നികുതി ഇളവിനോടൊപ്പം റിട്ടയർമെന്റ് ഫണ്ടും; ഇതാ എന്‍പിഎസിന്റെ നേട്ടങ്ങൾ
നികുതി ലാഭിക്കാൻ മാത്രമല്ല, നിക്ഷേപവും പെൻഷനും ഉറപ്പാക്കുന്നതിന് സാധിക്കുന്ന ഒരു മാർഗമുണ്ട്. നാഷണൽ പെൻഷൻ സിസ്റ്റം, അഥവാ എൻപിഎസ്.

അത്ര അറിയപ്പെടാത്തതും എന്നാൽ വളരെ പ്രധാനപ്പെട്ടതുമായ, നികുതി ലാഭിക്കുന്നതിന് സഹായിക്കുന്ന നിക്ഷേപ പദ്ധതിയാണ് നാഷണൽ പെൻഷൻ സിസ്റ്റം (എന്‍പിഎസ്). നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അഥവാ എന്‍പിഎസ് എന്നത് ഒരു പെന്‍ഷന്‍ പദ്ധതിയാണ്. വളരെ ചുരുങ്ങിയ തവണകള്‍ അടച്ച് പദ്ധതിയുടെ ഭാഗമാകാം എന്നതാണ് ഇതിന്‍റെ പ്രത്യേകത. പ്രവാസികള്‍ക്കും എന്‍പിഎസില്‍ നിക്ഷേപം നടത്താം.എന്‍പിഎസിലൂടെ നികുതി ഇളവ് നേടുന്നതിനൊപ്പം മികച്ച റിട്ടയർമെന്റ് ഫണ്ട് സമാഹരിക്കാനുള്ള വഴികളിതാ
നികുതി ലാഭിക്കൽ: മിക്ക നികുതിദായകരുടേയും ഒരു ആശങ്ക നികുതി ലാഭിക്കാൻ പണം എവിടെ നിക്ഷേപിക്കണമെന്നതാണ്? കാരണം, സെക്ഷൻ 80 സിയിലെ ഇളവ് 1,50,000 രൂപ മാത്രമാണ്. പക്ഷേ, നികുതി ലാഭിക്കാൻ മാത്രമല്ല, നിക്ഷേപവും പെൻഷനും ഉറപ്പാക്കുന്നതിന് സാധിക്കുന്ന ഒരു മാർഗമുണ്ട്. നാഷണൽ പെൻഷൻ സിസ്റ്റം, അഥവാ എൻപിഎസ്. ഇരട്ട നികുതി ആനുകൂല്യം ലഭ്യമാകുന്നതാണ് നാഷണൽ പെൻഷൻ സിസ്റ്റം.
ടയർ II അക്കൗണ്ടിന്റെ ആവശ്യമില്ല: എൻപിഎസ് സംവിധാനം രണ്ട് തരത്തിലുള്ള അക്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നു: ടയർ I, ടയർ II. എല്ലാ നികുതി കിഴിവുകളും ബാധകമാകുന്നതാണ് ടയർ I അക്കൗണ്ട്. ടയർ II അക്കൗണ്ടുകളിൽ നികുതിയിളവുകളൊന്നും ബാധകമല്ല.അതുകൊണ്ടുതന്നെ ഒരു എൻപിഎസ് ടയർ II അക്കൗണ്ടിന്റെ ആവശ്യമില്ല. കൂടാതെ, എൻപിഎസ് ടയർ II അക്കൗണ്ടിലെ നികുതി സങ്കീർണ്ണവും നികുതി വിദഗ്ധർക്കിടയിൽ പോലും ധാരാളം അവ്യക്തതകളുമുണ്ട്.
