ഐഫോണ്‍ X സംബന്ധിച്ച് പുതിയ പരാതി

സിലിക്കണ്‍ വാലി: ആപ്പിള്‍ ഐഫോണിന്‍റെ പുതിയ പതിപ്പ് ഐഫോണ്‍ X സംബന്ധിച്ച് പുതിയ പരാതി. നിസാരമാണെന്ന് തോന്നാം എങ്കിലും ഒരു മൊബൈല്‍ ഫോണിന്‍റെ പ്രഥമികമായ ആവശ്യത്തില്‍ തന്നെയാണ് പ്രശ്നം എന്നതാണ് പുതിയ പ്രശ്നത്തിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്. 93,000 രൂപയോളം കൊടുത്ത് വാങ്ങുന്ന ഫോണില്‍ കോള്‍ എടുക്കാന്‍ സാധിക്കുന്നില്ല എന്നതാണ് പ്രശ്നത്തിന്‍റെ കാതല്‍.
ഇതാണ് പ്രശ്നം, ഫോണിലേക്ക് ഒരു കോള്‍ വന്നുവെന്നിരിക്കട്ടെ, ഐഫോണ്‍ Xന്റെ ഡിസ്‌പ്ലെ കുറച്ചു സെക്കന്‍ഡുകള്‍ ഓണാവില്ല, ഉപയോക്താവിന് കോളിനു മറുപടി നല്‍കാനോ, ആരാണ് വിളിക്കുന്നത് എന്നറിയാനോ ആവില്ല. പല രാജ്യങ്ങളില്‍ നിന്നും ഈ പ്രശ്നം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതായത് നവംബറില്‍ ഇറങ്ങിയ ഫോണിനെക്കുറിച്ച് കഴിഞ്ഞ ഡിസംബറില്‍ തന്നെ ഈ പ്രശ്നം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു എന്നാണ് ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൂടുതല്‍ പേർ ഈ പ്രശ്‌നം നേരിടുന്നതായി പറയുന്നുണ്ടെങ്കിലും അത്ര വ്യാപകമല്ലെന്നു തന്നെയാണ് വിലയിരുത്തപ്പെടുന്നത്. ഐഫോണ്‍ Xലെ ഈ തകരാറ് റീസ്റ്റാര്‍ട്ട് ചെയ്താല്‍ ഒഴിവാക്കാം എന്ന സൂചനകള്‍ ചില ടെക് ഉപദേശകര്‍ തരുന്നുണ്ട്. എന്നാല്‍ ഐഫോണ്‍ Xന്‍റെ ഈ പ്രശ്നം ഒരു ഹാര്‍ഡ്‌വെയര്‍ പ്രശ്‌നമാകാനാണ് കൂടുതല്‍ സാധ്യത എന്നാണ് വിദഗ്ധര്‍ പറയുന്നത്. എങ്കിലും ഒരു ഫോണിന്‍റെ അടിസ്ഥാന ഉപയോഗത്തില്‍ തന്നെ സംഭവിക്കുന്ന പ്രശ്നം ആപ്പിളിന് ഒരു തട്ടുകേടാണ് എന്ന് അഭിപ്രായമുള്ളവരുമുണ്ട്.
