ബ്രിജ് ഭൂഷണെതിരെ രണ്ട് കേസുകൾ; പോക്സോ വകുപ്പുകളടക്കം ചുമത്തി എഫ്ഐആർ
ദില്ലി കൊണാട് പ്ലേസ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോക്സോ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്
ദില്ലി: ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. ഗുസ്തി താരങ്ങളുടെ പരാതിയിലാണ് കേസെടുത്തത്. ബ്രിജ് ഭൂഷണെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ പരാതി ഒരു കേസും മറ്റ് വനിതാ താരങ്ങൾ നൽകിയ പരാതിയിൽ മറ്റൊരു കേസുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദില്ലി കൊണാട് പ്ലേസ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോക്സോ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങൾ ദില്ലി പോലീസിന് ഏഴ് ദിവസം മുൻപാണ് ലൈംഗിക പരാതി നൽകിയത്. എന്നാൽ ദില്ലി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ മടിച്ചു. കേസെടുക്കാത്തതിനെതിരെ ഗുസ്തി താരങ്ങൾ നൽകിയ ഹർജി സുപ്രീം കോടതി പരിഗണിക്കവെയാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്ന് വൈകുന്നേരത്തിനുള്ളിൽ കേസെടുക്കുമെന്ന് കോടതിയെ അറിയിച്ചത്. പരാതി നൽകിയ താരങ്ങളുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചു.
പ്രായപൂർത്തിയാകാത്ത താരത്തിന് സുരക്ഷ നൽകാനും മറ്റ് പരാതിക്കാരുടെ സുരക്ഷാ പ്രശ്നം ദില്ലി പൊലീസ് കമ്മീഷണർ വിലയിരുത്തി തീരുമാനിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. കോടതി അന്വേഷണം നിരീക്ഷിക്കുന്നില്ലെന്നും എന്നാൽ എന്തു സംഭവിക്കുന്നുവെന്നത് അറിയണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അടുത്ത വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും. എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള നീക്കത്തെ വിജയത്തിന്റെ ആദ്യപടിയായി മാത്രമാണ് കാണുന്നതെന്ന് താരങ്ങൾ വ്യക്തമാക്കി.