കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ടാം തവണയും രക്ഷപ്പെട്ട റിമാൻഡ് പ്രതി പിടിയിൽ
ഇരുപതോളം കേസുകളിൽ പ്രതിയായ ഡ്രാക്കുള സുരേഷാണ് പിടിയിലായത്. കറുകുറ്റിയിലെ നിരീക്ഷണ കേന്ദ്രത്തിൽ നിന്നാണാണ് ഇയാള്‍ രക്ഷപ്പെട്ടത്.

കൊച്ചി: കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് പൊലീസിനെ ആക്രമിച്ച് രണ്ടാം തവണയും രക്ഷപ്പെട്ട റിമാൻഡ് പ്രതി പിടിയിൽ. ഇരുപതോളം കേസുകളിൽ പ്രതിയായ ഡ്രാക്കുള സുരേഷാണ് പിടിയിലായത്. കറുകുറ്റിയിലെ നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് ഇന്നലെ പുലർച്ചെയാണ് സുരേഷും മറ്റൊരു കേസിലെ പ്രതിയുമായ മിഷാലും രക്ഷപ്പെട്ടത്.
പെരുമ്പാവൂരിൽ ഒഴിവിൽ കഴിയുകയായിരുന്ന സുരേഷിനെ ജയിൽ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. പ്രതിയെ പിന്നീട് പെരുമ്പാവൂർ പൊലീസിലേൽപ്പിച്ചു. പെരുമ്പാവൂരിലെ കച്ചവടസ്ഥാപനത്തിൽ മോഷണം നടത്തിയതിന് ബുധനാഴ്ച്ചയാണ് ഇയാൾ അറസ്റ്റിലായത്. തുടർന്ന് കറുകുറ്റിയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലെത്തിച്ചു. ഇവിടെ നിന്ന് രക്ഷപ്പെട്ട പ്രതിയെ വ്യാഴാഴ്ച്ച പുലർച്ചയോടെ പിടികൂടി തിരികെയെത്തിച്ചു. വീണ്ടും ഇന്ന് പുലർച്ചെ മുറിയുടെ വാതിൽ തകർത്താണ് രക്ഷപ്പെട്ടത്.


