ഫോക്സ്വാഗൺ GT ബാഡ്‌ജിൽ ടിഗ്വാൻ ആർ ലൈനും ഗോൾഫ് ജിടിഐയും പുറത്തിറക്കുന്നു. ടിഗ്വാൻ ആർ ലൈൻ ഏപ്രിൽ 14-ന് വിൽപ്പനയ്‌ക്കെത്തും. ഗോൾഫ് ജിടിഐ 2025-ൽ വിപണിയിൽ എത്തും
പെർഫോമൻസിനെ അടിസ്ഥാനമാക്കിയുള്ള വാഹന വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ജിടി ബാഡ്‍ജ് ചെയ്ത മോഡലുകൾ കൊണ്ടുവന്ന് തങ്ങളുടെ ഉൽപ്പന്ന ശ്രേണി വിപുലീകരിക്കാൻ ജർമ്മൻ വാഹന ബ്രാൻഡായ ഫോക്‌സ്‌വാഗൺ പദ്ധതിയിടുന്നു. കൂടാതെ, ജർമ്മൻ വാഹന നിർമ്മാതാക്കൾ ഇലക്ട്രിക് വാഹന (EV) മേഖലയിലേക്ക് കടക്കുകയും ടയർ II, III നഗരങ്ങളിൽ സാന്നിധ്യം വിപുലീകരിക്കുകയും ചെയ്യും. ഈ തന്ത്രം പിന്തുടർന്ന്, പ്രകടനത്തെ കേന്ദ്രീകരിച്ചുള്ള രണ്ട് മോഡലുകൾ ടിഗ്വാൻ ആർ ലൈൻ, ഗോൾഫ് ജിടിഐ മോഡലുകൾ ഫോക്സ്‍വാഗൺ അവതരിപ്പിക്കും. ഏപ്രിൽ 14 ന് ഫോക്സ്‍വാഗൺ ടിഗ്വാൻ ആർ ലൈൻ വിൽപ്പനയ്‌ക്കെത്തുമ്പോൾ , ഗോൾഫ് ജിടിഐ വരും മാസങ്ങളിൽ എത്തും. വരാനിരിക്കുന്ന ഈ ഫോക്‌സ്‌വാഗൺ കാറുകളുടെ പ്രധാന വിശദാംശങ്ങൾ നമുക്ക് അറിയാം.
ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐ
2025 ന്റെ രണ്ടാം പാദത്തിൽ (ഏപ്രിൽ - ജൂൺ) ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐയുടെ വിപണി ലോഞ്ച് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹോട്ട്-ഹാച്ചിന്റെ ആദ്യ ബാച്ചിൽ 250 യൂണിറ്റുകൾ ഉണ്ടാകും. 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ 2.0L ടർബോ പെട്രോൾ എഞ്ചിൻ ഗോൾഫ് GTI-യിൽ ഉൾപ്പെടുന്നു. ഈ മോട്ടോർ പരമാവധി 265bhp പവറും 370Nm ടോർക്കും പുറപ്പെടുവിക്കുന്നു. 2025-ൽ പുറത്തിറങ്ങാനിരിക്കുന്ന സ്കോഡ ഒക്ടാവിയ RS-നും ഇതേ എഞ്ചിൻ തന്നെയാണ് കരുത്ത് പകരുന്നത്. 5.9 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100kmph വരെ വേഗത കൈവരിക്കാൻ ഫോക്സ്‍വാഗൺ ഗോൾഫ് ജിടിഐക്ക് കഴിയും. കൂടാതെ 250kmph പരമാവധി വേഗതയും വാഗ്ദാനം ചെയ്യുന്നു.
ടാർട്ടൻ സീറ്റ് അപ്ഹോൾസ്റ്ററി, ചുവന്ന ആക്സന്റുകളുള്ള സ്റ്റിയറിംഗ് വീൽ, ജിടിഐ ബാഡ്‍ജ്, ഫോക്സ്‌വാഗന്റെ ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ ഇന്റർഫേസുള്ള 12.9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മികച്ച ഗ്രാഫിക്സ് തുടങ്ങിയവ ഈ ഹാച്ച് ബാക്കിൽ വാഗ്ദാനം ചെയ്യുന്നു. ചാറ്റ്ജിപിടി പിന്തുണയുള്ള വോയിസ് അസിസ്റ്റന്‍റും ഇതിൽ ലഭിക്കുന്നു. പുറംഭാഗത്ത്, ഡോറിൽ ജിടിഐ ബാഡ്‍ജ്, 19 ഇഞ്ച് അഞ്ച്-സ്പോക്ക് ഡയമണ്ട് കട്ട് അലോയ് വീലുകൾ, സ്മോക്ക്ഡ് എൽഇഡി ടെയിൽലാമ്പുകൾ, റൂഫ് സ്‌പോയിലർ എന്നിവ വിഡബ്ല്യു ഗോൾഫ് ജിടിഐയുടെ സവിശേഷതകളാണ്.
ഫോക്‌സ്‌വാഗൺ ടിഗുവാൻ ആർ ലൈൻ
പൂർണമായും ഇറക്കുമതി ചെയ്ത യൂണിറ്റായി എത്തുന്ന ടിഗുവാൻ ആർ ലൈൻ ശ്രേണിയിലെ ഏറ്റവും ഉയർന്ന വകഭേദമായിരിക്കും. ഏകദേശം 50 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ ആയിരിക്കും ഈ കാർ എത്തുന്നത്. ഈ എസ്‌യുവി MQB ഇവോ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ പരമാവധി 265 bhp പവർ നൽകുന്ന കൂടുതൽ ശക്തമായ 2.0L ടർബോ പെട്രോൾ എഞ്ചിനും ഇതിൽ വാഗ്ദാനം ചെയ്യാൻ കഴിയും. 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നത്. ഇതിന് AWD (ഓൾ-വീൽ ഡ്രൈവ്) സിസ്റ്റം ലഭിക്കും.
സാധാരണ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, ഫോക്‌സ്‌വാഗൺ ടിഗുവാൻ ആർ ലൈൻ കൂടുതൽ സ്‌പോർട്ടി ആയിരിക്കും. പരിഷ്‍കരിച്ച ബമ്പറുകൾ, ആർ ലൈൻ-നിർദ്ദിഷ്‍ട സൈഡ് പാനലുകൾ, വലിയ 19 ഇഞ്ച് അലോയി വീലുകൾ, മുന്നിലും പിന്നിലും പൂർണ്ണ വീതിയുള്ള തിരശ്ചീന എൽഇഡി ലൈറ്റ് സ്ട്രിപ്പുകൾ, ഒരു പിൻ സ്‌പോയിലർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അകത്ത്, എസ്‌യുവിയിൽ സ്‌പോർട്‌സ് സീറ്റുകളും മൂന്ന് ലൈറ്റ് സോണുകളും 30 നിറങ്ങളുമുള്ള ഒരു ആംബിയന്‍റ് ലൈറ്റിംഗ് പാക്കേജും ഉണ്ടായിരിക്കും.