ബഹിരാകാശത്ത് യോഗ ചെയ്ത് യുവതി; സത്യമാണ്, വീഡിയോ കാണാം
ബഹിരാകാശത്ത് യോഗ പരിശീലിക്കുന്ന ആരെയെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ? ബഹിരാകാശത്ത് തന്നെ, വായിച്ചത് സത്യമാണ്. സാമന്ത ക്രിസ്റ്റോഫൊറെറ്റി എന്ന ബഹിരാകാശ സഞ്ചാരിയാണ് ബഹിരാകാശത്ത് യോഗാസനങ്ങൾ അഭ്യസിച്ച് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.
![young woman doing yoga in space young woman doing yoga in space](https://static-gi.asianetnews.com/images/01ge1x2enxyfz55qn2jy688f6z/space-yoga_363x203xt.jpg)
ഏറ്റവും സൗകര്യപ്രദമായ സ്ഥലത്തിരുന്ന്- അതിപ്പോ വീടോ ഓഫീസോ പാർക്കോ ഒക്കെയാകാം- യോഗ ചെയ്യുന്നവരെ നമ്മൾ കാണാറുണ്ട്. എന്നാൽ, ബഹിരാകാശത്ത് യോഗ പരിശീലിക്കുന്ന ആരെയെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ? ബഹിരാകാശത്ത് തന്നെ, വായിച്ചത് സത്യമാണ്. സാമന്ത ക്രിസ്റ്റോഫൊറെറ്റി എന്ന ബഹിരാകാശ സഞ്ചാരിയാണ് ബഹിരാകാശത്ത് യോഗാസനങ്ങൾ അഭ്യസിച്ച് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. അതിന്റെ വീഡിയോ അവർ ട്വിറ്ററിൽ പങ്കുവെക്കുകയായിരുന്നു.
യൂറോപ്യൻ സ്പേസ് ഏജൻസിയിലെ ബഹിരാകാശ സഞ്ചാരിയാണ് സാമന്ത് ക്രിസ്റ്റോഫൊറെറ്റി. സീറോ ഗ്രാവിറ്റിയിൽ ചില യോഗാ മുറകൾ പരീക്ഷിക്കുന്ന സാമന്തയാണ് വീഡിയോയിലുള്ളത്. യോഗാ പരിശീലകയെപ്പോലെ വിദഗ്ധമായാണ് അഭ്യാസം. കോസ്മിക് കിഡ്സ് എന്ന ട്വിറ്റർ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഭാരമില്ലായ്മയിലും യോഗയോ? അതെ ചെയ്തു! ഇത്തിരി ശ്രമകരമാണ്, പക്ഷേ, ശരിയായ അഭ്യാസമുറകളും സ്വാതന്ത്ര്യവും ഉണ്ടെങ്കിൽ നിങ്ങൾക്കും ചെയ്യാം. വീഡിയോയുടെ ക്യാപ്ഷൻ ഇങ്ങനെയാണ്.
ട്വീറ്റ് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ലോകം. സാമന്തയെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഒരുപാട് ആളുകൾ ട്വീറ്റ് ഷെയർ ചെയ്തിട്ടുമുണ്ട്. ഗംഭീരം, എല്ലാ സ്ഥലവും യോഗയ്ക്ക് പറ്റിയതാണെന്ന് ഒരാൾ കമന്റ് ചെയ്തു.