Kerala Budget 2022 : കേരള ബജറ്റ് നാളെ: സംസ്ഥാനത്തിന് മുന്നിലെ അഞ്ച് പ്രതിസന്ധികൾ ഇവ
കേരളത്തിന്റെ മുന്നേറ്റത്തിനും വികസനത്തിനുമൊപ്പം പല മേഖലയിലും സംസ്ഥാനത്തിന് പ്രത്യേക ശ്രദ്ധ പതിപ്പിക്കാനുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് നാളെ അവതരിപ്പിക്കും. ധനമന്ത്രി കെഎൻ ബാലഗോപാലാണ് നിയമസഭയിൽ സാമ്പത്തിക അവലോകന റിപ്പോർട്ടും ബജറ്റും അവതരിപ്പിക്കുക. വരുമാനത്തിലെ ഇടിവും കൊവിഡുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയും ഇപ്പോഴത്തെ യുദ്ധം മൂലമുള്ള വിലക്കയറ്റ ഭീതിയുമെല്ലാം ധനമന്ത്രിക്ക് മുന്നിലെ വലിയ കടമ്പകളാണ്.
പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങി വരുന്നവർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുക, അഭ്യസ്ഥവിദ്യരായ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുക തുടങ്ങി കേരളത്തിന്റെ മുന്നേറ്റത്തിനും വികസനത്തിനുമൊപ്പം പല മേഖലയിലും സംസ്ഥാനത്തിന് പ്രത്യേക ശ്രദ്ധ പതിപ്പിക്കാനുണ്ട്. ഈ ഘട്ടത്തിലാണ് കേരളത്തിന്റെ ഭാവിക്ക് വെല്ലുവിളിയാകുന്ന ചില പ്രശ്നങ്ങൾ കൂടി പരിശോധിക്കുന്നത്.
സർക്കാരിന് മുന്നിലെ കടമ്പകൾ
- ജിഎസ്ടി നടപ്പിലാക്കിയ ശേഷം സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിവരുന്ന ജിഎസ്ടി നഷ്ടപരിഹാരം മെയ് മാസത്തോടെ അവസാനിക്കും. കൊവിഡിനെ തുടർന്ന് ദീർഘിപ്പിച്ച നഷ്ടപരിഹാരം വീണ്ടും ദീർഘിപ്പിക്കണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം അത് പരിഗണിച്ചതേയില്ല. അതിനാൽ തന്നെ ജിഎസ്ടി നഷ്ടപരിഹാരം അവസാനിച്ചാൽ സംസ്ഥാനത്തിന് പിന്നെ അടുത്ത വർഷം 9000 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാകും. ബജറ്റ് കണക്കുകളെ താളം തെറ്റിക്കാൻ പോന്ന തുകയാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
- കിഫ്ബിയാണ് കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്തിന്റെ ഭാവിപ്രതീക്ഷയെന്നാണ് ഇതുവരേക്കും ഇടത് സർക്കാരുകൾ പറഞ്ഞത്. എന്നാൽ സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമാകുന്നത് കിഫ്ബി വഴിയുള്ള പദ്ധതികളെയും ദോഷകരമായി ബാധിക്കും. കിഫ്ബിക്ക് ഇനി അധികം പദ്ധതികൾ ഏറ്റെടുക്കാൻ കഴിഞ്ഞേക്കില്ല. വരുമാനം കുറഞ്ഞതിനാൽ ബജറ്റിന് കീഴിലും വൻകിട പദ്ധതികൾ പൂർത്തിയാക്കുക പ്രയാസമാണ്.
- സംസ്ഥാനത്തിന്റെ വരുമാനം കുറഞ്ഞത് വലിയ പ്രതിസന്ധിയാണ്. നികുതി പിരിച്ചെടുക്കുന്നതിൽ ഉദ്യോഗസ്ഥർ കാട്ടുന്ന അലംഭാവം ചില്ലറ പ്രയാസമല്ല സൃഷ്ടിക്കുന്നത്. നിർബന്ധിത നികുതിപിരിവ് കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥർ ശീലിച്ചതുമല്ല. ഉദ്യോഗസ്ഥരുടെ ശീലം മാറ്റാതെ സർക്കാരിന് ഈ നിലയിൽ വരുമാനം വർധിപ്പിക്കാൻ കഴിയില്ല.
- മുൻകാല പ്രഖ്യാപനങ്ങളിൽ പലതിലും കുടിശിക കുമിഞ്ഞുകൂടുകയാണ്. ഇതിൽ എന്ത് നിലപാട് സംസ്ഥാനം സ്വീകരിക്കുമെന്ന് കണ്ട് തന്നെ അറിയേണ്ടതുണ്ട്. ശമ്പള പരിഷ്കരണ കുടിശിക, പെൻഷൻ കുടിശിക, അവധി സറണ്ടർ തുടങ്ങി സംസ്ഥാനം കൃത്യസമയത്ത് നൽകാതെ മാറ്റിവെച്ച പല ബാധ്യതകളും അടുത്ത സാമ്പത്തിക വർഷത്തിൽ കൊടുത്തുതീർക്കേണ്ടതുണ്ട്.
- ചെലവുചുരുക്കലും സർക്കാരിന് മുന്നിലെ പ്രതിസന്ധിയാണ്. പലപ്പോഴും സർക്കാരിന് ബാഹ്യസമ്മർദ്ദങ്ങൾക്ക് കീഴ്പ്പെടേണ്ടി വരുന്നതിനാൽ പല വകുപ്പുകളിലും ഇപ്പോൾ തുടർന്നുപോരുന്ന അധിക ബാധ്യതകൾ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യമാണ്.
- 2022 Budget news
- 2022 Kerala Budget news
- Balagopal Budget
- Balagopal Budget Kerala
- Budget 2022
- Budget Highlights Kerala
- Budget Kerala
- Budget announcements Kerala
- Finance Minister
- KN Balagopal
- KN Balagopal Budget
- Kerala
- Kerala Budget
- Kerala Budget 2022
- Kerala Budget 2022-23
- Kerala Budget News
- Kerala Budget highlights
- Kerala Finance
- Kerala Finance Minister
- State Budget 2022
- കേരള ബജറ്റ്
- കേരള ബജറ്റ് 2022