സെഞ്ച്വറിയുമായി പ്രിയാൻഷിന്‍റെ ബാറ്റിംഗ് വെടിക്കെട്ട്; ചെന്നൈയ്ക്ക് എതിരെ പഞ്ചാബിന് കൂറ്റൻ സ്കോര്‍

ചെന്നൈയ്ക്ക് എതിരെ 42 പന്തുകൾ നേരിട്ട പ്രിയാൻഷ് ആര്യ 103 റൺസ് നേടിയാണ് പുറത്തായത്. 

IPL 08-04-2025 Chennai Super Kings vs Punjab Kings score updates

ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ പഞ്ചാബ് കിംഗ്സിന് കൂറ്റൻ സ്കോര്‍. നിശ്ചിത 20 ഓവറിൽ പഞ്ചാബ് 6 വിക്കറ്റ് നഷ്ടത്തിൽ 219 റൺസ് നേടി. ഓപ്പണര്‍ പ്രിയാൻഷ് ആര്യയുടെ തകര്‍പ്പൻ സെഞ്ച്വറിയാണ് പഞ്ചാബിന്‍റെ ഇന്നിംഗ്സിൽ നിര്‍ണായകമായത്. 42 പന്തുകൾ നേരിട്ട പ്രിയാൻഷ് 7 ബൗണ്ടറികളും 8 സിക്സറുകളും സഹിതം 103 റൺസ് നേടി. 

പഞ്ചാബിന്‍റെ ഇന്നിംഗ്സിന് സിക്സറോടെയാണ് പ്രിയാൻഷ് തുടക്കമിട്ടത്. പവര്‍ പ്ലേ അവസാനിക്കുമ്പോൾ ടീം സ്കോര്‍ 75 എന്ന നിലയിലായിരുന്നെങ്കിലും 3 വിക്കറ്റുകൾ പഞ്ചാബിന് നഷ്ടമായിരുന്നു. ഓപ്പണര്‍ പ്രഭ്സിമ്രാൻ സിംഗ് പൂജ്യത്തിന് പുറത്തായി. ഫോമിലായിരുന്ന നായകൻ ശ്രേയസ് അയ്യര്‍ 9 റൺസുമായും മാര്‍ക്കസ് സ്റ്റോയിനിസ് 4 റൺസുമായും മടങ്ങി. ഒരു ഭാഗത്ത് വിക്കറ്റുകൾ വീണുകൊണ്ടിരിക്കുമ്പോഴും അതൊന്നും വക വെയ്ക്കാതെയാണ് പ്രിയാൻഷ് തന്‍റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശിയത്. 

Latest Videos

കൃത്യമായ ഇടവേളകളിൽ ചെന്നൈ പഞ്ചാബ് ബാറ്റര്‍മാരെ പുറത്താക്കുന്നുണ്ടായിരുന്നെങ്കിലും മറുഭാഗത്ത് പ്രിയാൻഷ് അതിവേഗം സ്കോര്‍ ഉയര്‍ത്തുകയും ചെയ്തു. 13-ാം ഓവറിന്‍റെ അഞ്ചാം പന്തിൽ ടീം സ്കോര്‍ 150 തികച്ചപ്പോൾ പ്രിയാൻഷ് സെഞ്ച്വറിയും  പൂര്‍ത്തിയാക്കി. മതീഷ പതിരാണയെ തുടര്‍ച്ചയായി മൂന്ന് സിക്സറുകളും ഒരു ബൗണ്ടറിയും പറത്തിയാണ് പ്രിയാൻഷ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. വെറും 39 പന്തിൽ നിന്നാണ് പ്രിയാൻഷ് മൂന്നക്കം കടന്നത്. തൊട്ടടുത്ത ഓവറിൽ നൂര്‍ അഹമ്മദിന് മുന്നിൽ കീഴടങ്ങി പ്രിയാൻഷ് മടങ്ങുമ്പോഴേയ്ക്കും പഞ്ചാബിന്‍റെ സ്കോര്‍ 154 ആയി ഉയര്‍ന്നിരുന്നു. 

പ്രിയാൻഷ് പുറത്തായതിന് പിന്നാലെ 15, 16 ഓവറുകളിൽ ചെന്നൈ ബൗളിംഗ് ശക്തമാക്കി. 17-ാം ഓവറിൽ 12 റൺസും 18-ാം ഓവറിൽ 11 റൺസും പിറന്നു. 18.3 ഓവറിൽ ടീം സ്കോര്‍ 200 റൺസ് പൂര്‍ത്തിയാക്കി. ഖലീൽ അഹമ്മദിന്‍റെ ഓവറിൽ രണ്ട് ബൗണ്ടറികൾ കണ്ടെത്തിയ പഞ്ചാബ് ബാറ്റര്‍മാര്‍ സ്കോര്‍ 207 ആക്കി ഉയര്‍ത്തി. അവസാന ഓവറിൽ 12 റൺസ് കൂടി നേടിയതോടെ പഞ്ചാബിന്‍റെ സ്കോര്‍ 7ന് 219. അവസാന പന്തിൽ ശശാങ്ക് സിംഗ് അര്‍ധ സെഞ്ച്വറി തികയ്ക്കുകയും ചെയ്തു. 36 പന്തിൽ 52 റൺസുമായി ശശാങ്കും 19 പന്തിൽ 34 റൺസുമായി മാര്‍ക്കോ യാൻസനും പുറത്താകാതെ നിന്നു. 

READ MORE: ഐപിഎല്ലിൽ വീണ്ടുമൊരു ത്രില്ലര്‍; ലക്ഷ്യത്തിനരികെ കാലിടറി കൊൽക്കത്ത, ലക്നൗവിന് 4 റൺസ് ജയം

vuukle one pixel image
click me!