Asianet News MalayalamAsianet News Malayalam

മുഖം മിനുക്കി വാട്‌സ്ആപ്പ്; വീഡിയോ കോളില്‍ ഈ ഫീച്ചറുകള്‍ പരീക്ഷിച്ചാല്‍ നിങ്ങള്‍ കളറാകും!

കാത്തിരുന്ന അപ്‌ഡേറ്റുമായി വാട്‌സ്‌ആപ്പ്, വീഡിയോ കോളില്‍ ഫില്‍ട്ടറും ബാക്ക്‌ഗ്രൗണ്ട് എഡിറ്റിംഗ് ഓപ്ഷനും വരുന്നു

WhatsApp introduces filters and backgrounds for video calls
Author
First Published Oct 6, 2024, 12:23 PM IST | Last Updated Oct 6, 2024, 12:25 PM IST

തിരുവനന്തപുരം: കൂടുതല്‍ മുഖം മിനുക്കുകയാണ് പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ വാട്‌സ്ആപ്പ്. ഇതിന്‍റെ ഭാഗമായി വാട്‌സ്ആപ്പിലെ വീഡിയോ കോളിംഗ് ഓപ്ഷനില്‍ രണ്ട് പുതിയ ഫീച്ചറുകള്‍ ഉടനെത്തും. വീഡിയോ കോളുകള്‍ക്കായുള്ള ക്യാമറ ഫീല്‍ട്ടറുകളും ആകര്‍ഷകമായ ബാക്ക്‌ഗ്രൗണ്ടുകളുമാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിനൊപ്പം ടച്ച്-അപ് ഓപ്ഷനുകളുമുണ്ടാകും. 

ഇനി വാട്‌സ്ആപ്പ് വീഡിയോ കോളുകള്‍ പഴയതുപോലെ നിറംമങ്ങിയതും അവ്യക്തവും ബോറടിപ്പിക്കുന്നതുമായ പശ്ചാത്തലത്തിലുള്ളവയും ആയിരിക്കില്ല. വാട്‌സ്ആപ്പ് വീഡിയോ കോള്‍ കളര്‍ഫുള്‍ ആക്കുന്നതിന്‍റെ ഭാഗമായി മെറ്റ രണ്ട് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ്. വീഡിയോ കോളില്‍ ഫില്‍ട്ടര്‍ ആഡ് ചെയ്യാനും പശ്ചാത്തലം എഡിറ്റ് ചെയ്ത് മാറ്റി പുതിയ ബാക്ക്‌ഗ്രൗണ്ട് നല്‍കാനും ഇനി മുതല്‍ സാധിക്കും. വീഡിയോ കോളിനെ ഫിള്‍ട്ടറുകള്‍ കൂടുതല്‍ ആകര്‍ഷകവും നിറമുള്ളതുമാക്കി മാറ്റും. ഇത് വീഡിയോയ്‌ക്ക് മെച്ചപ്പെട്ട ഫീല്‍ നല്‍കും. ബാക്ക്‌ഗ്രൗണ്ട് എഡിറ്റ് ചെയ്ത് നിങ്ങള്‍ക്ക് മനോഹരമായ ലിവിംഗ് റൂമോ കോഫീ ഷോപ്പോ ഒക്കെയാക്കി മാറ്റാം. ഇതും വീഡിയോ കോളിന് മികച്ച ലുക്ക് നല്‍കും എന്ന് വാട്‌സ്ആപ്പ് അവകാശപ്പെടുന്നു. 

വാം, കൂള്‍, ബ്ലാക്ക് ആന്‍ഡ് വൈറ്റ്, ലൈറ്റ് ലീക്ക്, ഡ്രീമി, പ്രിസം ലൈറ്റ്, ഫിഷ്‌ഐ, വിന്‍റേജ് ടിവി, ഫ്രോസ്റ്റഡ് ഗ്ലാസ് തുടങ്ങിയ ഫിള്‍ട്ടറുകളാണ് വാട്‌സ്ആപ്പ് വീഡിയോ കോളിലെത്തുന്നത്. ബ്ലര്‍, ലിംഗ് റൂം, ഓഫീസ്, കഫെ, പെബിള്‍സ്, ഫുഡീ, സ്‌മൂഷ്, ബീച്ച്, സണ്‍സെറ്റ്, സെലിബ്രേഷന്‍, ഫോറസ്റ്റ് എന്നിവയാണ് വീഡിയോ കോളുകള്‍ക്കായുള്ള ബാക്ക്‌ഗ്രൗണ്ടുകള്‍. ഇതിന് പുറമെ ആളെ കൂടുതല്‍ ആകര്‍ഷമാക്കുകയും ബ്രൈറ്റ്‌നൈറ്റ് കൂട്ടുകയും ചെയ്യാനുള്ള ടച്ച് അപ്, ലോ ലൈറ്റ് എന്നീ ഓപ്ഷനുകളും വാട്‌സ്ആപ്പ് വീഡിയോ കോളിലേക്ക് കൊണ്ടുവരും. വ്യക്തിഗതമായ കോളുകളിലും ഗ്രൂപ്പ് കോളുകളിലും ഈ ഫീച്ചറുകള്‍ ഉപയോഗിക്കാം. ഇതിനായി ഇഫക്ടുകള്‍ സ്ക്രീനിന്‍റെ വലതുമൂലയില്‍ നിന്ന് തെരഞ്ഞെടുക്കാം. വരും ആഴ്ചകളില്‍ ഈ ഫില്‍ട്ടറുകളും ബാക്ക്‌ഗ്രൗണ്ടുകളും വാട്‌സ്ആപ്പ് വീഡിയോ കോളില്‍ ലഭ്യമായിത്തുടങ്ങും. 

Read more: വരുന്നു വാട്‌സ്ആപ്പില്‍ മൂന്ന് 'ഡോട്ട്' മാര്‍ക്കുകള്‍, ആരും പരിഭ്രാന്തരാവണ്ട; ഇതാണ് സംഭവം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios