കോലിയെ വീഴ്ത്തുമോ സിറാജ്? ആര്‍സിബി - ഗുജറാത്ത് പോരാട്ടം ഇന്ന്; സാധ്യതാ ടീം ഇങ്ങനെ

കഴിഞ്ഞ സീസണിൽ വരെ ആര്‍സിബിയിൽ ഒരുമിച്ചായിരുന്ന കോലിയും സിറാജും ഇന്ന് നേ‍‍ര്‍ക്കുനേര്‍ വരുന്നു എന്നതാണ് സവിശേഷത. 


ബെംഗളൂരു: ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ബെംഗളൂരുവിന്റെ തട്ടകമായ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. വിരാട് കോലിയും മുഹമ്മദ് സിറാജും നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് ഇന്നത്തെ മത്സരത്തിലെ പ്രധാന സവിശേഷത. 

ഇത്തവണ കപ്പടിക്കുമെന്ന ഉറച്ച തീരുമാനവുമായാണ് കോലിയും സംഘവും എത്തിയിരിക്കുന്നത്. ആദ്യത്തെ രണ്ട് മത്സരങ്ങളിലും ഞെട്ടിക്കുന്ന പ്രകടനമാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പുറത്തെടുത്തത്. രണ്ട് മത്സരങ്ങളിലും ഗംഭീര വിജയം സ്വന്തമാക്കിയ ആര്‍സിബി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉയര്‍ത്തിയ 175 റൺസ് വിജയലക്ഷ്യം അനായാസമായി ചേസ് ചെയ്ത ആര്‍സിബി രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 50 റൺസിന് പരാജയപ്പെടുത്തുകയും ചെയ്തു. മുൻ സീസണുകളെ അപേക്ഷിച്ച് ഇത്തവണ ആര്‍സിബി ടീം സന്തുലിതമാണ്. മികച്ച ബൗളിംഗ് ലൈനപ്പാണ് ടീമിന്‍റെ കുതിപ്പിന് കരുത്താകുന്നത്. 

Latest Videos

മറുഭാഗത്ത്, രണ്ട് മത്സരങ്ങളിൽ ഒരു വിജയം നേടിയാണ് ഗുജറാത്തിന്റെ വരവ്. ആദ്യ മത്സത്തിൽ പഞ്ചാബ് കിംഗ്സിന് മുന്നിൽ കാലിടറിയെങ്കിലും രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 36 റൺസിന് തകര്‍ത്തെറിഞ്ഞ് ഗുജറാത്ത് കരുത്തുകാട്ടി. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ കരുത്തരായ രണ്ട് ടീമുകൾ ഇന്ന് കളത്തിലിറങ്ങുമ്പോൾ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആവേശത്തിരയിളകുമെന്ന് ഉറപ്പാണ്. 

സാധ്യതാ ടീം

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു: വിരാട് കോലി, ഫിൽ സാൾട്ട് (വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കൽ, രജത് പാട്ടീദാർ (ക്യാപ്റ്റൻ), ലിയാം ലിവിംഗ്‌സ്റ്റൺ, ജിതേഷ് ശർമ്മ, ടിം ഡേവിഡ് / ജേക്കബ് ബെഥേൽ, ക്രുനാൽ പാണ്ഡ്യ , ഭുവനേശ്വര്‍ കുമാർ, റാസിഖ് സലാം / സുയാഷ് ശർമ്മ, ജോഷ് ദയാൽ

ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ജോസ് ബട്ട്‌ലർ (വിക്കറ്റ് കീപ്പര്‍), സായ് സുദർശൻ, ഷാരൂഖ് ഖാൻ, ഷെർഫാൻ റൂഥർഫോർഡ്, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, കാഗിസോ റബാഡ, ആർ സായ് കിഷോർ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഇഷാന്ത് ശർമ്മ.

READ MORE: രാജസ്ഥാന് തലവേദനയായി യുവതാരത്തിന്റെ മോശം പ്രകടനം; ഇനി ഫോമായില്ലെങ്കിൽ പണി പാളും

click me!