മദ്ധ്യകേരളം യുഡിഎഫിനെ തുണയ്ക്കുമോ? തെരഞ്ഞെടുപ്പ് ചിത്രത്തിന്റെ ഏറ്റവും പുതിയ വിശകലനം...
2016ലെ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടികള്‍ക്കിടയിലും യുഡിഎഫിന് വെന്റിലേറ്ററായി മാറിയത് മദ്ധ്യകേരളമാണ്. തെക്കന്‍ കേരളത്തില്‍ ഇത്തവണയും യുഡിഎഫിന്റെ സാധ്യതകള്‍ പരുങ്ങലിലാകുമ്പോള്‍ മദ്ധ്യകേരളം യുഡിഎഫിനെ കാക്കുമോ? എന്താണ് ജില്ലകളിലെ സാഹചര്യം? കോട്ടയം ജില്ലയെടുത്തുകഴിഞ്ഞാല്‍ അവിടെ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സീറ്റ് വിഭജനം പ്രതിസന്ധിയിലാണ്. തൃശൂരില്‍ സംസ്ഥാന സമിതിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടിക സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നപ്പോള്‍ സിപിഎമ്മില്‍ മാറ്റവും വന്നു. എന്താകും മദ്ധ്യകേരളത്തിലെ സാഹചര്യം? വിശകലനവുമായി ചേരുന്നു റീജിയണല്‍ എഡിറ്റര്‍ അഭിലാഷ് ജി നായര്‍
എല്‍ഡിഎഫില്‍, സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിനിര്‍ണയവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചര്‍ച്ചകള്‍ ഇന്ന് വിവിധ ജില്ലാ കമ്മറ്റികളില്‍ നടന്നു. ഏറ്റവും പ്രധാനമായൊരു മാറ്റം ഉണ്ടായത് തൃശൂര്‍ ജില്ലയിലാണ്. ഗൂരുവായൂരില്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ ബേബി ജോണ്‍ മത്സരിക്കേണ്ടതില്ല എന്ന തീരുമാനം ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും എടുത്തു. മാത്രമല്ല ജില്ലാ മുന്‍ സെക്രട്ടറിയും, മുന്‍ നിയമസഭാ സ്പീക്കറും കൂടിയായ കെ. രാധാകൃഷ്ണന്‍ വീണ്ടും മത്സരരംഗത്തേക്ക് വരുന്നു. സംസ്ഥാന സമിതിയുടെ കൂടി നിര്‍ദേശപ്രകാരമാണ് ചേലക്കരയില്‍ രാധാകൃഷ്ണനെ മത്സരിപ്പിക്കാനുള്ള തീരുമാനം. സിറ്റിംഗ് എംഎല്‍എ ആയിരുന്ന യു ആര്‍ പ്രദീപിന് പകരമായിരിക്കും ചേലക്കരയില്‍ രാധാകൃഷ്ണന്‍ മത്സരിക്കുക.
പാലക്കാടാകട്ടെ, സിപിഎം സംസ്ഥാന സമിതിയംഗീകരിച്ച പട്ടികയില്‍ കാര്യമായ മാറ്റങ്ങളൊന്നും തന്നെ ജില്ലാ സമിതി ഉണ്ടാക്കിയിട്ടില്ല. അത്തരമൊരു ചര്‍ച്ചയിലേക്ക് ജില്ലാ കമ്മറ്റി കടന്നിട്ടില്ല എന്നാണ് നമ്മള്‍ മനസിലാക്കുന്നത്. പക്ഷേ പാലക്കാട് കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഏറ്റവും ശ്രദ്ധേയമായ ചര്‍ച്ച നടന്നത് കോണ്‍ഗ്രസിലാണ്.
കോണ്‍ഗ്രസില്‍, പാലക്കാട് മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ് ഉയര്‍ത്തിയ പ്രതിഷേധത്തിന്റെ അലയൊലികള്‍ തുടരുകയാണ്. കെ സുധാകരനടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇവര്‍ ഗോപിനാഥിനെ കണ്ടിരുന്നു. വരും ദിവസങ്ങളിലും പ്രധാനപ്പെട്ട നേതാക്കള്‍ ഗോപിനാഥിനെയും സി വി ബാലചന്ദ്രനെയും കാണുമെന്നാണ് സൂചന.
