'രാജ്യത്തെ സ്നേഹിക്കുന്നവർ ഇവർക്കൊപ്പം', ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം അറിയിച്ച് കെജരിവാൾ സമരപ്പന്തലിൽ
രാജ്യത്തെ സ്നേഹിക്കുന്നവർ താരങ്ങൾക്കൊപ്പമാണെന്നും ആം ആദ്മി പാർട്ടി പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾക്കൊപ്പമെന്നും കെജ്രിവാൾ പറഞ്ഞു.
ദില്ലി : ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങളുടെ സമരം ഏഴാം ദിവസും തുടരുന്നതിനിടെ താരങ്ങൾക്ക് ഐക്യദാർഢ്യം അറിയിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ സമരപ്പന്തലിൽ. രാജ്യത്തിന്റെ അഭിമാനമായ താരങ്ങൾ കഴിഞ്ഞ ഒരു ആഴ്ച്ചയായി സമരം ചെയ്യുകയാണ്. രാജ്യത്തെ സ്നേഹിക്കുന്നവർ താരങ്ങൾക്കൊപ്പമാണെന്നും ആം ആദ്മി പാർട്ടി പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾക്കൊപ്പമെന്നും കെജ്രിവാൾ പറഞ്ഞു.
ബിജെപിയിലുള്ള ആര് തെറ്റ് ചെയ്താലും അവരെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്രം തുടരുന്നത്. എല്ലാവരും അവധി എടുത്ത് സമരത്തെ പിന്തുണയ്ക്കാൻ ജന്തർ മന്തറിലെത്തണം. വെള്ളവും വൈദ്യുതിയും നൽകാൻ തന്നെ കൊണ്ട് പറ്റുന്നതെല്ലാം ചെയ്യും. വൈദ്യുതിയും വെള്ളവും നൽകാതിരിക്കരുത് എന്ന് കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്നും അരവിന്ദ് കെജരിവാൾ.
സമരവേദിയിൽ രാത്രി വൈദ്യുതി വിച്ഛേദിച്ചെന്ന് ഗുസ്തി ബജ്രംഗ് പുനിയ ഇന്ന് ആരോപിച്ചു. സമരം അവസാനിപ്പിക്കാനുള്ള സമ്മർദ്ദ തന്ത്രമെന്നാണ് വിമർശനം ഉയരുന്നത്. ബ്രിജ് ഭൂഷൺ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടാണ് ദില്ലിയിലെ ജന്തർ മന്തറിൽ ഗുസ്തി താരങ്ങൾ സമരം ചെയ്യുന്നത്. ബ്രിജ് ഭൂഷനെതിരെ കേസെടുക്കുമെന്ന് സോളിസറ്റർ ജനറൽ തുഷാർ മേത്ത ഇന്നലെ സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ എഫ്ഐആർ രജിസ്റ്റർ ചെയ്താൽ മാത്രം പോരാ കുറ്റവാളി ശിക്ഷിക്കപ്പെടണമെന്ന് വ്യക്തമാക്കി സമരം തുടരുമെന്ന് ഗുസ്തി താരങ്ങൾ അറിയിച്ചു.
Read More : ബ്രിജ് ഭൂഷണെതിരെ രണ്ട് കേസുകൾ; പോക്സോ വകുപ്പുകളടക്കം ചുമത്തി എഫ്ഐആർ