'മണ്ണാണ് ജീവൻ', സദ്ഗുരു പറയുന്നു |Sadhguru Interview|Save Soil Movement
'മണ്ണാണ് ജീവൻ', മണ്ണ് സംരക്ഷണം ലക്ഷ്യമിട്ട് Save Soil Movementന്റെ ഭാഗമായി 70ലധികം രാജ്യങ്ങളിലൂടെ സഞ്ചരിച്ച് തിരികെയെത്തിയ സദ്ഗുരു തന്റെ യാത്രാനുഭവം പറയുന്നു; കാണാം ഏഷ്യാനെറ്റ് ന്യൂസ് എക്സ്ക്ലൂസീവ് അഭിമുഖം 'മണ്ണും മനുഷ്യനും'
മണ്ണ് സംരക്ഷണത്തിന്‍റെ സന്ദേശമുയർത്തി ഇഷ ഫൗണ്ടേഷന്‍റെ സേവ് സോയിൽ പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് പോരാട്ടവും നിലപാടും മുന്നോട്ടുള്ള യാത്രയെക്കുറിച്ചുമുള്ള കാര്യങ്ങൾ സദ്ഗുരു ഏഷ്യാനെറ്റ് ന്യൂസിലൂടെ പങ്കുവച്ചത്. ഉപദേശങ്ങളല്ല സാമ്പത്തിക ആനുകൂല്യങ്ങളാണ് ഇന്ത്യയിൽ കർഷകർക്ക് വേണ്ടതെന്നാണ് സദ്ഗുരുവിന്‍റെ പക്ഷം. കൃഷി അറിയാത്തവർ പ്രചരിപ്പിക്കുന്ന നഗര വിഡ്ഢിത്തമാണ് ജൈവ കൃഷിയെന്ന വിമർശനവും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അനൂപ് ബാലചന്ദ്രന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സദ്ഗുരു വ്യക്തമാക്കി.
മണ്ണ് സംരക്ഷണത്തിന്‍റെ സന്ദേശമുയർത്തിയുള്ള ഇതുവരെയുള്ള യാത്ര വൻവിജയമാണെന്ന് പറഞ്ഞു തുടങ്ങിയ സദ്ഗുരു ജനലക്ഷങ്ങളുടെ പിന്തുണയുണ്ടായതിലെ വലിയ സന്തോഷവും പങ്കുവച്ചു. ലണ്ടനിൽ മാർച്ചിൽ തുടങ്ങിയ യാത്രയിൽ 74 രാജ്യങ്ങൾ ക്യാമ്പയിന്‍റെ ഭാഗമായി. മറ്റ് രാജ്യങ്ങളും ഇതിന്‍റെ ഭാഗമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വിവരിച്ചു. മണ്ണ് സംരക്ഷണ നയത്തിനായുള്ള ഹാൻഡ് ബുക്ക് തയ്യാറാക്കാനായതിലെ സന്തോഷവും സദ്ഗുരു പങ്കുവച്ചു. 193 രാജ്യങ്ങൾക്കായി ഹാൻഡ് ബുക്ക് തയ്യാറാക്കിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഓരോ രാജ്യത്തിന്റെയും പാരിസ്ഥിതിക പ്രത്യേകതകളും മണ്ണിന്റെ സവിശേഷതകളും കണക്കിലെടുത്തുള്ള വിവരങ്ങളാണ് അതിൽ പങ്കുവച്ചിട്ടുള്ളത്. എത്രയൊക്കെ ശാസ്ത്രപുരോഗതിയുണ്ടായാലും പാരമ്പര്യകൃഷിരീതികൾ ഒറ്റദിവസം കൊണ്ട് മാറ്റാനാവില്ല. അത് പതിയെ മാറ്റിയെടുക്കാമെന്നാണ് പ്രതീക്ഷ. 193 രാജ്യങ്ങളും ഇതിന്‍റെ ഭാഗമാകുമെന്നാണ് കരുതുന്നത്. 74 രാജ്യങ്ങൾ ഹാൻഡ് ബുക്കിലെ നിർദ്ദേശങ്ങൾ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചെന്നും സദ്ഗുരു വ്യക്തമാക്കി.
