ശൈലജ ടീച്ചറെ കാണാൻ കണ്ണൂരിലെത്തിയപ്പോൾ; കണ്ണൂരങ്കത്തിലെ വിശേഷങ്ങളുമായി 'കളമറിയാൻ'...
തിരഞ്ഞെടുപ്പ് ചൂട് കേരളമാകെ നിറയുമ്പോൾ 'കളമറിയാൻ' ഏഷ്യാനെറ്റ് ന്യൂസിന്‍റെ യാത്രയും തുടരുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ കളികളും കാഴ്ചകളും കണക്കുകൂട്ടലുകളും തൊട്ടറിയുന്ന യാത്രയിലുടനീളമുള്ള വിശേഷങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ പിജി സുരേഷ്കുമാർ തുറന്നെഴുതുകയാണ്. ഒരോയിടങ്ങളിലെയും സവിശേഷ നിമിഷങ്ങള്‍ ഇലക്ഷൻ ഡയറി എന്ന പേരിൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിലൂടെ വായിക്കാം.
കണ്ണൂരങ്കം പകർത്താനുള്ള യാത്ര തലസ്ഥാനത്ത് നിന്ന് പുറപ്പെട്ടതൽപ്പം വൈകിയാണ്. അതോടെ ശൈലജ ടീച്ചറെ വീട്ടിലെത്തി രാവിലെ കാണാനുള്ള പദ്ധതി പാളി. മണ്ഡല പര്യടനത്തിനിടെ ഉച്ചക്ക് കാണാമെന്ന് ടീച്ചർ നിർദ്ദേശിച്ചു. അങ്ങനെ ധർമ്മടത്തുനിന്ന് തുടങ്ങി കളക്ട്രേറ്റിലെത്തി പിണറായിയുടെ പത്രികാസമർപ്പണവും കണ്ട് എംവി ജയരാജനെയും കണ്ടാണ് മട്ടന്നൂരിലേക്ക് വിട്ടത്. വില്ലേജ് ഓഫീസിനടുത്ത് ഉച്ചഭക്ഷണത്തിനെത്തുന്ന വീട്ടിൽ കാണാനാണ് ധാരണ. വണ്ടിയിറങ്ങിയപ്പോഴേക്കും പ്രചരണ വാഹനവ്യൂഹവുമെത്തി.
വാഹനവ്യൂഹം വയലിനു നടുവിലൂടെ വരമ്പ് പൊക്കിയ വഴി കടന്ന് കൂറ്റൻ ബംഗ്ളാവിലേക്ക്. പാർട്ടിക്കാരനായ പഴയ പഞ്ചായത്ത് പ്രസിഡണ്ടിന്റെ മകന്‍റെ വീട്. വയലേലകൾക്ക് നടുവിലെ ഈ വീട്ടിലാണ് സ്ഥാനാർത്ഥിക്കും സംഘത്തിനും ഉച്ചഭക്ഷണം. ഒന്നിച്ച് കഴിച്ചിട്ട് തുടങ്ങാമെന്ന് ടീച്ചർക്ക് നിർബന്ധം. സമയക്കുറവുകൊണ്ട് സ്നേഹപൂർവ്വം നിരസിച്ച് അഭിമുഖത്തിന് നിർബന്ധിച്ചു. ടീച്ചറുമായി മണ്ഡലവും രാഷ്ട്രീയവും സംസാരിച്ച് മടങ്ങാനൊരുങ്ങുമ്പോൾ പ്രചരണസംഘത്തിലെ പ്രധാനി വന്നുകണ്ടു. ബൈറ്റ് എടുക്കണമെങ്കിൽ സംഘത്തിലൊരു നല്ല സ്ത്രീ ഉണ്ടെന്നറിയിച്ചു. സംഘത്തിലെയാളുടെ പ്രതികരണം സ്ഥാനാർത്ഥിക്കൊപ്പം എടുക്കുന്നതെന്തിനെന്ന ചിന്തയിൽ അത് പുറത്തിറങ്ങിയ ശേഷമാകാമെന്ന് മറുപടിയും നൽകി. അല്ല പ്രായമായ സ്ത്രീയാണെന്നും ടീച്ചറെക്കുറിച്ച് പറയുന്ന രീതി തന്നെ രസമാണെന്ന് പറഞ്ഞെങ്കിലും മുൻചിന്തയിൽ ഞാൻ മടങ്ങാനൊരുങ്ങി.
