എസ്‌ഐപി രീതിയില്‍ ഒരു കോടിയുടെ സമ്പാദ്യം വേഗത്തില്‍ കരസ്ഥമാക്കാനുള്ള മാര്‍ഗമിതാ
വിപണിയില്‍ ചാഞ്ചാട്ടവും അസ്ഥിരതയും പ്രകടമാകുന്ന അവസരങ്ങളില്‍ പോലും ഏറ്റവും സുരക്ഷിതമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള നിക്ഷേപ മാർഗമാണ് എസ്‌ഐപി. ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള വഴി കൂടിയാണ്
സിസ്റ്റമാറ്റിക്ക് ഇന്‍വസ്റ്റ്മെന്റ് പ്ലാന്‍ അഥവാ എസ്ഐപി എന്നത് ഒരു നിക്ഷേപ രീതിയാണ്. ഒരു നിശ്ചിത തുക നിര്‍ദിഷ്ട ഇടവേളകളില്‍ ആവര്‍ത്തിച്ച് നിക്ഷേപിക്കുന്ന രീതിയാണിത്. വിപണിയില്‍ ചാഞ്ചാട്ടവും അസ്ഥിരതയും പ്രകടമാകുന്ന അവസരങ്ങളില്‍ പോലും ഏറ്റവും സുരക്ഷിതമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള നിക്ഷേപ മാര്‍ഗവുമാണിത്. ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള നേര്‍വഴിയാകാനും മ്യൂച്ചല്‍ ഫണ്ട് എസ്ഐപി നിക്ഷേപങ്ങള്‍ക്കു കഴിയും.
നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന തുക, എസ്‌ഐപി തീയതി, സ്‌കീമുകള്‍ എന്നിവ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നിക്ഷേപകര്‍ക്കുണ്ട്. കുട്ടികളുടെ ഭാവി ആവശ്യങ്ങള്‍, വിരമിക്കല്‍ സമ്പാദ്യം, വാഹനം സ്വന്തമാക്കുക തുടങ്ങിയ വ്യത്യസ്ത ജീവിത ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ഒരാള്‍ക്ക് അവരുടെ എസ്ഐപി പദ്ധതി ആസൂത്രണം ചെയ്യാന്‍ കഴിയും. എന്നിരുന്നാലും സ്വരുക്കൂട്ടുന്ന സമ്പാദ്യത്തിലേക്കുള്ള ഒരു കോടിയെന്ന ആദ്യ കടമ്പ മറികടക്കാന്‍ മ്യൂച്ചല്‍ ഫണ്ട് എസ്‌ഐപി മുഖേനയായാലും ബുദ്ധിമുട്ട് നേരിടാമെന്ന് ചിസ സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടാറുണ്ട്.
അതേസമയം ഒരു കോടി രൂപ സമ്പാദ്യമെന്ന കടമ്പ വേഗത്തില്‍ കടക്കാന്‍ രണ്ടു വഴികളാണ് മുന്നിലുള്ളത്. ഒന്നുകില്‍ എസ്‌ഐപി മുഖേന ആവര്‍ത്തിച്ചു നിക്ഷേപിക്കുന്ന തുക വര്‍ധിപ്പിക്കുക. അല്ലെങ്കില്‍ ഉയര്‍ന്ന ആദായ നിരക്ക് നിക്ഷേപം കൈവരുന്നതു വരെ കാത്തിരിക്കുക. എന്നാല്‍ ആദ്യ മാര്‍ഗം നിങ്ങളുടെ നിയന്ത്രണത്തിലും രണ്ടാമത്തേത് നിക്ഷേപകരുടെ നിയന്ത്രണത്തിന് പുറത്തുനില്‍ക്കുന്ന വിഷയവുമാണ്. അതുകൊണ്ട് സമ്പാദ്യം വേഗത്തിലാക്കാന്‍ എസ്‌ഐപി തുക വാര്‍ഷികമായി 5%, 10% എന്നിങ്ങനെ തങ്ങള്‍ക്ക് അനുയോജ്യമായ നിരക്കില്‍ ഉയര്‍ത്തുന്നതാകും ഏറ്റവും ഉചിതമായ മാര്‍ഗം.
