രാജസ്ഥാന്‍ റോയല്‍സിനെതിരെ 286 റണ്‍സടിച്ചാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് ഐപിഎല്‍ പതിനെട്ടാം സീസണ്‍ തുടങ്ങിയത്, ഇതിന് ശേഷമുള്ള രണ്ട് കളികളിലും ടീം സ്കോര്‍ 200 കടന്നില്ല
കൊല്‍ക്കത്ത: ഐപിഎല്‍ പതിനെട്ടാം സീസണിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 286 റണ്‍സ്. ടീം ജയിക്കുകയും ചെയ്തു. അന്ന് ക്രിക്കറ്റ് ആരാധകരെല്ലാം ഒരു കാര്യം മനസില്‍ കുറിച്ചു. ഇങ്ങനെ പോയാല്‍ അടുത്ത മത്സരത്തില്‍ തന്നെ സണ്‍റൈസേഴ്സ് ഹൈദരാബാദ് 300 അടിക്കും. എന്നാല്‍ തൊട്ടടുത്ത കളിയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ 190 റണ്‍സിലൊതുങ്ങി. ഡല്‍ഹി ക്യാപ്റ്റല്‍സിനോട് 163 മാത്രം. ഈ രണ്ട് കളിയിലും സണ്‍റൈസേഴ്സ് തോറ്റു. എന്നുവരും സണ്‍റൈസേഴ്സും ആരാധകരും സ്വപ്‌നം കണ്ട ആ ബിഗ് ടോട്ടല്‍, 300 റണ്‍സ്. ഇന്നുണ്ടാകുമോ?
ഐപിഎല്‍ 2025ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് നാലാം മത്സരത്തിന് ഇറങ്ങുകയാണ്. നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളികള്‍. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകള്‍ തമ്മിലുള്ള പോരാട്ടം. മത്സരവേദി കെകെആറിന്‍റെ തട്ടകമായ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ്. കഴിഞ്ഞ സീസണിൽ ഇതേ വേദിയിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 200-ലധികം സ്‌കോറുകൾ പിറന്നിരുന്നു.
ഇന്നെങ്കിലും സണ്‍റൈസേഴ്സ് ഹൈദരാബാദ് 300 റണ്‍സടിക്കുമോ? അതിന് വഴിയൊരുങ്ങണമെങ്കില്‍ ആദ്യം ടോസ് സണ്‍റൈസേഴ്സിന്‍റെ വഴിക്ക് കിട്ടണം. ബാറ്റിംഗ് സൗഹാര്‍ദ വിക്കറ്റാണ് ഈഡന്‍ ഗാര്‍ഡന്‍സിലേത്. ടി20 ഫോര്‍മാറ്റില്‍ ഇവിടുത്തെ ശരാശരി ആദ്യ ഇന്നിംഗ്സ് സ്കോര്‍ 207 റണ്‍സ്. അതിനാല്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീം മികച്ച സ്കോര്‍ പടുത്തുയര്‍ത്തുമെന്ന് കരുതാം. എന്നാല്‍ ഐപിഎല്ലില്‍ ഇതുവരെ 94 മത്സരങ്ങള്‍ക്ക് ഈഡന്‍ വേദിയായപ്പോള്‍ 56 മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത് എന്നാണ് ചരിത്രം. അതേസമയം ടോസ് നേടുന്ന ടീം 50 വട്ടം ജയിച്ചു.
ഐപിഎല്‍ 2024ല്‍ കെകെആറിനെതിരെ പഞ്ചാബ് കിംഗ്സ് രണ്ട് വിക്കറ്റിന് 262 റണ്‍സ് നേടിയതാണ് കൊല്‍ക്കത്തയിലെ ഉയര്‍ന്ന ടീം ടോട്ടല്‍. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഏറ്റവും വലിയ ചേസിംഗും ഇതുതന്നെ. അന്ന് 18.4 ഓവറില്‍ പഞ്ചാബ് 261 റണ്‍സ് ചേസ് ചെയ്ത് വിജയിക്കുകയായിരുന്നു. ഈഡനിലെ കുഞ്ഞന്‍ ടോട്ടല്‍ പേരിലുള്ളത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനാണ്. 2017ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് ആര്‍സിബി 49 റണ്‍സില്‍ പുറത്താവുകയായിരുന്നു.
ബാറ്റര്‍മാര്‍ ഇന്ന് ഫോമിലായാല്‍ കെകെആറിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ഏത് സ്കോറും ആയാസമല്ല. അഭിഷേക് ശര്‍മ്മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍, നിതീഷ് റെഡി, ഹെന്‍റിച്ച് ക്ലാന്‍, അനികേത് വര്‍മ, അഭിനവ് മനോഹര്‍, പാറ്റ് കമ്മിന്‍സ് എന്നിങ്ങനെ എട്ട് പേര്‍ സണ്‍റൈസേഴ്സ് നിരയില്‍ ബാറ്റ് ചെയ്യാനുണ്ട്. ആര്‍ക്കും പരിക്കില്ല എന്നതിനാല്‍ ഈ എട്ട് പേരും ഇന്ന് പ്ലേയിംഗ് ഇലവനിലുണ്ടാകും. ഇവരില്‍ അഭിഷേകിനും ഹെഡിനും പവര്‍പ്ലേ മുതലാക്കാനായാല്‍ സണ്‍റൈസേഴ്സ് കുതിക്കും. ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ ശേഷം നിറംമങ്ങിയ ഇഷാന്‍ കിഷന് ഫോം വീണ്ടെടുക്കേണ്ടതുണ്ട്. ടോപ് ത്രീയായ ഈ മൂവരും തിളങ്ങിയാല്‍ സണ്‍റൈസഴ്സിന് കൂറ്റന്‍ സ്കോറുറപ്പ്. സണ്‍റൈസേഴ്സ് 286 അടിച്ച ഈ സീസണിലെ ആദ്യ മത്സരത്തില്‍ മൂവരും തിളങ്ങിയിരുന്നു.
എന്നാല്‍ ഇന്ന് ആദ്യം ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചാല്‍ സണ്‍റൈസേഴ്സ് 300 റണ്‍സടിക്കും എന്ന് ഉറപ്പിച്ച് പറയാനാവില്ല. മറുവശത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ബൗളര്‍മാരുടെ മികവും പരിഗണിക്കണം. സുനില്‍ നരെയ്‌ന്‍, വരുണ്‍ ചക്രവര്‍ത്തി, മൊയീന്‍ അലി എന്നീ സ്പിന്‍ ത്രയത്തിന്‍റെ ഭീഷണി സണ്‍റൈസേഴ്സിന് മറികടക്കേണ്ടതുണ്ട്. ഹര്‍ഷിത് റാണ, വൈഭവ് അറോറ എന്നീ പേസര്‍മാര്‍ക്കൊപ്പം ആന്ദ്രേ റസലിന്‍റെ മീഡിയം പേസും സണ്‍റൈസേഴ്സിന് ഈഡനില്‍ പരീക്ഷയാകും.
Read more: ചാമ്പ്യന്‍സ് ട്രോഫി തഴയല്‍ തളര്‍ത്തിയില്ല; വിസ്‌മയ തിരിച്ചുവരവുമായി മുഹമ്മദ് സിറാജ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം