എമ്പുരാൻ റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് മോഹൻലാൽ അയ്യപ്പനെ കാണാൻ എത്തിയിരിക്കുന്നത്.
ശബരിമല ദർശനം നടത്തി നടൻ മോഹൻലാൽ. സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ശബരിമലയിൽ എത്തിയത്. മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാൻ റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് മോഹൻലാൽ അയ്യപ്പനെ കാണാൻ എത്തിയിരിക്കുന്നത്. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.
പമ്പയില്‍ എത്തിയ മോഹന്‍ലാല്‍ ഇരുമുടി കെട്ടി മല ചവിട്ടുകയായിരുന്നു. ഒന്നര മണിക്കൂര്‍ കൊണ്ടാണ് താരം സന്നിധാനത്ത് എത്തിയത്. ഭക്തരുടെ തിരക്ക് ഉണ്ടായിരുന്നുവെങ്കിലും ദര്‍ശനം നടത്തിയ അദ്ദേഹം തന്ത്രിയുമായും കൂടിക്കാഴ്ച നടത്തി. ദേവസ്വം എക്സിക്യൂട്ടീവ് അംഗങ്ങള്‍ അടക്കം മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു. നാളെ രാവിലെ നിര്‍മാല്യം കൂടി തൊഴുത ശേഷമാകും നടന്‍ മലയിറങ്ങുക.
ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് നിർമ്മിച്ച മോഹൻലാൽ ചിത്രം എമ്പുരാൻ മാർച്ച് 27ന് തിയറ്ററുകളില്‍ എത്തും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ ഗെയിം ഓഫ് ത്രോൺസിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നൽകിയത് ഒരു ഇന്റർനാഷണൽ അപ്പീലാണ്.
എമ്പുരാൻ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ; പടം 6 മണിക്ക് മുൻപ് എത്തിക്കാൻ ശ്രമം; ഗോകുലം ഗോപാലൻ
2023 ഒക്ടോബർ 5 ന് ഫരീദാബാദിൽ ചിത്രീകരണം ആരംഭിച്ച എമ്പുരാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യു കെ, യുഎഇ , ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ആയാണ് ഒരുക്കിയത്. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് കാമറ ചലിപ്പിച്ചത് സുജിത് വാസുദേവും, എഡിറ്റിംഗ് നിർവഹിച്ചത് അഖിലേഷ് മോഹനുമാണ്. മോഹൻദാസ് കലാസംവിധാനം നിർവഹിച്ച ചിത്രത്തിന് ആക്ഷൻ ഒരുക്കിയത് സ്റ്റണ്ട് സിൽവയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..