ഹ്യുണ്ടായി ക്രെറ്റ എൻ ലൈൻ തായ്‌ലൻഡിൽ അവതരിപ്പിച്ചു. 1.5L പെട്രോൾ എഞ്ചിനും ആകർഷകമായ ഫീച്ചറുകളുമാണ് ഇതിലുള്ളത്. ബാങ്കോക്ക് ഇന്റർനാഷണൽ മോട്ടോർ ഷോയിലാണ് ഇത് പ്രദർശിപ്പിച്ചത്.
ദക്ഷിണ കൊറിയൻ ഓട്ടോമൊബൈൽ നിർമ്മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ വാഹനങ്ങൾ പല രാജ്യങ്ങളിലും വിൽക്കുന്നു. ഇപ്പോഴിതാ ഹ്യുണ്ടായി ക്രെറ്റ എൻ ലൈൻ തായ്‌ലൻഡിൽ ലോഞ്ച് ചെയ്തു.തായ്‌ലൻഡിൽ നടന്ന 46 -ാമത് ബാങ്കോക്ക് ഇന്റർനാഷണൽ മോട്ടോർ ഷോയിൽ (BIMS) പുതിയ ഹ്യുണ്ടായി ക്രെറ്റ N ലൈൻ പ്രദർശിപ്പിച്ചു. തായ്-സ്പെക്ക് മോഡൽ 1.5L നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് കോമ്പിനേഷനും മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. ഈ പെട്രോൾ എഞ്ചിൻ പരമാവധി 115PS പവറും 144Nm ടോർക്കും പുറപ്പെടുവിക്കുന്നു. ഇന്ത്യയിൽ, ക്രെറ്റ N ലൈൻ 160PS-ന് മതിയായ 1.5L ടർബോ പെട്രോൾ എഞ്ചിനുമായി ലഭ്യമാണ്. ഇവിടെ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ ലഭിക്കുന്നു. അതേസമയം തായ്-സ്പെക്ക് പതിപ്പിൽ മാനുവൽ ട്രാൻസ്‍മിഷൻ ലഭിക്കുന്നില്ല.
2025 തായ്-സ്പെക്ക് ഹ്യുണ്ടായി ക്രെറ്റ എൻ ലൈനിൽ പൂർണ്ണമായും കറുപ്പ് നിറത്തിലുള്ള ക്യാബിൻ തീം ഉണ്ട്. എസി വെന്‍റുകളിലും ഡാഷ്‌ബോർഡിലും വ്യത്യസ്‍തമായി ചുവപ്പ് നിറത്തിലുള്ള ആക്സന്റുകൾ നൽകിയിരിക്കുന്നു. ചുവന്ന ആംബിയന്റ് ലൈറ്റിംഗ്, ഗിയർ ലിവറിലെ ചുവന്ന സ്റ്റിച്ചിംഗ്, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീൽ, 'N' എംബോസിംഗ് ഉള്ള ലെതർ സീറ്റ് അപ്ഹോൾസ്റ്ററി എന്നിവ അതിന്റെ സ്പോർട്ടി ലുക്കുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നു. ഫീച്ചർ ഫ്രണ്ടിൽ, പുതിയ ക്രെറ്റ എൻ ലൈനിൽ 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് ഡ്രൈവർ സീറ്റ്, വയർലെസ് ഫോൺ ചാർജർ, പനോരമിക് സൺറൂഫ്, ഡ്യുവൽ 10.25 ഇഞ്ച് സ്‌ക്രീനുകൾ സജ്ജീകരണം എന്നിവ വാഗ്ദാനം ചെയ്യുന്നു . 10.25 ഇഞ്ച് സ്‌ക്രീനുകളിൽ ഒരെണ്ണം ഇൻഫോടെയ്ൻമെന്റിനും മറ്റൊന്ന് ഇൻസ്ട്രുമെന്റേഷൻ പ്രവർത്തനങ്ങൾക്കും മറ്റും ഉപയോഗിക്കുന്നു. ഇന്ത്യ-സ്പെക്ക് പതിപ്പിന് സമാനമായി, തായ്‌ലൻഡിൽ ലഭ്യമായ മോഡലിൽ അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം സ്യൂട്ടും ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഒന്നിലധികം എയർബാഗുകൾ തുടങ്ങിയ സുരക്ഷാ സവിശേഷതകളും ഉൾപ്പെടുന്നു.
കാഴ്ചയിൽ, തായ്‌ലൻഡ്-സ്പെക്ക് ക്രെറ്റ എൻ ലൈൻ ഇന്ത്യൻ മോഡലിനോട് സാമ്യമുള്ളതാണ്. മെഷ് പാറ്റേൺ ഉള്ള ഒരു സിഗ്നേച്ചർ ഗ്രിൽ, ഫ്രണ്ട് ബമ്പറിലും സൈഡ് സിൽസിലും ചുവന്ന ഇൻസേർട്ടുകൾ, ലംബമായി സ്ഥാപിച്ചിരിക്കുന്ന ഡ്യുവൽ-പോഡ് ഹെഡ്‌ലാമ്പുകൾ, കണക്റ്റഡ് എൽഇഡി ഡിആർഎല്ലുകളും എൽഇഡി ടെയിൽലാമ്പുകളും, മുന്നിലും പിന്നിലും ചുവന്ന ബ്രേക്ക് കാലിപ്പറുകളുള്ള ഡ്യുവൽ-ടോൺ 18 ഇഞ്ച് അലോയ് വീലുകൾ, ഡ്യുവൽ-ടിപ്പ് എക്‌സ്‌ഹോസ്റ്റ്, റൂഫ് സ്‌പോയിലർ എന്നിവ ഇതിൽ ഉൾപ്പെടുന്നു.ഹ്യുണ്ടായി ക്രെറ്റ എൻ ലൈൻ നിലവിൽ N8, N10 എന്നീ രണ്ട് വകഭേദങ്ങളിലായി 12 വേരിയന്റുകളിൽ ലഭ്യമാണ്.
തായ്‌ലൻഡിൽ ക്രെറ്റ എൻ ലൈനിന്റെ വില 1.1999 ലക്ഷം തായ് ബട്ട് ആണ്.ഇത് ഇന്ത്യൻ രൂപയിൽ ഏകദേശം 30.35 ലക്ഷം രൂപ വരും. ഈ എസ്‌യുവിയുടെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില 16.82 ലക്ഷം രൂപ മുതൽ ടോപ്പിംഗ് വേരിയന്റിന് 20.64 ലക്ഷം രൂപ വരെ വിലയുണ്ട്.