വഴിയോരക്കച്ചവടക്കാരനോട് വിലപേശുന്ന നയന്‍താര; വീഡിയോ വൈറല്‍ ആക്കി ആരാധകര്‍
വ്യത്യസ്‍ത സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നയന്‍താര ഫാന്‍സ് വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചതിനു പിന്നാലെ നയന്‍താരയെ എതിര്‍ത്തും അനുകൂലിച്ചും കമന്‍റുകള്‍ വരുന്നുണ്ട്

തെന്നിന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള നായികാതാരമാണ് 'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്നു വിളിപ്പേരുള്ള നയന്‍താര (Nayanthara). തന്‍റെ കരിയറിലെ ആദ്യ ബോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നയന്‍സ് ഇപ്പോള്‍. ആറ്റ്ലി (Atlee) സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകന്‍ ഷാരൂഖ് ഖാന്‍ ആണ്. സിനിമയുടെ മുംബൈ ഷെഡ്യൂള്‍ പുരോഗമിക്കുന്നതിനിടെ നയന്‍താരയുടെ ഒരു ലഘുവീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ (Viral Video) ആയിരിക്കുകയാണ്.
മുംബൈയിലെ റോഡരികില്‍ നിന്ന് ഒരു വഴിയോരക്കച്ചവടക്കാരനോട് വിലപേശുകയാണ് (Bargaining with a street vendor) വീഡിയോയില്‍ നയന്‍താര. വെള്ള നിറത്തിലുള്ള സല്‍വാര്‍ കമ്മീസ് ധരിച്ചെത്തിയ താരം ഒരു ബാഗ് ആണ് വാങ്ങാന്‍ ശ്രമിക്കുന്നത്. ഒപ്പം ചില സഹായികളുമുണ്ട്. വ്യത്യസ്‍ത സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നയന്‍താര ഫാന്‍സ് വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചതിനു പിന്നാലെ നയന്‍താരയെ എതിര്‍ത്തും അനുകൂലിച്ചും കമന്‍റുകള്‍ വരുന്നുണ്ട്. ആ തെരുവ് തന്നെ വിലയ്ക്ക് വാങ്ങാന്‍ ശേഷിയുള്ള ഒരു സൂപ്പര്‍താരം ഒരു വഴിയോരക്കച്ചവടക്കാരനോട് വിലപേശുന്നത് എന്തിനാണെന്നാണ് ഒരു വിഭാഗത്തിന്‍റെ വിമര്‍ശനം. അതേസമയം ഈ വീഡിയോ പുതിയ സിനിമയുടെ ചിത്രീകരണസ്ഥലത്തുനിന്ന് ലീക്ക് ആയതാവാമെന്ന് മറ്റൊരു വിഭാഗം പറയുന്നു.
അച്ഛനും മകനുമായി ഡബിള്‍ റോളിലാണ് ഷാരൂഖ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ് വിവരം. സാന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവര്‍ക്കൊപ്പം പ്രിയാമണിയും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം രജനീകാന്ത് നായകനാവുന്ന 'അണ്ണാത്തെ'യാണ് നയന്‍താരയുടേതായി അടുത്ത് പുറത്തെത്താനുള്ള റിലീസ്. ദീപാവലി റിലീസ് ആണ് ചിത്രം. പൃഥ്വിരാജിനെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന 'ഗോള്‍ഡി'ലും നയന്‍താരയാണ് നായിക.


