ശശാങ്കിൻ്റെ വെടിക്കെട്ടിൽ സെഞ്ച്വറി നഷ്ടപ്പെട്ട് ശ്രേയസ്; പഞ്ചാബിന് കൂറ്റൻ സ്കോർ

42 പന്തുകൾ നേരിട്ട ശ്രേയസ് 97 റൺസുമായി പുറത്താകാതെ നിന്നു. 

IPL 2025 Gujarat Titans vs Punjab Kings live score Sreyas Iyer century

ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 245 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 243 റൺസ് നേടി. 97 റൺസ് നേടി പുറത്താകാതെ നിന്ന നായകൻ ശ്രേയസ് അയ്യരാണ് പഞ്ചാബിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. 

ഓപ്പണര്‍മാരായ പ്രിയാൻഷ് ആര്യ - പ്രഭ്സിമ്രാൻ സിംഗ് സഖ്യത്തിന് മികച്ച തുടക്കം നൽകാനായില്ല. ടീം സ്കോര്‍ 28ൽ നിൽക്കെ 5 റൺസുമായി പ്രഭ്സിമ്രാൻ മടങ്ങി. പിന്നാലെ ക്രീസിലെത്തിയ നായകൻ ശ്രേയസ് അയ്യര്‍ തുടക്കം മുതൽ തന്നെ മികച്ച ഫോമിന്‍റെ ലക്ഷണങ്ങൾ കാണിച്ചിരുന്നു. ഒരറ്റത്ത് വിക്കറ്റുകൾ വീണപ്പോഴും ശ്രേയസ് മറുഭാഗത്ത് ഉറച്ചുനിന്നു. പ്രിയാൻഷ് ആര്യ 23 പന്തിൽ നേടിയ 47 റൺസാണ് പഞ്ചാബിന്റെ തുടക്കത്തിൽ സ്കോറിംഗ് വേഗത്തിലാക്കാൻ സഹായിച്ചത്. പ്രിയാൻഷ് മടങ്ങിയതോടെ ശ്രേയസ് മുന്നിൽ നിന്ന് നയിക്കുന്ന കാഴ്ചയാണ് കാണാനായത്.  

Latest Videos

പ്രിയാൻഷ് പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ അസ്മുത്തുള്ള ഒമർസായിക്ക് വേഗത്തിൽ സ്കോര്‍ ഉയര്‍ത്താൻ സാധിച്ചില്ല. 15 പന്തിൽ 16 റൺസുമായി ഒമര്‍സായി മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ ഗ്ലെൻ മാക്സ്വെൽ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. 105 റൺസിന് 4 വിക്കറ്റ് എന്ന നിലയിൽ ക്രീസിലൊന്നിച്ച ശ്രേയസ് - സ്റ്റോയിനിസ് സഖ്യം ഇന്നിംഗ്സിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്കോറിംഗ് തുടര്‍ന്നു. 15 ഓവര്‍ പൂര്‍ത്തിയാകും മുമ്പ് ടീം സ്കോര്‍ 150 കടത്തിയ ശേഷമാണ് ഇരുവരും പിരിഞ്ഞത്. 16-ാം ഓവറിന്റെ രണ്ടാം പന്തിൽ സായ് കിഷോറിനെ റിവേഴ്സ് സ്വീപ്പ് ചെയ്യാനുള്ള സ്റ്റോയിനിസിന്റെ ശ്രമം അര്‍ഷാദ് ഖാന്‍റെ കൈകളിൽ അവസാനിച്ചു. 

പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 17-ാം ഓവറിൽ ശ്രേയസ് കൂടുതൽ അപകടം വിതച്ചു. ആദ്യ പന്തിൽ റൺസ് ലഭിച്ചില്ലെങ്കിലും രണ്ടാം പന്തിൽ സിക്സറും മൂന്നാം പന്തിൽ ബൗണ്ടറിയും കണ്ടെത്താൻ ശ്രേയസിനായി. നാലാം പന്തിൽ സിക്സറിനുള്ള ശ്രമം റബാഡ കൈപ്പിടിയിലാക്കിയെങ്കിലും ബൗണ്ടറി ലൈനിൽ തൊട്ടതിനാൽ അത് സിക്സറായി മാറി. അഞ്ചാം പന്തിൽ ലോംഗ് ഓഫിന് മുകളിലൂടെ വീണ്ടും സിക്സര്‍ പായിച്ച് ശ്രേയസ് സ്കോര്‍ ഉയര്‍ത്തി. ആകെ 24 റൺസാണ് പ്രസിദ്ധ് ഈ ഓവറിൽ വഴങ്ങിയത്. 18-ാം ഓവറിൽ റാഷിദ് ഖാനെ തലങ്ങും വിലങ്ങും പായിച്ച് ശശാങ്ക് ടീം സ്കോര്‍ 200 കടത്തി. രണ്ട് സിക്സറുകളും രണ്ട് ബൗണ്ടറികളും വഴങ്ങിയ റാഷിദ് 20 റൺസ് വിട്ടുകൊടുത്തു. 

19-ാം ഓവറിൽ വെറും ബൗണ്ടറി വഴങ്ങാതെ റബാഡ ശ്രേയസിനെയും ശശാങ്കിനെയും പിടിച്ചുനിര്‍ത്തി. അവസാന ഓവ‍ര്‍ മുഴുവൻ ശശാങ്ക് തകര്‍ത്തടിച്ചതോടെ ശ്രേയസിന് സെഞ്ച്വറി നഷ്ടമായി. 42 പന്തുകൾ നേരിട്ട ശ്രേയസ് 97 റൺസുമായി പുറത്താകാതെ നിന്നു. 5 ബൗണ്ടറികളും 9 സിക്സറുകളുമാണ് ശ്രേയസ് അടിച്ചെടുത്തത്. 16 പന്തിൽ 44 റൺസുമായി ശശാങ്ക് തകര്‍പ്പൻ പ്രകടനം പുറത്തെടുത്തതോടെ പഞ്ചാബിന്റെ സ്കോര്‍ കുതിച്ചു. അവസാന ഓവറിൽ 5 ബൗണ്ടറികൾ സഹിതം 23 റൺസാണ് സിറാജ് വഴങ്ങിയത്. 

READ MORE: പവര്‍ പ്ലേയിൽ കരുത്തുകാട്ടി പഞ്ചാബ്; അടിച്ചുതകർത്ത് പ്രിയാൻഷും ശ്രേയസും

vuukle one pixel image
click me!