യൂറോപ്പിലെ അതിശൈത്യത്തിൽ ലണ്ടനിലാണ് മാർച്ചിൽ യാത്ര തുടങ്ങിയത്. നഗരവും ഗ്രാമവും ഒരുപോലെ സ്വീകരിച്ചു. സർക്കാറുകളും അനുകൂലമായി പ്രതികരിച്ചു. വിവിധ ഇടങ്ങളിലെ കൃഷി-പരിസ്ഥിതി മന്ത്രിമാരെ കണ്ടതും ക്രിയാത്മക ചർച്ചകൾ നടന്നതിനെക്കുറിച്ചും സദ്ഗുരു വാചാലനായി. ഗൾഫ് രാജ്യങ്ങളിലെ 54 ഡിഗ്രി ചൂടിലും റാലി നടത്തിയതിന്‍റെ അനുഭവവും അദ്ദേഹം പങ്കുവച്ചു. സേവ് സോയിൽ യാത്രയ്ക്ക് മുമ്പ് മണ്ണ് സംരക്ഷണം ഒരു വിഷയമായി ആരും കണ്ടിരുന്നില്ലെന്നും ലോകത്തിന് അവബോധമുണ്ടായത് തന്‍റെ യാത്രയിലൂടെയാണെന്നും സദ്ഗുരു അവകാശപ്പെട്ടു. സോഷ്യൽ മീഡിയയിൽ 3.91 ബില്യൺ ആളുകളിലേക്ക് പ്രചാരണമെത്തയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏറ്റവും പ്രധാനമാണ് മണ്ണ്. ഈ കാലഘട്ടത്തിൽ മണ്ണിനെക്കുറിച്ച് പറയാതെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സംസാരിക്കാനാവില്ല. നമ്മുടെ കാലാവസ്ഥയിൽ 8 - 12 ഡിഗ്രി വരെ ചൂടിന്‍റെ വ്യത്യാസമുണ്ടായത് എന്തുകൊണ്ടാണെന്നും സദ്ഗുരു ചോദിച്ചു. മഴക്കാടുകൾ സംരക്ഷിക്കണമെന്നാണ് എല്ലാവരും പറയുന്നത്. കാടിനെ വെറുതെ വിടുക. കൃഷിഭൂമിയിലാണ് മനുഷ്യൻ ശ്രദ്ധിക്കേണ്ടത്. 75 ശതമാനത്തിലധികം ഭൂമി നാം ഉപയോഗിച്ചു കഴിഞ്ഞു, നമുക്കാവശ്യമുള്ളത് നാം തന്നെ കൃഷി ചെയ്യണം, പക്ഷേ മണ്ണിനെ സംരക്ഷിച്ചുകൊണ്ടാകണം അതെന്നും സദ്ഗുരു ചൂണ്ടികാട്ടി.
മണ്ണിനായുള്ള ക്യാമ്പയിൻ വിജയിക്കില്ലെന്നാണ് യാത്രയുടെ തുടക്കത്തിൽ പലരും അഭിപ്രായപ്പെട്ടത്. എന്നാൽ യാത്രയിലൂടെ തനിക്ക് മറിച്ചുള്ള അനുഭവമാണ് ഉണ്ടായതെന്ന് സദ്ഗുരു വിവരിച്ചു. മണ്ണ് സംരക്ഷണമെന്ന പ്രശ്നത്തെ എങ്ങനെ അഭിമുഖീകരിക്കുന്നു എന്നതാണ് പ്രധാന കാര്യം. മനുഷ്യത്വം ജ്വലിപ്പിക്കുന്ന എന്താണ് നാം ചെയ്യുന്നത് എന്നതാണ് ചോദ്യം. മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളിൽ നിന്നും മണ്ണിനെ മാറ്റിനിർത്തണം. കൽക്കരിയും ഫോസിൽ ഇന്ധനങ്ങളും ബിസിനസിന്റെ ഭാഗമാണ്. ഇതിനെയൊക്കെ എതിർക്കാനാണെങ്കിൽ വീട്ടിൽ കറണ്ട് വേണ്ടെന്ന് തീരുമാനിക്കേണ്ടി വരും. അത് നടക്കുന്ന കാര്യമല്ല. അതല്ലാതെയും മണ്ണ് സംരക്ഷണം സാധ്യമാണ്. അത് ബോധ്യപ്പെടുത്തലാണ് യാത്രയുടെ ലക്ഷ്യം. 71 രാജ്യങ്ങളിലൂടെ സഞ്ചരിച്ച് കഴിഞ്ഞു. ഈ രാജ്യങ്ങൾ നിർദ്ദേശങ്ങൾ ഏറ്റെടുക്കുമെന്നതിൽ സംശയമില്ല, എത്ര വേഗത്തിൽ എന്നതിൽ മാത്രമാണ് സംശയമുള്ളത്. വൻരാജ്യങ്ങൾ എത്രയും പെട്ടെന്ന് നടപ്പാക്കിയേക്കുമെന്നും സദ്ഗുരു പ്രതീക്ഷ പങ്കുവച്ചു.
