ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടരക്കോടിയിലേക്ക്
അമേരിക്കയിലും ബ്രസീലിലും അരലക്ഷത്തോളം പേർക്കാണ് രോഗബാധ. ലോകത്ത് മരണം 8 ലക്ഷത്തി നാൽപ്പതിനായിരം പിന്നിട്ടു. 24 മണിക്കൂറിനിടെ 5,426 പേരാണ് ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

വാഷിംങ്ടണ്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടരക്കോടിയിലേക്ക്. 24 മണിക്കൂറിനിടെ രണ്ടേമുക്കാൽ ലക്ഷത്തോളം പേർക്കാണ് കോവിഡ് ബാധിച്ചത്. വേൾഡോമീറ്റർ കണക്ക് പ്രകാരം ഇന്ത്യയാണ് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ മുന്നിൽ. 24 മണിക്കൂറിനിടെ മുക്കാൽ ലക്ഷത്തിലേറെ പേർക്ക് ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിലും ബ്രസീലിലും അരലക്ഷത്തോളം പേർക്കാണ് രോഗബാധ. ലോകത്ത് മരണം 8 ലക്ഷത്തി നാൽപ്പതിനായിരം പിന്നിട്ടു. 24 മണിക്കൂറിനിടെ 5,426 പേരാണ് ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
അതേ സമയം അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരിപാടിയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെതിരെ വിമർശനം. ട്രംപ് സ്വീരിക്കുന്ന രീതി കാണുമ്പോള് ആദ്യം മുതൽ അദ്ദേഹം കോവിഡിനെ ഗൗരവത്തിലെടുത്തിട്ടില്ലെന്നാണ് മനസിലാകുന്നതെന്ന് ജോണ്സ് ഹോപ്കിൻസ് സർവകലാശാല അധികൃതർ കുറ്റപ്പെടുത്തി.
ജോണ്സ് ഹോപ്കിൻസ് സർവകലാശാല സെന്റർ ഫോർ ഹെൽത്ത് സെക്യൂരിറ്റിയിലെ പകർച്ചവ്യാധി വിദഗ്ധൻ അമേഷ് അഡാൽജയാണ് ഇക്കാര്യം പറഞ്ഞത്.
തന്റെ പ്രസംഗത്തിലുടനീളം കോവിഡ് വൈറസ് ആദ്യം പ്രത്യക്ഷപ്പെട്ട ചൈനയെ കുറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ് പ്രസിഡന്റ് നടത്തിയത്. വൈറസിനെ കൈകാര്യം ചെയ്ത രീതിയെ പ്രതിരോധിക്കാനാണ് ട്രംപ് ചൈനയെ കുറ്റപ്പെടുത്തുന്നത്.
