക്ഷൻസും യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് വെങ്കട്ട് നാരായണ നിർമ്മിച്ച ടോക്സിക് എന്ന ചിത്രം ഒരു ആഗോള സിനിമാറ്റിക് അനുഭവമായിരിക്കും എന്നാണ് അണിയറക്കാരുടെ അവകാശവാദം. ബോക്സ് ഓഫീസ് പ്രതിഭാസമായ യാഷും സൺഡാൻസ് ഫിലിം ഫെസ്റ്റിവൽ, ടൊറന്റോ ഫിലിം ഫെസ്റ്റിവൽ എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകളിൽ അവാർഡ് ലഭിച്ച ഗീതു മോഹൻദാസും തമ്മിലുള്ള സഹകരണം പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാണുന്നത്.
ജോൺ വിക്ക്, ഫാസ്റ്റ് & ഫ്യൂരിയസ് ഫ്രാഞ്ചൈസികളിലെ പ്രവർത്തനത്തിന് പേരുകേട്ട ജെജെ പെറിയുടെ ആക്ഷൻ സീക്വൻസുകളും, ഡ്യൂൺ 2വിന്‍റെ സ്പെഷ്യൽ വിഷ്വൽ ഇഫക്റ്റുകള്‍ ചെയ്ത ടീമീന്‍റെ സഹകരണവും ചിത്രത്തിന് അന്താരാഷ്ട്ര മാനം നല്‍കുന്നു.
ജനുവരിയില്‍ യാഷിന്റെ ജന്മദിനത്തിൽ "ടോക്സിക്" ലോകത്തേക്ക് ഒരു നേർക്കാഴ്ച എന്ന പേരില്‍ യാഷിന്‍റെ "ബര്‍ത്ത് ഡേ പീക്ക്" ചിത്രത്തിന്‍റെ അണിയറക്കാര്‍ പുറത്തിറക്കിയിരുന്നു. ടീസർ ആവേശം സൃഷ്ടിച്ചിരുന്നു. ചിത്രം 2024 ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിച്ചു. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ
മുടക്കുന്നത് 200 കോടി; ഗീതു മോഹന്‍ദാസിന്‍റെ 'ടോക്സിക്' പാന്‍ ഇന്ത്യ അല്ല ! അതുക്കും മേലെ
13 മണിക്കൂറില്‍ 'പുഷ്പയെ' മലര്‍ത്തിയടിച്ച് 'റോക്കിംഗ് സ്റ്റാര്‍' യാഷ്: ടോക്സിക്കിന് പുതിയ റെക്കോഡ്!