പ്രസ്ഥാനങ്ങൾ, ശൈലി, അച്ചടക്കം, കണ്ണൂരില്‍ നിന്ന് പഠിക്കാനേറെ; കെ എസിനെയും ഇ പിയേയും കണ്ടപ്പോള്‍

തിരഞ്ഞെടുപ്പ് ചൂട് കേരളമാകെ നിറയുമ്പോൾ 'കളമറിയാൻ' ഏഷ്യാനെറ്റ് ന്യൂസിന്‍റെ യാത്രയും തുടരുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ കളികളും കാഴ്ചകളും കണക്കുകൂട്ടലുകളും തൊട്ടറിയുന്ന യാത്രയിലുടനീളമുള്ള വിശേഷങ്ങള്‍ ഏഷ്യാനെറ്റ്‌ ന്യൂസ്‌ സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ  പിജി സുരേഷ്കുമാർ തുറന്നെഴുതുകയാണ്. ഒരോയിടങ്ങളിലെയും സവിശേഷ നിമിഷങ്ങള്‍  ഇലക്ഷൻ ഡയറി എന്ന പേരിൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിലൂടെ വായിക്കാം.

interview with e p jayarajan and k sudhakaran

ഇ. പി. ജയരാജനെയും കെ. സുധാകരനെയും കണ്ട് അഭിമുഖമെടുക്കണമെന്നുറപ്പിച്ചാണ് കണ്ണൂരിലേക്ക് വണ്ടികയറിയത്. കോൺ​ഗ്രസ്സ് നാടകങ്ങളിൽ മനം മടുത്ത് തിളച്ചുതൂവാനായി നിൽക്കുന്ന സുധാകരൻ, മത്സരരംഗത്തുനിന്ന് മാറിയ ശേഷം മാധ്യമങ്ങളോട് മൗനം പാലിച്ച് ജയരാജൻ. യാത്ര ഉറപ്പിക്കുമ്പോഴേ ഇരുവരോടും അനുമതി തേടി. കണ്ണൂരെത്തിയിട്ട് നോക്കാമെന്ന് സുധാകരൻ. കാമറയില്ലാതെ മാത്രം കാണാമെന്ന് ജയരാജൻ. ഞാനും അനൂപും നൗഫലും ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരുന്നു, മറുപടി മാറിയില്ലെങ്കിലും. കണ്ണൂരിലെത്തി മണ്ഡലങ്ങൾ തേടിയുള്ള യാത്രകൾക്കിടയിലും വിടാതെ ശ്രമങ്ങൾ തുടർന്നു. 

കെ എം ഷാജിയുടെ കൺവെൻഷൻ ഉത്ഘാടനവും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉത്ഘാടനവും അഴീക്കോട് നഗരത്തിൽ. പ്രസംഗം കഴിഞ്ഞിറങ്ങി സുധാകരൻ പ്രകടനം നയിച്ച് ഓഫീസിലേക്ക്. നാട മുറിച്ച് ഉത്ഘാടനം കഴിഞ്ഞിറങ്ങുമ്പോഴും ഞാൻ നേരിൽ ആവശ്യം ആവർത്തിച്ചു. ഒരുപാട് വൈകും, വിളിച്ചിട്ട് വീട്ടിലേക്കെത്താൻ പറഞ്ഞദ്ദേഹം നടന്നുനീങ്ങി. ഷാജിയെയും സുമേഷിനെയും കണ്ട് മണ്ഡലം ചുറ്റി ഞാൻ വീണ്ടും വിളിച്ചു. പണി പാളി. പെട്ടെന്നുണ്ടായ ഒരു പ്രവർത്തകന്റെ മരണം. ദൂരെ ആ വീട്ടിലേക്ക് പോകുന്നു. മടങ്ങാൻ പാതിരാ ആകുമെന്ന് സുധാകരൻ. പുലരുവോളം കണ്ണൂരിലുണ്ടെന്ന് ഞാനും.  

ഒടുവിൽ സമ്മർദ്ദങ്ങൾക്ക് വഴങ്ങി പത്തരയോടെ വീട്ടിലെത്താമെന്ന് സമ്മതിച്ചു. വീട്ടിലെത്തുമ്പോൾ വരാന്ത നിറഞ്ഞ് പ്രവർത്തകരാണ്. ഓരോരുത്തരായെത്തി പരാതിക്കെട്ടഴിക്കുന്നു. കണ്ണൂർ കാസറകോട് ജില്ലകളിലെ പ്രവർത്തകരും പ്രാദേശിക നേതാക്കളും. പ്രചരണത്തിന് വരണം, പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് വരാത്തതിന്റെ പരാതി, കമ്മിറ്റിയിൽ നമ്മുടെ ആളില്ല, അവിടെ പ്രവർത്തനം പോരാ... അങ്ങനെ പോകുന്നു പരാതികൾ. “ഞാനിവിടെ കുടിച്ചുകൊഴുത്ത് കിടക്കലല്ല, പുലരുമ്പോ ഇറങ്ങിയാൽ പാതിരാ വരെ പണിയെടുക്കുവാ”. പരിഭവസ്വരത്തിൽ പ്രവർത്തകരോട് സുധാകരന്റെ മറുപടി. ഒപ്പം നിന്ന് ഒറ്റക്കും കൂട്ടായും പടമെടുക്കൽ. ചെറുസംഘങ്ങളോരോന്നായൊഴിഞ്ഞു. കൂട്ടത്തിനിടയിൽ നിന്ന് പരിചിതമായൊരു മുഖം. കൂപ്പുകൈകളുമായി സുധാകരന്റെ അടുത്തേക്കെത്തി. 

