ഒലയെ കയ്യോടെ പൊക്കി കേന്ദ്രം, വിശദീകരണം തേടി, അന്വേഷണം ഊർജ്ജിതം

ഓല ഇലക്ട്രിക് പുതിയ വിവാദത്തിൽ. വിൽപ്പന കണക്കുകളിലെ പൊരുത്തക്കേടുകളാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. കേന്ദ്ര മന്ത്രാലയം വിശദീകരണം തേടി.

Ola Electric facing increased regulatory scrutiny with the Ministry of Heavy Industries

ലക്ട്രിക്ക് ഇരുചക്ര വാഹന ബ്രാൻഡായ ഓല ഇലക്ട്രിക്കിന് ഇപ്പോൾ നല്ല സമയമല്ല. ഈ ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാണ കമ്പനി ഒന്നിനുപുറകെ ഒന്നായി വിവാദങ്ങളിൽ അകപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഓല ഇലക്ട്രിക്കുമായി ബന്ധപ്പെട്ട പുതിയ വിവാദം വിൽപ്പന കണക്കുകളിലെ ചില പൊരുത്തക്കേടുകളെ സംബന്ധിച്ചാണ് എന്നതാണ് ശ്രദ്ധേയം. ഫെബ്രുവരി 28 ന് ഓല ഇലക്ട്രിക് 25,000 ഇലക്ട്രിക് സ്‍കൂട്ടറുകൾ വിറ്റഴിച്ചതായി പറഞ്ഞിരുന്നു. എന്നാൽ ഫെബ്രുവരിയിലെ വിൽപ്പന റിപ്പോർട്ട് കണക്കുകൾ വാഹന പോർട്ടലിൽ വന്നപ്പോൾ, ഒല ഇലക്ട്രിക് 8,652 വാഹനങ്ങൾ മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ എന്ന് തെളിഞ്ഞു. ഇപ്പോൾ ഈ വിഷയം ഗൗരവമായി മാറിയിരിക്കുന്നു. വാഹനങ്ങളുടെ രജിസ്ട്രേഷനിലും വിൽപ്പനയിലുമുള്ള വ്യത്യാസത്തെക്കുറിച്ച് കേന്ദ്ര ഘനവ്യവസായ, റോഡ് മന്ത്രാലയം ഓല ഇലക്ട്രിക്കിൽ നിന്ന് വിവരങ്ങൾ തേടി.

ഫെബ്രുവരിയിൽ 25,000 വാഹനങ്ങൾ വിറ്റതായി കമ്പനി അവകാശപ്പെട്ടിരുന്നെങ്കിലും, വാഹൻ പോർട്ടൽ പ്രകാരം 8,600 എണ്ണം മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ എന്ന് സിഎൻബിസി-ടിവി 18 റിപ്പോർട്ട് പറയുന്നു. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ട്രേഡ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ ബുദ്ധിമുട്ടുകൾ നേരിടുന്ന കമ്പനി, ഇപ്പോൾ വിൽപ്പന കണക്കുകളിലെ വ്യത്യാസം കാരണം കൂടുതൽ ബുദ്ധിമുട്ടിലാണ്. മന്ത്രാലയങ്ങൾ വിശദീകരണം ആവശ്യപ്പെട്ടതായി ഓല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് സ്റ്റോക്ക് എക്സ്ചേഞ്ചിന് അയച്ച നോട്ടീസിൽ സമ്മതിച്ചിട്ടുണ്ട്.  വാഹൻ പോർട്ടൽ പ്രകാരം വാഹന രജിസ്ട്രേഷനിലും 2025 ഫെബ്രുവരി 28 ലെ കമ്പനിയുടെ 2025 ഫെബ്രുവരി മാസത്തെ റെഗുലേറ്ററി വിവരങ്ങൾ പ്രകാരം വിൽപ്പനയിലും വലിയ വ്യത്യാസമുണ്ട് എന്നതുമായി ബന്ധപ്പെട്ടതാണ് രണ്ട് മന്ത്രാലയങ്ങളും ഉന്നയിച്ച ചോദ്യങ്ങൾ. 2025 ഫെബ്രുവരിയിൽ 'വാഹൻ പോർട്ടലിൽ' ഒല ഇലക്ട്രിക് രജിസ്റ്റർ ചെയ്ത ആകെ വാഹനങ്ങളുടെ എണ്ണം 8,652 ആയിരുന്നു. അതേസമയം റെഗുലേറ്ററി വിവരങ്ങളിൽ കമ്പനി 2025 ഫെബ്രുവരിയിൽ 25,000 യൂണിറ്റിലധികം വിൽപ്പന നടത്തിയതായി വ്യക്തമാക്കിയിരുന്നു. 

Latest Videos

ഒലയ്ക്ക് ഒന്നിനുപുറകെ ഒന്നായി തിരിച്ചടികൾ നേരിടുന്നു എന്നത് ശ്രദ്ധേയമാണ്. നാല് സംസ്ഥാനങ്ങളിലെ ചില സ്റ്റോറുകളുടെ വ്യാപാര സർട്ടിഫിക്കറ്റുകൾ സംബന്ധിച്ച് ഓല ഇലക്ട്രിക്കിന് നോട്ടീസുകൾ ലഭിച്ചിട്ടുണ്ട്. ഇവയ്ക്ക് ഉത്തരം നൽകാനും കമ്പനി തയ്യാറെടുക്കുകയാണ്. തുടക്കത്തിൽ ഇന്ത്യൻ വിപണിയിൽ ഒല ഇലക്ട്രിക് സ്കൂട്ടറുകൾ വളരെ ജനപ്രിയമായിരുന്നു . എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ കമ്പനിയുടെ ഉൽപ്പന്നങ്ങളുടെ വിൽപ്പന ഗണ്യമായി കുറഞ്ഞു. അടുത്തിടെ ഒല ഇലക്ട്രിക് മോട്ടോർസൈക്കിളുകളും പുറത്തിറക്കിയിരുന്നു. 2025 മാർച്ച് 20 വരെ 'വാഹൻ പോർട്ടലിൽ' കമ്പനിയിൽ നിന്നും രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 11,781 ആയിരുന്നു.

vuukle one pixel image
click me!