കിയ കാരൻസ് ഫെയ്‌സ്‌ലിഫ്റ്റ് മെയ് മാസത്തിൽ പുറത്തിറങ്ങാൻ സാധ്യത. പുതിയ രൂപകൽപ്പനയും സവിശേഷതകളും ഇന്റീരിയറുകളും ഇതിൽ ഉണ്ടാകും. 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ ലഭ്യമാണ്.
കിയ മോട്ടോഴ്‌സ് ഇന്ത്യയ്ക്ക് 7 സീറ്റർ എംപിവി കാരൻസ് വൻ വിജയമാണ് സമ്മാനിച്ചത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മികച്ച വിൽപ്പനയാണ് ഈ ഫാമിലി എംപിവിക്ക്. മാരുതി എർട്ടിഗയ്ക്ക് ശേഷം ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാറായി കിയ കാരൻസ് മാറി. കഴിഞ്ഞ കുറച്ച് മാസങ്ങളായി കമ്പനി അതിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലും പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. കാരൻസ് ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ മെയ് മാസത്തിൽ പുറത്തിറക്കാൻ സാധ്യതയുണ്ട് എന്നാണ് പുതിയ റിപ്പോട്ടുകൾ. ഈ കിയ എംപിവിക്ക് പുതുക്കിയ രൂപകൽപ്പനയും പുതിയ സവിശേഷതകളോടെ പുതുക്കിയ ഇന്റീരിയറുകളും ലഭിക്കും.
പുതുക്കിയ കിയ കാരെൻസും കാരെൻസ് ഇവിയും വരാനിരിക്കുന്ന കിയ ഇവി6-ന് സമാനമായി ത്രികോണാകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റുകളോടെയാണ് വരുന്നത്. കണക്റ്റഡ് എൽഇഡി ഡിആർഎല്ലുകളും, പുതുതായി രൂപകൽപ്പന ചെയ്ത ഫ്രണ്ട്, റിയർ ബമ്പറുകളും, ഫുൾ-വിഡ്ത്ത് ടെയിൽലൈറ്റുകളും ഇതിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫെയ്‌സ്‌ലിഫ്റ്റഡ് കാരൻസിന് പുതിയ അലോയ് വീലുകൾ ലഭിച്ചേക്കാം, അതേസമയം അതിന്റെ ഇലക്ട്രിക് അവതാരത്തിന് എയറോഡൈനാമിക്കലി ഡിസൈൻ ചെയ്ത അലോയ് വീലുകൾ ലഭിക്കും. ഇലക്ട്രിക് കാറിന് ഒരു അടച്ച ഗ്രില്ലും ലഭിക്കുമെന്നും റിപ്പോട്ടുകൾ പറയുന്നു.
പുതിയ കിയ കാരെൻസിന്റെ ഇന്റീരിയർ ആധുനിക ഡാഷ്‌ബോർഡും വ്യത്യസ്ത നിറങ്ങളിലുള്ള സീറ്റ് അപ്ഹോൾസ്റ്ററിയും ഉപയോഗിച്ച് പുതിയൊരു ലുക്ക് നേടുമെന്ന് പ്രതീക്ഷിക്കുന്നു. ഇലക്ട്രിക് പതിപ്പിൽ വ്യത്യസ്തമായ ഒരു ക്യാബിൻ തീമും ഉണ്ടായിരിക്കും. രണ്ട് കാറുകളുടെയും ഡാഷ്‌ബോർഡിൽ 12.3 ഇഞ്ച് വലിപ്പമുള്ള വലിയ ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണം, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജർ, പനോരമിക് സൺറൂഫ് തുടങ്ങിയ സവിശേഷതകൾ ലഭ്യമാകും. അതേസമയം, സുരക്ഷയെക്കുറിച്ച് പറയുകയാണെങ്കിൽ, ഇതിന് 6 എയർബാഗുകൾ, ഇഎസ്‍സി, 360-ഡിഗ്രി ക്യാമറ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസർ ലെവൽ-2 ADAS തുടങ്ങിയ സവിശേഷതകളുണ്ട്.
ഫെയ്‌സ്‌ലിഫ്റ്റഡ് കാരൻസിന്റെ എഞ്ചിൻ ഓപ്ഷനുകളായി മൂന്ന് പവർട്രെയിനുകൾ ലഭ്യമാണ്. ഇതിൽ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിവ ഉൾപ്പെടുന്നു. ഇതിന് 6-സ്പീഡ് എംടി, 6-സ്പീഡ് ഐഎംടി, 7-സ്പീഡ് ഡിസിടി, 6-സ്പീഡ് എടി ട്രാൻസ്മിഷൻ ഓപ്ഷനുകൾ ലഭിക്കുന്നു. അതേസമയം, 400 മുതൽ 500 കിലോമീറ്റർ വരെയുള്ള ശ്രേണി അനുസരിച്ച് വ്യത്യസ്ത ബാറ്ററി പായ്ക്കുകൾ കാരൻസ് ഇവിയിൽ ലഭ്യമാണ്. ഇതിന്റെ പ്രാരംഭ വില ഏകദേശം 11.50 ലക്ഷം രൂപ ആയിരിക്കും എന്നാണ് റിപ്പോട്ടുകൾ.