ഞാൻ തൃക്കരിപ്പൂരിലെ UDF സ്ഥാനാർത്ഥി... ജോസഫിനായി പോരിനിറങ്ങുന്ന കെ എം മാണിയുടെ മരുമകൻ. അനുഗ്രഹിക്കണം.. ഒരുദിവസം പ്രചാരണത്തിന് വരണം. നോക്കട്ടെ എന്ന് മറുപടി. കണ്ണൂരതിർത്തിയിലാ തൃക്കരിപ്പൂർ എന്ന് ജോസഫ്. അതിന്റെ അതിർത്തികളിലും മണ്ഡലങ്ങളുണ്ടെന്ന് സുധാകരൻ. വരാൻ നോക്കാമെന്ന് പറഞ്ഞ് മടക്കുമ്പോൾ മണി പതിനൊന്ന് കഴിഞ്ഞു. അതിനുശേഷമാണ് ഞങ്ങൾ സംസാരിച്ചത്. ഉള്ളുതുറന്ന മറുപടികൾ. ഞങ്ങളുടെ ഭാഷയിൽ “സുധാകരൻ പൊട്ടിത്തെറിച്ചു”. മടങ്ങുമ്പോൾ മറുപടിക്കപ്പുറം ഞാൻ കണ്ടത്-

അഴീക്കോട് ഷാജി ഏറ്റവും ആശ്രയിക്കുന്നത് സുധാകരനെ. എല്ലാ മണ്ഡലങ്ങളിലുമെത്താൻ സുധാകരന് മേൽ സമ്മർദ്ദം, ഇരിക്കൂരിലെ കുരുക്കഴിക്കാൻ ഇരുചേരികളുടെയും വിളികൾ, കെ സുധാകരൻ ഉത്തരമലബാറിൽ ഇന്ന് ഒരു ഗ്രൂപ്പ് നേതാവല്ല, പാർട്ടിയിലെ പൊതുസമ്മതനായിരിക്കുന്നു. അഴീക്കോടിന് പകരം കണ്ണൂരെന്ന ലീഗിന്റെ പൂതി മുളയിലേ നുള്ളിയെറിഞ്ഞു, രണ്ട് ജില്ലകളിലും ഘടകകക്ഷികൾക്ക് മേൽ ആധിപത്യമുള്ള കോൺ​ഗ്രസ് നേതാവ്. അതേസമയം ഇഷ്ടക്കേടുകൾ ഇഷ്ടംപോലെ പറയാൻ മടിക്കാത്ത ഹുങ്കും.

കണ്ണൂരിലേക്കും ധർമ്മടത്തേക്കുമെല്ലാം സുധാകരനെ കയ്യും കാലും കെട്ടിത്തളച്ചിടാൻ മുൻനിര പാർട്ടി പ്രമാണിമാർ കിണഞ്ഞു ശ്രമിക്കുന്നതും ഇതുകൊണ്ടൊക്കെയാവാം. സുധാകരന്റെ നിലപാടുകളോടോ ശൈലിയോടോ രാഷ്ട്രീയത്തോടോ വലിയ മമതയില്ല. പക്ഷേ ഒന്നുറപ്പാണ്. പദവി നോക്കാതെ ഇത്രമാത്രം പണിയെടുക്കുന്ന... കളത്തിലിറങ്ങി പണിയെടുക്കുന്ന മറ്റൊരു നേതാവുണ്ടാകില്ല ആ പാർട്ടിയിൽ.
ലക്ഷ്യം സുധാകരനും ഇപി യുമാണെന്ന് തുടക്കത്തിൽ പറഞ്ഞല്ലോ. ഇപി യെ വിട്ടില്ല. സുധാകരനെ കാണാൻ പോകും മുമ്പ് കണ്ണൂർ ഗസ്റ്റ് ഹൌസിലെത്തി. മുറിയിലേക്ക് ക്ഷണിച്ചപ്പോഴെ കാമറയില്ലെന്ന ഉപാധിയോടെ. അരമണിക്കൂർ സൌഹൃദസംഭാഷണം. മൂക്കും മേൽച്ചുണ്ടും കൂർപ്പിച്ച് ഇപിയുടെ സംസാരത്തിൽ വലിയ ആവേശമൊന്നും വായിച്ചെടുക്കാനില്ല. ( എൻറെ തോന്നലാവാം) ഇറങ്ങുമ്പോൾ ഞാനൊരു ചോദ്യം ചോദിച്ചു. ഇപി യെ ആരാ വിലക്കിയെ? സംസാരിക്കാത്തതെന്ത്? മറുപടി ഒറ്റവാക്കിലെങ്കിലും ഒരുപാട് അർത്ഥത്തോടെ-  “എന്നെ ഞാൻ തന്നെ വിലക്കിയിരിക്കുകയാ. ഇരുനേതാക്കളും തമ്മിലുള്ള താരതമ്യത്തിന് പ്രസക്തിയില്ല. പക്ഷേ അവരുടെ പ്രസ്ഥാനങ്ങൾ, ശൈലി, അച്ചടക്കം... പലതും പാഠമാണ്.

തുടരും...
 

Latest Videos
Follow Us:
Download App:
  • android
  • ios