ഓസ്‌കാർ ജേതാവായ "നോ അദർ ലാൻഡ്" ഡോക്യുമെന്‍ററിയുടെ പലസ്തീൻ സഹസംവിധായകൻ ഹംദാൻ ബല്ലാൽ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തു. കുടിയേറ്റക്കാർ ആക്രമിച്ചതിനാണ് അറസ്റ്റ് എന്നാണ് വിവരം.
ജറുസലേം: ഓസ്കാർ പുരസ്കാരം നേടിയ "നോ അദർ ലാൻഡ്" എന്ന ഡോക്യുമെന്‍ററിയുടെ പലസ്തീൻ സഹസംവിധായകന്‍ ഹംദാൻ ബല്ലാലിനെ തിങ്കളാഴ്ച വെസ്റ്റ് ബാങ്കിൽ വെച്ച് ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തു. കുടിയേറ്റക്കാർ ആക്രമിച്ചതിനാണ് അറസ്റ്റ് ചെയ്തത് എന്നാണ് സഹസംവിധായകൻ യുവാൽ എബ്രഹാം പറയുന്നത്.
എക്‌സിലെ ഒരു പോസ്റ്റിൽ, ഒരു "കുടിയേറ്റക്കാരുടെ സംഘം" ബല്ലാലിനെ ആക്രമിച്ചതായി അബ്രഹാം പറഞ്ഞു. "അവർ അദ്ദേഹത്തെ മർദ്ദിച്ചു, തലയിലും വയറ്റിലും പരിക്കേറ്റു, രക്തസ്രാവമുണ്ടായിരുന്നു. അദ്ദേഹം വിളിച്ച ആംബുലൻസിൽ പട്ടാളക്കാർ അതിക്രമിച്ചു കയറി അദ്ദേഹത്തെ കൊണ്ടുപോയി. അതിനുശേഷം അദ്ദേഹത്തിന്റെ ഒരു സൂചനയും ലഭിച്ചില്ല" അബ്രഹാം എഴുതി.
സംഭവങ്ങൾ നേരിട്ട് ചിത്രീകരിച്ചതായി അധിനിവേശ വിരുദ്ധ എൻജിഒ സെന്റർ ഫോർ ജൂത നോൺവയലൻസ് പറഞ്ഞു. തെക്കൻ വെസ്റ്റ് ബാങ്കിലെ സുസിയ ഗ്രാമത്തിലാണ് സംഭവം നടന്നത്.
എഎഫ്‌പി സംഭവത്തില്‍ വിശദീകരണം ആരാഞ്ഞപ്പോള്‍ വിവരങ്ങൾ പരിശോധിക്കുകയാണ് എന്നാണ് ഇസ്രയേല്‍ സൈന്യം അറിയിച്ചത്.
1967 മുതൽ വെസ്റ്റ് ബാങ്കിലേക്ക് ഇസ്രയേല്‍ കുടിയേറ്റം നടക്കുന്നുണ്ട്. ഇസ്രായേൽ-പലസ്തീൻ സംയുക്ത സംരംഭമായി ഒരുക്കിയ "നോ അദർ ലാൻഡ്", ഈ വർഷത്തെ അക്കാദമി അവാർഡുകളിൽ മികച്ച ഡോക്യുമെന്‍ററിക്കുള്ള പുരസ്കാരം നേടിയിരുന്നു.
ബാസൽ അദ്ര, ഹംദാൻ ബല്ലാൽ, യുവാൽ എബ്രഹാം, റേച്ചൽ സോർ എന്നിവര്‍ ചേര്‍ന്നാണ് ഡോക്യുമെന്‍ററി സംവിധാനം ചെയ്തത്. മസാഫർ യാട്ടയ്ക്ക് സമീപമുള്ള സ്ഥലത്ത് ചിത്രീകരിച്ച ഈ ഡോക്യുമെന്ററി, നിർബന്ധിത കുടിയിറക്കവുമായി മല്ലിടുന്ന ഒരു യുവ പലസ്തീനിയന്‍റെ ജീവിതമാണ് കാണിക്കുന്നത്.
1980 കളിൽ ഇസ്രായേൽ സൈന്യം മസാഫർ യാട്ടയെ ഒരു നിയന്ത്രിത സൈനിക മേഖലയായി പ്രഖ്യാപിച്ചിരുന്നു.
2024-ലെ ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അടക്കം നിരവധി അന്താരാഷ്ട്ര അവാർഡുകൾ "നോ അദർ ലാൻഡ്" നേടിയിട്ടുണ്ട്. ഇസ്രായേലിലും വിദേശത്തും ഈ ഡോക്യുമെന്‍ററി പ്രതിഷേധത്തിന് ഇടയാക്കിയിയിരുന്നു.