വൈഭവം എവിടെയുണ്ടോ, അവിടേക്ക് കമ്പനികൾ ചെല്ലുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പ്രധാനപ്പെട്ട കമ്പനികൾ ഇപ്പോൾ ഇൻഫോ പാർക്കിൽ നിക്ഷേപം നടത്തുന്ന സാഹചര്യമുമുണ്ടെന്ന് ഇൻഫോ പാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ
കേരളത്തിൽ നിക്ഷേപം നടത്താൻ പഴയതുപോലെ കമ്പനികൾക്ക് ഇപ്പോൾ ആശങ്കപ്പെടുന്നില്ലെന്ന് ഇൻഫോ പാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ. കളമശേരി ചാക്കോളാസ് പവലിയനിൽ നടന്ന കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (CREDAI) കേരള ഘടകത്തിന്റെ എട്ടാമത് സംസ്ഥാന സമ്മേളനത്തിൻ്റെ സമാപന ദിനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതികൾ വളരെ വേഗം നടപ്പാകണമെങ്കിൽ ദീർഘവീക്ഷണമുള്ള നേതാക്കൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
'ഐടി മേഖലയിലെ കുതിച്ചുചാട്ടം' എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ സുശാന്ത് കുറുന്തിലിനോടൊപ്പം ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ളയും പങ്കെടുത്തു. ക്രെഡായ് കൊച്ചി ജനറൽ കമ്മിറ്റി മെമ്പർ എം വി ആന്റണി മോഡറേറ്ററായിരുന്നു.
"നവകേരളം എന്ന വാക്കിനെ നാം നിർവചിച്ചിട്ടുണ്ടോ? ഞങ്ങൾ സന്തുഷ്ടരാണ്. ഓരോ ദിവസവും പോസിറ്റീവായ കാര്യങ്ങൾ കേരളത്തിൽ സംഭവിക്കുന്നുണ്ട്. തീരുമാനം സമയബന്ധിതമായി എടുക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. പ്രത്യേകിച്ച്, പോളിസികൾ നടപ്പാക്കുന്ന കാര്യത്തിൽ. അവസരങ്ങൾ നേടിയെടുക്കണമെങ്കിൽ വളരെ വേഗം തീരുമാനം എടുക്കേണ്ടതുണ്ട്." സുശാന്ത് വ്യക്തമാക്കി.
"ഇത്തരം പരിപാടികളിലെ ചർച്ചകൾ പോളിസികൾ രൂപീകരിക്കുന്നതിന് ഭരണകൂടത്തെ പ്രേരിപ്പിക്കും. കൊച്ചിയിലെ ഐടി കേന്ദ്രങ്ങൾ ഇപ്പോൾ വിപുലീകരണത്തിന്റെ ഘട്ടത്തിൽ നിൽക്കുകയാണ്. കേരളത്തിൽ സഞ്ചാര വേഗം വർദ്ധിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമെ നിക്ഷേപകർ കേരളത്തിലേക്ക് എത്തുകയുള്ളൂ." ചന്ദ്രൻ പിള്ള പറഞ്ഞു.
"വൈഭവം എവിടെയുണ്ടോ, അവിടേക്ക് കമ്പനികൾ ചെല്ലുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. എന്നാൽ അടിസ്ഥാന സൗകര്യം ഉണ്ടെങ്കിൽ മാത്രമെ അത് സാധ്യമാകൂ. കേരളത്തിൽ നിക്ഷേപം നടത്താൻ കമ്പനികൾ ഇപ്പോൾ ആശങ്ക കാണിക്കാറില്ല. പ്രധാനപ്പെട്ട കമ്പനികൾ ഇപ്പോൾ ഇൻഫോ പാർക്കിൽ നിക്ഷേപം നടത്തുന്ന സാഹചര്യമുണ്ട്." സുശാന്ത് അഭിപ്രായപ്പെട്ടു.
"നിങ്ങൾക്ക് ട്രേഡ് യൂണിയനുകളെ കുറ്റപ്പെടുത്താൻ സാധിക്കില്ല. പഴയതുപോലുള്ള പ്രശ്നങ്ങളൊന്നും ഇപ്പോഴില്ല. നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന ആർക്കും കേരളത്തിലേക്ക് വരാം. ആരും അവരെ തടയില്ല. നമുക്ക് തൊഴിൽ ആവശ്യമാണ്. തൊഴിൽ ഉണ്ടെങ്കിൽ മാത്രമെ ജീവിതം മുന്നോട്ടു പോകൂ." കേരളത്തിൽ നിക്ഷേപം നടത്താൻ കമ്പനികൾ ആശങ്കപ്പെടുന്നുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ചന്ദ്രൻ പിള്ള.
ക്രെഡായ് കേരളയുടെ എട്ടാമത് സംസ്ഥാന സമ്മേളനത്തിന്റെ രണ്ടാം ദിനമായ വെള്ളിയാഴ്ച മൂന്ന് സെഷനുകളിലായി ഏഴോളം വിദഗ്ധർ സംസാരിച്ചു. ലെഫ് കേണൽ ദീപേന്ദ്ര സിംഗ് ഹൂഡയുടെ മോട്ടിവേഷൻ ക്ലാസ് സംരംഭകർക്ക് പുത്തൻ അനുഭവമായി.