മോഹ വിലയുള്ള 'വിഐപി' നമ്പര്‍; ബൈക്കിന്‍റെ നമ്പറിനായി ലേലത്തുക 1.1 കോടി, ഞെട്ടി അധികൃതര്‍
നിലവിൽ 26 പേരാണ് ലേലത്തിലുള്ളത്. ഓണ്‍ലൈന്‍ ലേലത്തിന്‍റെ ചില സ്‌ക്രീൻഷോട്ടുകള്‍ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഷിംല: വാഹനങ്ങള്‍ക്ക് ഫാൻസി രജിസ്ട്രേഷൻ നമ്പറുകൾ കിട്ടുക എന്നത് വാഹനപ്രേമികള്‍ക്ക് ഹരമാണ്. ആഡംബര കാറുകളിലും എന്തിന് ഇരുചക്ര വാഹനങ്ങൾക്കു പോലുമുണ്ട് ഇപ്പോൾ രസകരമായ ഫാൻസി നമ്പറുകൾ. ആഡംബര വാഹനങ്ങള്‍ക്കടക്കം തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട നമ്പര്‍ ലഭിക്കാനായി വന്‍തുക ലേലം വിളിച്ച് സ്വന്തമാക്കുന്നവരുണ്ട്. എന്നാല്‍ ഒരു ബൈക്കിന് ഇഷ്ട നമ്പരിനായി ഒരു കോടിയിലേറെ രൂപ വരെ ലേലം വിളിച്ചാലോ. ഹിമാചല്‍ പ്രദേശിലെ ഷിംലയിലാണ് സംഭവം. ഒരു കോടി പത്ത് ലക്ഷം രൂപയാണ് ഒരു നമ്പരിനായി എത്തിയ ലേലത്തുക. HP-99-9999 ആണ് കോടികളുടെ വലയുള്ള വിഐപി നമ്പര്‍.
ഓണ്‍ലൈനായി നടക്കുന്ന ലേലത്തില്‍ എച്ച്‌പി-99-9999 എന്ന നമ്പരിനായി 1,12,15,500 കോടി രൂപയുടെ ബിഡ് ലഭിച്ചതായി ഹിമാചൽ പ്രദേശ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ദേശീയ മാധ്യമങ്ങളാണ് സംഭവം പുറത്ത് വിട്ടത്. ഷിംലയിലെ കോട്ട്ഖായ് സബ്ഡിവിഷന്‍ ആര്‍ടിഒയില്‍ വരുന്നതാണ് ഈ വിഐപി നമ്പര്‍. നിലവിൽ 26 പേരാണ് ലേലത്തിലുള്ളത്. ഓണ്‍ലൈന്‍ ലേലത്തിന്‍റെ ചില സ്‌ക്രീൻഷോട്ടുകള്‍ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
അതേസമയം ഒരു ഇരുചക്രവാഹന നമ്പർ പ്ലേറ്റിന് ഇത്രയും ഉയർന്ന ക്വട്ടേഷൻ നൽകിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ബിഡ് ചെയ്ത വ്യക്തിയുടെ സാമ്പത്തിക സ്രോതസ് പരിശോധിക്കാൻ വിജിലൻസും ആദായ നികുതി വകുപ്പ് നീക്കം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സാധാരണക്കാരെ ലേലത്തിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ഇത്രയും വലിയ സംഖ്യകൾ ബിഡ് ചെയ്യുന്നതെന്നും ഇതിന് പിന്നില്‍ ഒരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ബൈക്കിന്‍റെ നമ്പറിനായി ഒരു കോടിയിലേറെ രൂപ ലേലത്തുകയായി വന്നത് വലിയ വാര്‍ത്തായയതിന് പിന്നാലെ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അതേസമയം ഫാൻസി നമ്പറുകൾക്കായുള്ള ലേല നടപടികൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്ന് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ മഞ്ജീത് ശർമ്മ പറഞ്ഞു. ലേലം നാളെ അവസാനിക്കുമെന്നും നമ്പറിനായി ലഭിച്ച തുകയുടെ വിശദാംശങ്ങള്‍ നാളെ പുറത്തുവിടുമെന്നും മഞ്ജീത് ശർമ്മ പറഞ്ഞു.
Read More : സ്വപ്‍നം യാഥാര്‍ഥ്യമാക്കി മഞ്ജു വാര്യര്‍; യാത്രകള്‍ ഇനി ഈ അഡ്വഞ്ചര്‍ ബൈക്കില്‍