'തെലുങ്ക് പാട്ട് പാടുന്ന സുരേഷ് ഗോപി'; വൈറല്‍ ആയി ജയറാമിന്‍റെ അനുകരണം
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്‍ലര്‍ ആണ് ജയറാമിന്‍റെ പുതിയ മലയാള ചിത്രം

സിനിമയില്‍ മാത്രമല്ല, സിനിമയ്ക്ക് പുറത്തും വ്യക്തിപ്രഭാവം അനുഭവിപ്പിക്കുന്ന താരമാണ് സുരേഷ് ഗോപി. സ്റ്റേജ് പെര്‍ഫോമന്‍സുകളിലും അദ്ദേഹം തിളങ്ങാറുണ്ട്. ഇപ്പോഴിതാ സുരേഷ് ഗോപിയെ അനുകരിച്ച് എത്തിയിരിക്കുകയാണ് ജയറാം. കഴിഞ്ഞ ദിവസം ഒരു ടെലിവിഷന്‍ പരിപാടിക്കിടെ അല വൈകുണ്ഡപുരമുലോ എന്ന തെലുങ്ക് ചിത്രത്തിലെ ഹിറ്റ് ഗാനം സുരേഷ് ഗോപി ആലപിച്ചിരുന്നു. സാമജവരഗമനാ എന്ന് തുടങ്ങുന്ന ഗാനമായിരുന്നു ഇത്. സ്റ്റേജില്‍ ഇത് പാടുന്ന സുരേഷ് ഗോപിയെയാണ് ജയറാം അനുകരിച്ചിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് ജയറാം വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. സുരേഷ് ഗോപിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു പോസ്റ്റ്. മൂന്ന് മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തിലേറെ ലൈക്കുകളും നാലായിരത്തോളം കമന്‍റുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. വീഡിയോ കണ്ട് കമന്‍റുമായി സുരേഷ് ഗോപിയും എത്തിയിട്ടുണ്ട്. പൊട്ടിച്ചിരിയുടെ സ്മൈലികളാണ് അദ്ദേഹം കമന്‍റ് ആയി ഇട്ടിരിക്കുന്നത്.
അതേസമയം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്‍ലര്‍ ആണ് ജയറാമിന്‍റെ പുതിയ മലയാള ചിത്രം. അഞ്ചാം പാതിരാ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാളത്തില്‍ സമീപകാലത്ത് ഏറെ ശ്രദ്ധയോടെയാണ് ജയറാം പുതിയ പ്രോജക്റ്റുകള്‍ തെരഞ്ഞെടുക്കുന്നത്. അതേസമയം ഇതരഭാഷകളില്‍ നിരവധി വലിയ പ്രോജക്റ്റുകളുടെ ഭാഗവുമാണ് അദ്ദേഹം. പൊന്നിയിന്‍ സെല്‍വനും അല വൈകുണ്ഠപുരമുലോയുമടക്കം നിരവധി ചിത്രങ്ങള്‍ സമീപകാലത്ത് തിയറ്ററുകളില്‍ എത്തിയിരുന്നു. ഇനിയുമേറെ ചിത്രങ്ങള്‍ ആ നിരയില്‍ വരാനിരിക്കുന്നുമുണ്ട്. അതേസമയം പുതിയ ചിത്രം ജയറാമിന് മലയാളത്തില്‍ അടുത്ത ബ്രേക്ക് ആവുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍. അതേസമയം ഒറ്റക്കൊമ്പന്‍, ഗരുഡന്‍, ഹൈവേ 2 തുടങ്ങി ഒട്ടേറെ പ്രോജക്റ്റുകളാണ് സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്നത്.
ALSO READ : സര്‍പ്രൈസ്! 'വിക്ര'ത്തിന് ശേഷം കമല്‍ ഹാസന്‍റേതായി തിയറ്ററുകളിലെത്തുക ഈ ചിത്രം
WATCH >> "മമ്മൂക്ക പറഞ്ഞത് ഞാന്‍ മറക്കില്ല"; മനോജ് കെ യു അഭിമുഖം: വീഡിയോ
