കൊല്ലത്ത് ആശുപത്രിയിൽ യുവാവിന്റെ അതിക്രമം; 5 പേരെ കുത്തി,വനിതാ ഡോക്ടർക്ക് നെഞ്ചിൽ കുത്തേറ്റു, നിലഗുരുതരം
ഡോക്ടറും പോലീസുദ്യോഗസ്ഥരുമുൾപ്പെടെ അഞ്ച് പേരെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. കുത്തേറ്റ് സാരമായി പരിക്കേറ്റ വനിതാ ഡോക്ടർ വന്ദനയുടെ നില ഗുരുതരമാണ്.

കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവിന്റെ അതിക്രമം. വനിതാ ഡോക്ടറും പോലീസുദ്യോഗസ്ഥരുമുൾപ്പെടെ അഞ്ച് പേരെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. പൂയപ്പള്ളി സ്വദേശി സന്ദീപാണ് ആക്രമണം നടത്തിയത്. വനിതാ ഡോക്ടറുടെ നില അതീവ ഗുരുതരമാണ്. പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവമുണ്ടായത്. വീട്ടിൽ വെച്ച് സന്ദീപ് ആക്രമണങ്ങൾ നടത്തിയതിനെ തുടർന്ന് ബന്ധുക്കളാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത്. ബന്ധുക്കൾ ആശുപത്രിയിൽ എത്തിയപ്പോഴാണ് പ്രകോപനമൊന്നുമില്ലാതെ യുവാവ് ആക്രമണം നടത്തിയതെന്നാണ് വിവരം. ആശുപത്രിയിലെ കത്രിക കൈക്കലാക്കിയ പ്രതി ആശുപത്രിയിൽ ഉണ്ടായിരുന്നവരെ കുത്തുകയായിരുന്നു. പുറകിലും നെഞ്ചിലും കുത്തേറ്റ് സാരമായി പരിക്കേറ്റ വനിതാ ഡോക്ടർ വന്ദനയുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