ഡിസംബറില്‍ പ്രസിദ്ധീകരിച്ച 'ഫണ്ട്‌സ്ഇന്ത്യാസ് വെല്‍ത്ത് കണ്‍വേര്‍ഷന്‍ റിപ്പോര്‍ട്ടില്‍', നിക്ഷേപകന്‍ എസ്‌ഐപി തുക വാര്‍ഷികമായി വര്‍ധിപ്പിക്കുവാന്‍ തയ്യാറാകുകയാണെങ്കില്‍ ഒരു കോടിയെന്ന സമ്പാദ്യം കരസ്ഥമാക്കാനുള്ള സമയം ക്രമാനുഗതമായി കുറയുന്നതിനെ കുറിച്ച് വിശദമാക്കുന്നുണ്ട്. മ്യൂച്ചല്‍ ഫണ്ട് സ്‌കീമിലേക്കുള്ള എസ്‌ഐപി തുക വര്‍ഷം തോറും 5%/ 10% വീതം വര്‍ധിപ്പിക്കുകയും 12% സംയോജിത വാര്‍ഷിക നിരക്കില്‍ ആദായം വളരുകയും ചെയ്യുകയാണെങ്കില്‍ ഒരു കോടി സമ്പാദ്യം കരസ്ഥമാക്കാനുള്ള കാലയളവാണ് ചുവടെ ചേര്‍ക്കുന്നത്.
5% വീതം വാര്‍ഷിക വര്‍ധന
>> 10,000 രൂപ പ്രതിമാസ എസ്‌ഐപി മുഖേന 1 കോടി സമ്പാദ്യം നേടുവാന്‍ 20 വര്‍ഷവും ഒരു മാസവും വേണം. എന്നാല്‍ എസ്‌ഐപി തുക 5% വീതം വാര്‍ഷികമായി വര്‍ധിപ്പിച്ചാല്‍ 17 വര്‍ഷവും 10 മാസവും കൊണ്ട് 1 കോടിയിലെത്താം.
>> 20,000 രൂപ എസ്‌ഐപിയില്‍ 1 കോടി സമ്പാദ്യം നേടുവാന്‍ 15 വര്‍ഷം വേണ്ടിവരും. എന്നാല്‍ എസ്‌ഐപി തുക 5% വീതം വാര്‍ഷികമായി ഉയര്‍ത്തിയാല്‍ 13 വര്‍ഷവും 5 മാസവും കൊണ്ട് 1 കോടിയിലെത്താം.
>> 50,000 രൂപ പ്രതിമാസ എസ്‌ഐപി മുഖേന 1 കോടി സമ്പാദ്യം കരസ്ഥമാക്കാന്‍ 9 വര്‍ഷവും 2 മാസവും വേണം. എന്നാല്‍ എസ്‌ഐപി തുക 5% വീതം വാര്‍ഷികമായി വര്‍ധിപ്പിച്ചാല്‍ 8 വര്‍ഷവും 4 മാസവും കൊണ്ട് 1 കോടി സ്വന്തമാക്കാം.
>> ഒരു ലക്ഷം രൂപ എസ്‌ഐപിയില്‍ 1 കോടി സമ്പാദ്യം നേടുവാന്‍ 5 വര്‍ഷവും 10 മാസവും മതിയാകും. എന്നാല്‍ എസ്‌ഐപി തുക 5% വീതം വാര്‍ഷികമായി ഉയര്‍ത്തിയാല്‍ 5 വര്‍ഷവും 5 മാസവും കൊണ്ട് 1 കോടിയിലെത്താം.
10% വീതം വാര്‍ഷിക വര്‍ധന
>> 10,000 രൂപ പ്രതിമാസ എസ്‌ഐപിയില്‍ 10% തുക വാര്‍ഷികമായി വര്‍ധിപ്പിച്ചാല്‍ 15 വര്‍ഷവും 10 മാസവും കൊണ്ട് 1 കോടി സമ്പാദ്യം കരസ്ഥമാക്കാം.
>> 20,000 രൂപയുടെ എസ്‌ഐപിയില്‍ 10% തുക വാര്‍ഷികമായി ഉയര്‍ത്തിയാല്‍ 12 വര്‍ഷം കൊണ്ട് 1 കോടിയിലെത്താം.
>> 50,000 രൂപ പ്രതിമാസ എസ്‌ഐപിയില്‍ 10% തുക വാര്‍ഷികമായി വര്‍ധിപ്പിച്ചാല്‍ 7 വര്‍ഷവും 8 മാസവും കൊണ്ട് 1 കോടി സ്വന്തമാക്കാം.
>> ഒരു ലക്ഷം രൂപ എസ്‌ഐപിയില്‍ 10% തുക വാര്‍ഷികമായി ഉയര്‍ത്തിയാല്‍ 5 വര്‍ഷവും 1 മാസവും കൊണ്ട് 1 കോടിയിലെത്താം.
(അറിയിപ്പ്: മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ മാര്‍ഗോപദേശം തേടാം.)