കഴിക്കാതെ മടങ്ങുന്നതിലെ ഗൃഹനാഥന്‍റെ പരിഭവം പറഞ്ഞ് തീർത്തിറങ്ങാനൊരുങ്ങുമ്പോൾ സംഘത്തിലെ പ്രായമായ ഒരു സ്ത്രീ ടീച്ചറുടെ അടുത്തെത്തി. തനിനാടൻ ഭാഷയിൽ വാഴ്ത്താൻ തുടങ്ങി. സർക്കാരിന്‍റെ നന്മകൾ, ആശുപത്രിയിൽ പോയപ്പോഴുണ്ടായ നല്ല അനുഭവം, 8 വയസുമുതൽ പ്രസ്ഥാനത്തിനായി കൊടിപിടിക്കുന്ന തന്‍റെ കാലശേഷവും ടീച്ചറും പാർട്ടിയും അധികാരത്തിലുണ്ടാവണമെന്ന് ആ അമ്മ പറഞ്ഞുതുടർന്നു. സംസാരത്തിലേക്ക് ക്യാമറയുമായി ഞാനും ചെന്നു. എന്‍റെ പിന്നിൽ നിന്ന് രണ്ട് ക്യാമറകളിതെല്ലാം പകർത്തുന്നുണ്ടായിരുന്നു. പ്രാദേശിക ചാനലുകളെന്ന് ഞാൻ കരുതി. ടീച്ചറും ഞാനും ആ അമ്മയുമായി സംസാരിച്ചു. ഇറങ്ങുമ്പോൾ സംഘാംഗമാണെങ്കിലും പ്രോഗ്രാമിൽ ചേർക്കണമെന്ന് കരുതി.
മട്ടന്നൂർ പൂർത്തിയാക്കി ഇരിക്കൂറിലേക്കുള്ള യാത്രക്കിടെ ക്യാമറാമാൻ വിപിൻ എന്നെ ഒരു വീഡിയോ കാട്ടി. സ്ഥാനാർത്ഥിക്കൊപ്പം ഞാൻ ആ വൃദ്ധയോട് സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ഇടത് ഹാൻഡിലുകളിലെല്ലാം അത് പറപറക്കുന്നു. പി ജി ഇത് പ്രതീക്ഷിച്ചില്ല എന്ന അടിക്കുറിപ്പോടെ. എന്‍റെ പിന്നിൽ നിന്നിതെല്ലാം പകർത്തിയ ടീച്ചറുടെ മീഡിയാ സംഘം അപ്പോൾതന്നെ അപ്‌ലോഡ് ചെയ്തു. ഒരു ചെറിയ ട്വിസ്റ്റോടെ.
അൽപ്പം അമ്പരന്നെങ്കിലും ചിരിതോന്നി. ടീച്ചറുടെ സൈബർ സംഘം... പഹയൻമാർ ഒരുമുഴം നീട്ടി എറിഞ്ഞുകളഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ ഞാൻ കണ്ട ഏറ്റവും വലിയ മാറ്റം ഡിജിറ്റൽ സാധ്യതകൾ തേടാൻ പ്രമുഖ സ്ഥാനാർത്ഥികൾ പ്രത്യേകിച്ച് ഇടതർ കാട്ടുന്ന പ്രൊഫഷണൽ മികവാണ്.കുറഞ്ഞത് രണ്ട് ക്യാമറകൾ, പേജും ഹാൻഡിലും മാനെജ് ചെയ്യുന്ന മൂന്നു പേരിൽ കുറയാത്ത ഡിജിറ്റൽ വാർറൂം. സ്ഥാനാർത്ഥിക്കൊപ്പം ഒരു സംഘം തന്നെയുണ്ട് ഇതിനായി.
പത്ത് ലക്ഷം രൂപ വരെയാണത്രെ പാക്കേജ്. മട്ടന്നൂരിലടക്കം കണ്ട പാഠം കാലത്തിനനുസരിച്ചുള്ള മാറ്റത്തിന് സിപിഎം നേതാക്കൾ കാട്ടുന്ന അസാധാരണ വേഗമാണ് മികവാണ്. മുഖ്യധാരാമാധ്യമങ്ങളുടെ ഇടം പരമാവധി ഉപയോഗിക്കുക. അവയെ നിയന്ത്രിക്കാനും തിരുത്താനും മറുമരുന്നിടാനും അതിലും വേഗത്തിൽ സൈബർ ശൃംഖല സജ്ജമാക്കി ഒപ്പം കൂട്ടുക. അതിൽ സിപിഎം നേതാക്കൾ ഏറെക്കുറെ വിജയിക്കുന്നത് കാണാം.
അതുകൊണ്ട്തന്നെ സർക്കാരും പാർട്ടിയും പറയുന്ന 80 ശതമാനം കാര്യങ്ങളും പൂർണ്ണമായും ജനങ്ങളിലെത്തുകയും പ്രതിപക്ഷം പറയുന്ന അമ്പത് ശതമാനം പോലും ജനങ്ങൾ ഉൾക്കൊള്ളാതിരിക്കുകയും ചെയ്യുന്നു. ജനങ്ങളോട് സംവദിക്കുന്നതിൽ അവരിൽ ഒരു കാഴ്ചപ്പാടുറപ്പിക്കുന്നതിൽ വിശ്വസിപ്പിക്കുന്നതിൽ തെരഞ്ഞെടുപ്പിന് മുമ്പേ ഇടതുപക്ഷം കേരളത്തിൽ പ്രതിപക്ഷത്തെ പിന്നിലാക്കിക്കളഞ്ഞു.
തുടരും....