അതേസമയം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധത്തിന്റെ തീവ്രത എ വി ഗോപിനാഥില്‍ നിന്ന് കുറഞ്ഞു എന്ന സൂചനയാണ് കെ സുധാകരന്റെ കൂടിക്കാഴ്ചയ്ക്ക് ശേഷം മനസിലാക്കുവാന്‍ സാധിക്കുന്നത്.
എറണാകുളത്തും സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടികയുമായി ബന്ധപ്പെട്ടുള്ള ചില തര്‍ക്കങ്ങള്‍ ജില്ലാ സമിതിയിലടക്കം ഉണ്ടായി. പ്രത്യേകിച്ച് പിറവം നിയോജകമണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം മുന്നോട്ടുവച്ച സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചുള്ള തകര്‍ക്കം. യാക്കോബായ വിഭാഗത്തിന്റെ നോമിനിയാണ് അദ്ദേഹം എന്നതായിരുന്നു പ്രധാനപ്പെട്ട ഒരു പരാതി. അതടക്കമുള്ള വിഷയങ്ങള്‍ വലിയ തോതില്‍ ജില്ലാ സമിതിയില്‍ ഇന്ന് ചര്‍ച്ചയായിട്ടുണ്ട്.
തൃക്കാക്കരയിലും ഒപ്പം തന്നെ കുന്നത്തുനാടും സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയുള്ള പ്രാദേശികമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പക്ഷേ ആ പട്ടികയില്‍ ജില്ലാ സമിതി മാറ്റം വരുത്തേണ്ടതില്ലെന്ന് തീരുമാനിച്ചുവെന്നാണ് നമ്മള്‍ അവസാനഘട്ടത്തില്‍ മനസിലാക്കുന്നത്.
യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി ചര്‍ച്ചയടക്കമുള്ള കാര്യങ്ങള്‍ മുന്നോട്ടുപോയിട്ടില്ലെങ്കില്‍ പോലും എല്‍ഡിഎഫില്‍ ഒട്ടുമിക്ക മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി ആര് എന്ന കാര്യത്തില്‍ ഒരു ചിത്രം തെളിഞ്ഞു എന്നതാണ് എറണാകുളത്തിന്റെയും സാഹചര്യം. ഇടുക്കിയിലും സമാനമായ സാഹചര്യം തന്നെയാണുള്ളത്. പക്ഷേ കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍, പ്രത്യേകിച്ച് തൊടുപുഴയില്‍ പി ജെ ജോസഫിനെതിരെ ആരാണ് മത്സരിക്കുക എന്ന കാര്യത്തില്‍ ഒരു വ്യക്തത വന്നിട്ടില്ല. ജോസ് കെ മാണി വിഭാഗം ഇക്കാര്യത്തില്‍ ഒരു പ്രഖ്യാപനം ഇതുവരെയും നടത്തിയിട്ടില്ല.
റോഷി അഗസ്റ്റിന്‍, ഇടുക്കിയില്‍ മത്സരിക്കുമെന്ന കാര്യത്തിലും തര്‍ക്കമില്ല. ജോസഫ് വിഭാഗവുമായുള്ള സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായിട്ടില്ലെങ്കില്‍ പോലും മൂവാറ്റുപുഴ കിട്ടാനുള്ള സാധ്യത ജോസഫ് വിഭാഗത്തിന് കുറവാണ്. അങ്ങനെ വന്നാല്‍ ഫ്രാന്‍സിസ് ജോര്‍ജ് വീണ്ടും ഇടുക്കിയില്‍ മത്സരിക്കാനാണ് സാധ്യത. റോഷി അഗസ്റ്റിനും ഫ്രാന്‍സിസ് ജോര്‍ജും തമ്മില്‍ കഴിഞ്ഞ തവണ നടന്ന പോരാട്ടത്തിന്റെ ഒരു തനിയാവര്‍ത്തനം- എന്നുവച്ചാല്‍- രണ്ടുപേരും പരസ്പരം മുന്നണി മാറിക്കൊണ്ടുള്ള തനിയാവര്‍ത്തന പോരാട്ടമായിരിക്കും ഇത്തവണ ഇടുക്കിയില്‍ നടക്കുക. ഉടുമ്പന്‍ചോലയില്‍ നേരത്തേ വ്യക്തമാക്കിയത് പോലെ എം എം മണി മത്സരിക്കുകയും ചെയ്യും.
