'അടുത്ത മമ്മൂട്ടിയോ മോഹന്‍ലാലോ ആവേണ്ട ആള്‍'; അര്‍ജുന്‍ അശോകനെക്കുറിച്ച് സന്തോഷ് വര്‍ക്കി
അര്‍ജുനെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം പറഞ്ഞ് സന്തോഷ് വര്‍ക്കി

'ലാലേട്ടന്‍ ആറാടുകയാണ്' എന്ന ഒറ്റ ഡയലോഗിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ സിനിമാപ്രേമിയാണ് സന്തോഷ് വര്‍ക്കി (Santhosh Varkey). മോഹന്‍ലാല്‍ നായകനായ ഏറ്റവും പുതിയ ചിത്രം ആറാട്ടിന്‍റെ (Aaraattu) ആദ്യ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ ഓഡിയന്‍സ് റെസ്പോണ്‍സ് എടുക്കാനെത്തിയ യുട്യൂബ് ചാനലുകാരോടായിരുന്നു സന്തോഷിന്‍റെ പ്രതികരണം. സിനിമയെക്കുറിച്ച് ചിലര്‍ നെഗറ്റീവ് അഭിപ്രായങ്ങള്‍ പറഞ്ഞപ്പോള്‍ അത് ഡീഗ്രേഡിംഗ് ആണെന്നും സന്തോഷ് പറഞ്ഞിരുന്നു. പിറ്റേന്നുതന്നെ സന്തോഷിനെ കണ്ടെത്തിയ പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചതും ചില യുട്യൂബ് ചാനലുകളാണ്. ഇപ്പോഴിതാ മറ്റൊരു ചിത്രത്തിനും റിവ്യൂ പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് വര്‍ക്കി.
അര്‍ജുന്‍ അശോകന്‍ (Arjun Ashokan) ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് ഇന്ന് തിയറ്ററുകളില്‍ എത്തിയ മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ് (Member Rameshan 9aam Ward) എന്ന ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം കാണാന്‍ സന്തോഷും എത്തിയിരുന്നു. ചിത്രത്തെക്കുറിച്ച് യുട്യൂബ് ചാനല്‍ ക്യാമറകളുടെ മുന്നില്‍ നല്ല അഭിപ്രായവും പറഞ്ഞു. പിന്നീട് സ്വന്തം ചിത്രത്തെക്കുറിച്ച് അര്‍ജുന്‍ അശോകന്‍ സംസാരിക്കുമ്പോള്‍ അടുത്തുവന്നു നിന്നിരുന്ന സന്തോഷ് അര്‍ജുനെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം അദ്ദേഹത്തിന്‍റെ മുന്നില്‍വച്ചു തന്നെ പറഞ്ഞു. യുവനടന്മാരില്‍ ഏറ്റവും പ്രോത്സാഹനം കൊടുക്കേണ്ട നടനാണ്. നല്ല ലുക്ക് ഉണ്ട്. നല്ല അഭിനേതാവാണ്. അടുത്ത മമ്മൂട്ടിയോ മോഹന്‍ലാലോ ആവേണ്ട ആളാണ്, എന്നായിരുന്നു അര്‍ജുനെക്കുറിച്ചുള്ള സന്തോഷിന്‍റെ അഭിപ്രായം. സന്തോഷിന്‍റെ പുതിയ റിവ്യൂവും ട്രോള്‍ വീഡിയോകളില്‍ നിറയുന്നുണ്ട്.
അര്‍ജുനൊപ്പം ചെമ്പന്‍ വിനോദ് ജോസ്, ഗായത്രി അശോക്, ശബരീഷ്, മാമുക്കോയ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബോബന്‍ ആന്‍ഡ് മോളി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോഷി തോമസ് പള്ളിക്കല്‍, ലൈന്‍ പ്രൊഡ്യൂസര്‍ മെബിന്‍ ബോബന്‍, ഛായാഗ്രഹണം എല്‍ദോ ഐസക്, സംഗീതം കൈലാഷ്, എഡിറ്റിംഗ് ദീപു ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുനില്‍ കാര്യാട്ടുകര, സൗണ്ട് ഡിസൈന്‍ രജീഷ് പി എം, സൗണ്ട് മിക്സിംഗ് വിഷ്ണു സുജാതന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജോബ് ജോര്‍ജ്, വസ്ത്രാലങ്കാരം മെല്‍വി ജെ, കലാസംവിധാനം പ്രദീപ് എം പി, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണന്‍, ഡിസൈന്‍ ഓള്‍ഡ്മങ്ക്സ്.