ഒറ്റവിള 25 കൊല്ലം തുടർച്ചയായി കൃഷി ചെയ്താൽ മണ്ണ് നശിക്കുമെന്നാണ് പര്യവേഷകർ പറയുന്നതെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ആറുവിളകൾ ഒറ്റക്കൊല്ലം കൃഷി ചെയ്ത് തിരികെ മണ്ണിന് നൽകണം. മണ്ണിനെ അതേപടി സൂര്യന് വിട്ടുകൊടുക്കുന്നത് മണ്ണിനെ ഇല്ലാതാക്കലാണ്. കൃഷിക്കാരന് ആനുകൂല്യം കൊടുത്തുകൊണ്ടുള്ള നയരൂപീകരണമാണ് സർക്കാറിനോട് നിർദ്ദേശിച്ചിട്ടുള്ളത്. കർഷകനോട് പ്രഭാഷണം നടത്തിയിട്ട് കാര്യമില്ല. പുതിയ കൃഷിരീതികൾ നിർദ്ദേശിക്കരുതെന്നാണ് സർക്കാറുകളോടുള്ള അഭ്യർത്ഥന. മണ്ണിന്റെ ജൈവികത കൂട്ടുന്ന കർഷകന് ഇൻസെന്റീവ് പ്രഖ്യാപിക്കാനാകണം. ജൈവാംശം കൂടുതലുള്ള മേൽമണ്ണ് ഇല്ലാതാകുന്നത് കാർഷിക രംഗത്ത് ഭാവിയിലുണ്ടാക്കുന്ന പ്രശ്നങ്ങളും പ്രചാരണത്തിലൂടെ ശ്രദ്ധയിലെത്തിക്കാനായെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെത് പോലെ എല്ലാ സമയവും മണ്ണിൽ കൃഷിയുണ്ടാകണം. കർഷകരിലേക്ക് നേരിട്ട് സാമ്പത്തിക സഹായം എത്തിക്കണം ഇതാണ് പ്രധാന പരിഹാര നിർദ്ദേശങ്ങളെന്നും സദ്ഗുരു പറഞ്ഞു.
അതേസമയം ജൈവ കൃഷിക്കെതിരെ വലിയ വിമർശനമാണ് അദ്ദേഹം ഉന്നയിക്കുന്നത്. ജൈവ കൃഷിയെ ബദലായി ഉയർത്തുന്നതിനെ എതിർക്കുകയാണെന്ന് സദ്ഗുരു വ്യക്തമാക്കി. കൃഷി അറിയാത്തവർ പ്രചരിപ്പിക്കുന്ന നഗര വിഡ്ഢിത്തമാണ് ജൈവ കൃഷിയെന്നാണ് വിമർശനം. അതേസമയം തനിക്കെതിരായ വിമർശനങ്ങളോടും അദ്ദേഹം പ്രതികരിച്ചു. രാസവളം ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന വിമർശനത്തോടും നദീ സംരക്ഷണത്തിനായി 2017ൽ തുടങ്ങിയ റാലി ഫോർ റിവർ പദ്ധതിയിൽ നദീതീരത്ത് മരങ്ങൾ വച്ചുപിടിപ്പിക്കാനുള്ള സദ്ഗുരു ആശയങ്ങളും വിമർശിക്കപ്പെട്ടിരുന്നു. എതിർപ്പുകൾ തള്ളിയ സദ്ഗുരു പദ്ധതി വൻ വിജയമാണെന്ന് അവകാശപ്പെട്ടു. കേന്ദ്രസർക്കാർ തങ്ങളുടെ ആശയങ്ങൾ ഏറ്റെടുത്ത് നദീസംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങിയതാണ് വിമർശനങ്ങൾക്കുള്ള മറുപടിയെന്നാണ് സദ്ഗുരുവിന്‍റെ പക്ഷം.
സേവ് സോയിൽ ആദ്യഘട്ട പ്രചാരണം മോട്ടോർബൈക്കിലാണ് സദ്ഗുരു പൂർത്തിയാക്കിയത്. 29000 ത്തോളം കിലമീറ്റർ 100ദിവസം കൊണ്ടായിരുന്നു യാത്ര. മണ്ണ് സംരക്ഷിക്കുന്നതിനായി പ്രായോഗിക ഒരു നയം രൂപപ്പെടുത്തുകയായിരുന്നു ആദ്യ ഘട്ടം. ഇതിനായുള്ള ആശയങ്ങൾ പങ്കുവച്ചാണ് കോയമ്പത്തൂരിൽ യാത്ര അവസാനിച്ചത്. ആദ്യ ഘട്ടത്തിൽ ഉൾപ്പെടാതിരുന്ന രാജ്യങ്ങളിൽ സേവ് സോയിൽ സന്ദേശമെത്തിക്കുകയാണ് അടുത്ത ഘട്ടം.