കോട്ടയം ജില്ലയിലും കേരള കോണ്‍ഗ്രസ്- കോണ്‍ഗ്രസ് സീറ്റ് വിഭജനം പൂര്‍ത്തിയാകാത്തതിന്റെ ഒരു ആശയക്കുഴപ്പം ഇപ്പോഴുമുണ്ട്. ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ലെങ്കിലും ഏകദേശ ധാരണയായിട്ടുണ്ടെന്നം സൂചനുണ്ട്. കേരളാ കോണ്‍ഗ്രസിന് ഏറ്റുമാനൂരും ഒപ്പം തന്നെ കടുത്തുരുത്തിയും ചങ്ങനാശേരിയും മാത്രം ലഭിക്കാനാണ് സാധ്യത. അതനുസരിച്ചുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി കോണ്‍ഗ്രസും ഇപ്പോള്‍ മുന്നോട്ടുപോകുന്നുണ്ട് എന്നാണ് നമ്മള്‍ മനസിലാക്കുന്നത്.
പക്ഷേ സിപിഐ ഒരു പ്രധാനപ്പെട്ട തര്‍ക്കം കോട്ടയം ജില്ലയില്‍ ഇപ്പോള്‍ ഉന്നയിച്ചിട്ടുണ്ട്. നേരത്തേ കാഞ്ഞിരപ്പള്ളി, ജയരാജന് വേണ്ടി വിട്ടുകൊടുക്കാമെന്നത് സിപിഐ സമ്മതിച്ചതാണ്. എന്നാല്‍ ജോസ് കെ മാണി വിഭാഗം ചങ്ങനാശേരി കൂടി ആവശ്യപ്പെട്ടു. പക്ഷേ ചങ്ങനാശേരി നല്‍കാനാകില്ലെന്നും ചങ്ങനാശേരി കാഞ്ഞിരപ്പള്ളിക്ക് പകരം തങ്ങള്‍ക്ക് വേണമെന്നുമാണ് സിപിഐയുടെ നിലപാട്.
ചങ്ങനാശേരി ലഭിച്ചില്ലെങ്കില്‍ തങ്ങള്‍ക്ക് തങ്ങളുടെ സിറ്റിംഗ് സീറ്റായ കാഞ്ഞിരപ്പള്ളി തന്നെ നല്‍കണം എന്നൊരു വാദവും സിപിഐ ഉന്നയിക്കുന്നുണ്ട്. ഏതായാലും സീറ്റ് സംബന്ധിച്ചുള്ളൊരു തര്‍ക്കം എല്‍ഡിഎഫില്‍ ഇപ്പോള്‍ തുടരുന്നുണ്ട്. ഒരുപക്ഷേ നാളെയോട് കൂടി ഇക്കാര്യത്തിലൊരു പരിഹാരം ഉണ്ടാകും എന്നാണ് മനസിലാക്കുന്നത്. ഏതായാലും തെരഞ്ഞെടുപ്പ് ചിത്രം മദ്ധ്യകേരളത്തിലെ എല്ലാ ജില്ലകളിലും തെളിഞ്ഞുവരികയാണ്. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക സംബന്ധിച്ചുള്ള ഒരവ്യക്തത മാത്രമാണ് ഇപ്പോഴുള്ളത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെ എന്നത് ഏറെക്കുറെ ഒരു ധാരണയില്‍ മിക്ക മണ്ഡലങ്ങളിലും എത്തിക്കഴിഞ്ഞു.