എൻപിഎസിന് കീഴിൽ നികുതി ആനുകൂല്യങ്ങൾ മൂന്ന് വിഭാഗങ്ങളിലായി ലഭ്യമാണ്:
a) 80CCD(1) - ഈ വിഭാഗത്തിൽ ഒരാൾക്ക് ₹1.50 ലക്ഷം വരെ നിക്ഷേപിക്കുകയും കിഴിവ് ക്ലെയിം ചെയ്യുകയും ചെയ്യാം. എന്നാൽ ഈ കിഴിവ് 80 സിയുടെ മൊത്തത്തിലുള്ള ₹1.50 ലക്ഷത്തിനുള്ളിലാണ് .
b) 80CCD(1B) - ഈ വിഭാഗത്തിൽ ഒരാൾക്ക് 50,000 രൂപ വരെ കിഴിവ് ക്ലെയിം ചെയ്യാം . ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, ഈ കിഴിവ് പഴയ നികുതി വ്യവസ്ഥയിൽ മാത്രമേ ലഭ്യമാകൂ, പുതിയ നികുതി വ്യവസ്ഥയിൽ ലഭ്യമല്ല എന്നതാണ്.
c) 80CCD(2) - ഇതിന് കീഴിലുള്ള പരിധി അടിസ്ഥാന ശമ്പളത്തിന്റെ 10% വരെയാണ്. പുതിയതും പഴയതുമായ നികുതി വ്യവസ്ഥയിൽ ഈ കിഴിവ് ലഭ്യമാണ്.
നിങ്ങൾ ഒരു ശമ്പളമുള്ള വ്യക്തിയും ഉയർന്ന നികുതി ബ്രാക്കറ്റുകളിൽ പെടുന്നവനുമാണെങ്കിൽ ഈ കിഴിവ് ഉപയോഗിക്കാം.
ആസ്തി വിന്ന്യസിക്കാം : ഓഹരി, കോർപ്പറേറ്റ് ബോണ്ടുകൾ, സർക്കാർ കടപത്രങ്ങൾ, എന്നിവയിലുടനീളമുള്ള ആസ്തി വിന്ന്യസിക്കാനുള്ളള്ള സ്വാതന്ത്ര്യം നാഷണൽ പെൻഷൻ സിസ്റ്റം നിക്ഷേപകർക്ക് നൽകുന്നു.ഇത് റിസ്ക് അനുസരിച്ച് ഒരാൾക്ക് തിരഞ്ഞെടുക്കാം.
മുന്നറിയിപ്പുകളോടെയുള്ള നികുതി ഇളവ്: ഇഇഇ (നിക്ഷേപം, പലിശ, പിൻവലിക്കൽ എന്നിവക്കുള്ള നികുതി ഒഴിവ്) പ്രകാരം, നിക്ഷേപിച്ച തുക, മൂലധന വളർച്ച, മെച്യൂരിറ്റി വരുമാനം എന്നിവയ്ക്ക് നികുതി ഇളവ് ലഭിക്കും . എന്നാൽ തുക പിൻവലിക്കുന്ന സമയത്ത് തുകയുടെ 40% പെൻഷന് വേണ്ടി നീക്കിവയ്ക്കണം. പെൻഷൻ വരുമാനത്തിന് സ്ലാബ് നിരക്ക് അനുസരിച്ച് നികുതി നൽകേണ്ടിവരും.
പിൻവലിക്കൽ : എൻപിഎസ് 60 വയസ്സിൽ അല്ലെങ്കിൽ സൂപ്പർആനുവേഷനിൽ നിക്ഷേപം പിൻവലിക്കാൻ അനുവദിക്കുന്നു. ഒരാൾക്ക് 75 വയസ്സ് വരെ പിൻവലിക്കൽ മാറ്റിവയ്ക്കാനും സാധിക്കും .
റിട്ടയർമെന്റ് പ്ലാനിംഗ്: റിട്ടയർമെന്റ് ഫണ്ട് കണ്ടെത്താനുള്ള വഴികളിലൊന്നാണ് എൻപിഎസ്. എന്നാൽ നികുതി ലാഭിക്കുന്നതിന് വേണ്ടി മാത്രമാണ് എൻപിഎസ് അക്കൗണ്ട് തുറന്നതെങ്കിൽ - ശേഖരിച്ച തുക മതിയാകില്ല.
