ദ്രാവിഡ് സാര്‍ എക്കാലത്തും രാജസ്ഥാന്‍ റോയല്‍സിന്‍റെ കുടുംബാംഗമായിരുന്നു. അദ്ദേഹം തിരിച്ചെത്തിയതില്‍ സന്തോഷം.
ജയ്പൂര്‍: കരിയറില്‍ വഴിത്തിരിവായ നിമിഷത്തെക്കുറിച്ച് ഓര്‍ത്തെടുത്ത് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ മലയാളി താരം സഞ്ജു സാംസണ്‍. 2013ല്‍ ആദ്യമായി രാജസ്ഥാന്‍ റോയല്‍സില്‍ ട്രയല്‍സിനെത്തിയപ്പോഴാണ് ടീം ക്യാപ്റ്റനായ രാഹുല്‍ ദ്രാവിഡ് തന്നോട് ആ ചോദ്യം ചോദിച്ചതെന്നും സഞ്ജു ജിയോ ഹോട്സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
2013ല്‍ രാജസ്ഥാന്‍ റോയല്‍സില്‍ ട്രയല്‍സിനെത്തിയതായിരുന്നു ഞാന്‍. പുതിയ പ്രതിഭകളെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു രാജസ്ഥാനും ദ്രാവിഡ് സാറും. ആ സമയം നെറ്റ്സില്‍ എന്‍റെ ബാറ്റിംഗ് കണ്ട രാഹുല്‍ ദ്രാവിഡ് എന്‍റെ അടുത്തുവന്ന് ചോദിച്ചു, എന്‍റെ ടീമിനായി കളിക്കാമോ എന്ന്. ആ ദിവസം മുതല്‍ ഇന്നുവരെ എല്ലാം ഒരു സ്വപ്നം പോലെയാണ് എനിക്ക് തോന്നുന്നത്. അന്നത്തെ ആ ടീമിന്‍റെ ക്യാപ്റ്റനാണ് ഞാനിന്ന്. രാഹുല്‍ സാര്‍ വര്‍ഷങ്ങള്‍ക്കുശേഷം ആ ടീമിന്‍റെ പരിശീലകനായും തിരിച്ചെത്തിയിരിക്കുന്നു.
ദ്രാവിഡ് സാര്‍ എക്കാലത്തും രാജസ്ഥാന്‍ റോയല്‍സിന്‍റെ കുടുംബാംഗമായിരുന്നു. അദ്ദേഹം തിരിച്ചെത്തിയതില്‍ സന്തോഷം. അദ്ദേഹം കോച്ചും ഞാന്‍ ക്യാപ്റ്റനുമാണെന്നത് അതിയായ സന്തോഷം നല്‍കുന്നകാര്യമാണ്. വരും വര്‍ഷങ്ങളില്‍ അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനാവുമെന്നും സഞ്ജു പറഞ്ഞു. 2012ലും 2013ലും രാജസ്ഥാൻ റോയല്‍സ് നായകനായിരുന്ന ദ്രാവിഡ് പിന്നീട് രണ്ട് വര്‍ഷത്തോളം ടീം ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഇന്ത്യയെ ടി20 ലോകകപ്പില്‍ ചാമ്പ്യൻമാരാക്കിയശേഷം ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിഞ്ഞാണ് ദ്രാവിഡ് രാജസ്ഥാന്‍റെ പരിശീലക ചുമതലയേറ്റെടുത്തത്. കര്‍ണാടകയില്‍ ക്ലബ്ബ് ക്രിക്കറ്റ് കളിക്കുന്നതിനിടെ പരിക്കേറ്റ ദ്രാവിഡ് ക്രച്ചസിലൂന്നി ഇന്നലെ രാജസ്ഥാന്‍റെ പരിശീലന ക്യാംപിലെത്തി. 22ന് തുടങ്ങുന്ന ഐപിഎല്ലില്‍ 23ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ആണ് രാജസ്ഥാൻ റോയല്‍സിന്‍റെ ആദ്യ മത്സരം.