തായ്‍ലന്‍ഡിലെ ഹണിമൂണ്‍; സന്തോഷം പങ്കുവച്ച് മാളവികയും തേജസും
ടൈഗര്‍ പാര്‍ക്കിലെയും പട്ടായ ബീച്ചിലെയും ഫ്‌ളോട്ടിംഗ് മാര്‍ക്കറ്റിലെയുമെല്ലാം വിശേഷങ്ങള്‍ പങ്കുവച്ച് യുവദമ്പതികള്‍
![malavika krishnadas and thejas shares their honeymoon video from thailand nsn malavika krishnadas and thejas shares their honeymoon video from thailand nsn](https://static-gi.asianetnews.com/images/01h137ew0nzrwaj54dw6qe2av3/malu_363x203xt.jpg)
സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ താരമാണ് മാളവിക കൃഷ്ണദാസ്. എന്നാല്‍ പ്രേക്ഷകര്‍ ഏറ്റെടുത്തത് നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ്. നായികാ നായകനിലെ സഹമത്സരാര്‍ത്ഥിയായ തേജസിനെയാണ് മാളവിക വിവാഹം കഴിച്ചത്. തങ്ങളുടെ വിവാഹത്തെ കുറിച്ച് മാളവിക തന്നെയാണ് യൂട്യൂബ് വീഡിയോയിലൂടെ ആരാധകരെ അറിയിച്ചത്. കല്യാണ ഒരുക്കങ്ങളും വിവാഹ ദിനത്തിലെ വിശേഷങ്ങളുമെല്ലാം വ്ലോഗിലൂടെ പ്രേക്ഷകരുമായി താരം പങ്കുവെച്ചിരുന്നു.
വിവാഹശേഷം ഇരുവരും തായ്‌ലന്‍ഡിലേക്ക് പോയിരുന്നു. തായ്‌ലന്‍ഡ് യാത്രയിലെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായിരുന്നു. ഞങ്ങളുടെ ഹണിമൂണ്‍ മികച്ചതായിരുന്നുവെന്ന് തേജസും മാളവികയും പറയുന്നു. മനോഹരമായ നിമിഷങ്ങളുടെ വീഡിയോയുമായാണ് ഇരുവരും എത്തിയത്. സന്ദര്‍ശിച്ച സ്ഥലങ്ങളുടെയും താമസിച്ച ഹോട്ടലുകളുടെയും വിവരങ്ങളെല്ലാം ഇരുവരും വീഡിയോയിലൂടെ പങ്കിട്ടിരുന്നു. നിരവധി പേരായിരുന്നു വീഡിയോയുടെ താഴെ കമന്റുകളുമായെത്തിയത്. ഇൻസ്റ്റഗ്രാമിലാണ് ഷോർട്ട് വീഡിയോയാക്കി താരങ്ങൾ സന്തോഷം പങ്കുവച്ചത്.
ടൈഗര്‍ പാര്‍ക്കിലെയും പട്ടായ ബീച്ചിലെയും ഫ്‌ളോട്ടിംഗ് മാര്‍ക്കറ്റിലെയുമെല്ലാം വിശേഷങ്ങള്‍ ഇവര്‍ പങ്കുവച്ചിട്ടുണ്ട്. പ്രണയിച്ച് വിവാഹിതരായവരല്ല തങ്ങളെന്ന് മാളവികയും തേജസും ആവര്‍ത്തിച്ചിരുന്നു. കല്യാണാലോചനകള്‍ നടക്കുന്ന സമയത്താണ് മാളവികയുടെ കാര്യം തേജസിന്‍റെ വീട്ടില്‍ ചര്‍ച്ചയായത്. പതിവില്‍ നിന്നും വ്യത്യസ്തമായി ചെറുക്കന്‍ വീട് കാണാനായി മാളുവും പോയിരുന്നു. കുടുംബാംഗങ്ങള്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും അങ്ങനെ താനും പോയതാണെന്നുമാണ് താരം പറഞ്ഞത്.
ഇടയ്ക്ക് ചാനല്‍ പരിപാടിയിലേക്കും മാളവികയും തേജസും ഒന്നിച്ചെത്തിയിരുന്നു. ഡാന്‍സിംഗ് സ്റ്റാര്‍സിലേക്കായിരുന്നു തേജസ് വന്നത്. ഡാന്‍സ് തനിക്ക് തീരെ പറ്റാത്ത കാര്യമാണെന്ന് തേജസ് പറഞ്ഞിരുന്നു. എന്നാല്‍ സംഗീത് നൈറ്റിനായി മാളവികയ്‌ക്കൊപ്പം തേജസും ചുവടുവെച്ചിരുന്നു. കഷ്ടപ്പെട്ടാണ് സ്റ്റെപ്പുകള്‍ പഠിച്ചതെന്നായിരുന്നു തേജസ് പറഞ്ഞത്.
ALSO READ : ഇത് ചരിത്രം! മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ആയി '2018', 'പുലിമുരുകനെ' മറികടന്നു