'മലൈക്കോട്ടൈ വാലിബനി'ലെ അടുത്ത കാസ്റ്റിംഗ്; 'ചെകുത്താന്‍ ലാസര്‍' മോഹന്‍ലാലിനൊപ്പം

By Web Team  |  First Published Jan 27, 2023, 10:42 PM IST

മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും ചിത്രത്തിലുണ്ട്


മലയാളത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പ്രോജക്റ്റുകളില്‍ മലൈക്കോട്ടൈ വാലിബനോളം ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള ഒരു ചിത്രം ഉണ്ടാവില്ല. പുതുനിര സംവിധായകരില്‍ പറയുന്ന വിഷയങ്ങള്‍ കൊണ്ടും ആഖ്യാനശൈലി കൊണ്ടും തന്‍റേതായ വഴി വെട്ടിയ ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മോഹന്‍ലാലിനെ നായകനാക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ യുഎസ്‍പി. ജനുവരി 18 ന് രാജസ്ഥാനില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ടൈറ്റില്‍ അല്ലാതെ മറ്റ് വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത് ആരൊക്കെയാണെന്നതും അങ്ങനെതന്നെ. എന്നാല്‍ ചിത്രത്തിന്‍റെ ഭാഗമായ താരങ്ങളില്‍ ചിലര്‍ സ്വന്തം നിലയില്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും അക്കാര്യം അറിയിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു താരവും ഈ ചിത്രത്തിന്‍റെ ഭാഗമാവുന്ന കാര്യം അറിയിച്ചിരിക്കുകയാണ്.

ആട് 2 ലെ ചെകുത്താന്‍ ലാസറിനെ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയ ഹരിപ്രശാന്ത് വര്‍മ്മയാണ് മോഹന്‍ലാലിനൊപ്പം ചിത്രത്തിന്‍റെ ഭാഗമാവുന്ന കാര്യം അറിയിച്ചിരിക്കുന്നത്. ഞാന്‍ സിനിമ കാണാന്‍ ആരംഭിച്ചതിന് തന്നെ കാരണം ഈ മനുഷ്യനാണ്. അന്നുമുതലേ ഞാന്‍ ബഹുമാനിക്കുന്നയാള്‍. ഈ ഇതിഹാസത്തിനൊപ്പം സ്ക്രീന്‍ പങ്കിടാന്‍ എനിക്ക് അവസരം നല്‍കിയ ദൈവത്തിനും മലൈക്കോട്ടൈ വാലിബന്‍റെ മുഴുവന്‍ അണിയറ പ്രവര്‍ത്തകര്‍ക്കും എന്‍റെ നന്ദി, മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഹരിപ്രശാന്ത് സമൂഹമാധ്യമത്തില്‍ കുറിച്ചു.

Latest Videos

ALSO READ : 'മമ്മൂട്ടി സാര്‍ ഗംഭീരം'; നന്‍പകലിനെക്കുറിച്ച് കാര്‍ത്തിക് സുബ്ബരാജ്

രാജസ്ഥാനിൽ പൂർണമായും ചിത്രീകരിക്കുന്ന സിനിമയില്‍ മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യൻ സിനിമയിലെ പല പ്രഗത്ഭതാരങ്ങളും അഭിനയിക്കുന്നുണ്ടെന്നാണ് അണിയറക്കാരില്‍ നിന്ന് ലഭിക്കുന്ന വിവരം. അതേസമയം കമല്‍ ഹാസനും റിഷഭ് ഷെട്ടിയും ചിത്രത്തിന്‍റെ ഭാഗമാകുമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണം ഉണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

click me!