2021ലെ ടി20 ലോകകപ്പിന് ശേഷം ടീമിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ തന്‍റെ അന്താരാഷ്ട്ര കരിയർ അവസാനിച്ചെന്ന് ഏകദേശം ഉറപ്പിച്ചിരുന്നുവെന്നാണ് വരുൺ പറയുന്നത്
മുംബൈ: ചാമ്പ്യൻസ് ട്രോഫിയില്‍ ടീം ഇന്ത്യക്കായി മിന്നുന്ന പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ ജീവിതത്തിലെ ഏറ്റവും മോശം അനുഭവങ്ങൾ നേരിട്ട കാലത്തെ കുറിച്ച് തുറന്ന് പറഞ്ഞ് വരുണ്‍ ചക്രവര്‍ത്തി. 2021ൽ യുഎഇയിൽ നടന്ന ടി20 ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം തനിക്ക് ഫോൺ കോളുകളിലൂടെ ഭീഷണികൾ ലഭിച്ചുവെന്നാണ് വരുണിന്‍റെ വെളിപ്പെടുത്തി. ഇന്ത്യയിലേക്ക് മടങ്ങി വരരുതെന്ന് തനിക്ക് മുന്നറിയിപ്പ് ലഭിച്ചെന്നും, ഇന്ത്യയുടെ പുറത്താകലിന് ശേഷം ചെന്നൈയിലെ വീട്ടിലേക്ക് തന്നെ ആളുകൾ പിന്തുടർന്നെന്നും വരുൺ പറഞ്ഞു.
2021ലെ ടി20 ലോകകപ്പിന് ശേഷം ടീമിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ തന്‍റെ അന്താരാഷ്ട്ര കരിയർ അവസാനിച്ചെന്ന് ഏകദേശം ഉറപ്പിച്ചിരുന്നുവെന്നാണ് വരുൺ പറയുന്നത്. 2021 ജൂലൈയിൽ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്പിന്നർ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ആ വർഷം വിരാട് കോലി നയിച്ച ടി20 ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യക്കായി മൂന്ന് മത്സരങ്ങൾ കളിച്ച വരുണിന് ഒരു വിക്കറ്റ് പോലും നേടാനായില്ല. ദുബായിൽ പാകിസ്ഥാനോട് 10 വിക്കറ്റിന് തോറ്റ മത്സരത്തിൽ ഇന്ത്യയുടെ ബൗളിംഗ് നിരയിൽ വരുൺ ഉണ്ടായിരുന്നു. ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാനോട് ഇന്ത്യയുടെ ആദ്യ തോൽവിയായിരുന്നു അത്."എനിക്കത് ഇരുണ്ട കാലമായിരുന്നു. ഒരുപാട് പ്രതീക്ഷകളോടെ ലോകകപ്പ് ടീമിലെത്തിയ ശേഷം നീതി പുലർത്താൻ കഴിഞ്ഞില്ലെന്ന് ഞാൻ കരുതി. ഒരു വിക്കറ്റ് പോലും എടുക്കാത്തതിൽ എനിക്ക് ദുഃഖമുണ്ടായിരുന്നു. അതിനുശേഷം മൂന്ന് വർഷത്തേക്ക് എന്നെ തിരഞ്ഞെടുത്തതേയില്ല. അതിനാൽ ടീമിലേക്കുള്ള തിരിച്ചുവരവ് അരങ്ങേറ്റത്തിലേക്കുള്ള പാതയേക്കാൾ ബുദ്ധിമുട്ടായിരുന്നുവെന്ന് ഞാൻ കരുതുന്നു" - ഒരു യൂട്യൂബ് ഷോയിൽ വരുൺ പറഞ്ഞു.
"2021ന് ശേഷം പല കാര്യങ്ങളും മാറ്റേണ്ടി വന്നു. ദിനചര്യ, പരിശീലനം എന്നിവയിൽ മാറ്റങ്ങൾ കൊണ്ട് വന്നു. നേരത്തെ ഒരു സെഷനിൽ 50 പന്തുകൾ പരിശീലിച്ചിരുന്നത് ഇരട്ടിയാക്കി. മൂന്ന് വർഷംകഴിഞ്ഞതോടെ എല്ലാം കഴിഞ്ഞെന്ന് ഞാൻ കരുതി. ഞങ്ങൾ ഐപിഎൽ വിജയിച്ചു, അതിനുശേഷമാണ് എനിക്ക് വിളി വന്നത്. 2021 ലോകകപ്പിന് ശേഷം എനിക്ക് ഭീഷണി കോളുകൾ വന്നു. ഇന്ത്യയിലേക്ക് വരരുത്. ആളുകൾ എന്‍റെ വീട് വരെ വന്നു, എന്നെ പിന്തുടർന്നു. ചില സമയങ്ങളിൽ എനിക്ക് ഒളിച്ചിരിക്കേണ്ടി വന്നു. വിമാനത്താവളത്തിൽ നിന്ന് മടങ്ങുമ്പോൾ കുറച്ച് ആളുകൾ ബൈക്കുകളിൽ എന്നെ പിന്തുടർന്നു" - വരുണ്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കിരീടം നേടാന്‍ കാരണം ടീമിലെ ആ 3 പേര്‍, തുറന്നു പറഞ്ഞ് പോണ്ടിംഗ്
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം