ജർമ്മന്‍ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഓടിച്ച് കയറ്റി ആളുകളെ കൊലപ്പെടുത്തിയ പ്രതി ആര്? തലേബിന്റെ പൂർണ വിവരം
റിപ്പോർട്ടുകൾ പ്രകാരം, തീവ്രവാദം, മിഡിൽ ഈസ്റ്റിൽ നിന്ന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് പെൺകുട്ടികളെ കടത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി സൗദി അറേബ്യ അന്വേഷിക്കുന്ന ആളാണ് തലേബ്.

ബർലിൻ: ജർമനിയിലെ മഗ്‌ഡെബർഗിലെ ക്രിസ്‌മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റി രണ്ട് പേർ കൊല്ലപ്പെടുകയും 68 പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിലെ പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. 50 വയസ്സുകാരനായ പ്രതി തലേബ് അൽ അബ്ദുൽ മൊഹ്സെൻ ഡോക്ടറായി ജോലി ചെയ്യുകയാണ്. സൗദിയിൽ നിന്നാണ് ജർമനിയിലെത്തിയത്. ഇയാളുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ അനുസരിച്ച്, തലേബ് ഇസ്ലാം മതം ഉപേക്ഷിക്കുകയും ഇസ്‌ലാമിൻ്റെ കടുത്ത വിമർശകനായി മാറുകയും ചെയ്തു. കൂടാതെ കുടിയേറ്റ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന തീവ്ര വലതുപക്ഷ ജർമ്മൻ രാഷ്ട്രീയ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമ്മനിയുടെ (എഎഫ്‌ഡി) അനുയായിയാണ്. ഇസ്ലാം വിരുദ്ധതയും വലതുപക്ഷ തീവ്രവാദവുമാണ് ഇയാളെ ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വിലയിരുത്തൽ.
2006 മുതൽ ജർമ്മനിയിൽ താമസിക്കുന്ന തലേബ് കിഴക്കൻ സംസ്ഥാനമായ സാക്‌സോണി-അൻഹാൾട്ടിലാണ് താമസിക്കുന്നത്. സൈക്യാട്രിയിലും സൈക്കോതെറാപ്പിയിലും വിദഗ്ധനായിരുന്നു തലേബ്. ആക്രമണം ഇയാൾ ഒറ്റക്കാണ് ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. ആക്രമണത്തിന് ഉപയോഗിച്ച ബിഎംഡബ്ല്യു കാർ ഇയാൾ വാടകയ്ക്ക് എടുത്തതാണെന്നും ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
1974-ൽ സൗദി അറേബ്യൻ നഗരമായ ഹോഫൂഫിൽ ജനിച്ച തലേബ് 2006-ൽ ജർമ്മനിയിൽ സ്ഥിര താമസാനുമതി നേടി. 2016-ൽ അഭയാർത്ഥിയായി അംഗീകരിക്കപ്പെട്ടു. സൗദി അറേബ്യയിൽ തൻ്റെ നിരീശ്വര ചിന്തകളും വീക്ഷണങ്ങളും പ്രകടിപ്പിക്കാൻ സാധിച്ചില്ലെന്നും പറയുന്നു. ജർമ്മനിയിലേക്ക് താമസം മാറിയതിന് ശേഷം, സൗദിയിൽ നിന്നുൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നും രക്ഷപ്പെടാൻ സഹായിക്കുന്നതിന് പ്രതി Wearesaudi.net എന്ന വെബ്‌സൈറ്റ് സ്ഥാപിച്ചു.
റിപ്പോർട്ടുകൾ പ്രകാരം, തീവ്രവാദം, മിഡിൽ ഈസ്റ്റിൽ നിന്ന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് പെൺകുട്ടികളെ കടത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി സൗദി അറേബ്യ അന്വേഷിക്കുന്ന ആളാണ് തലേബ്. എന്നാൽ, സൗദി അറേബ്യക്ക് ഇയാളെ കൈമാറാൻ ജർമനി വിസമ്മതിക്കുകയും അഭയം നൽകുകയും ചെയ്തു. ജർമ്മൻ സർക്കാർ മുസ്ലിം അഭയാർഥികളോടും മുസ്ലീങ്ങളോടും വളരെ മൃദുവായ സമീപനാണ് സ്വീകരിക്കുന്നതെന്ന് ഇയാൾക്ക് അഭിപ്രായമുണ്ടായിരുന്നു. ഒക്ടോബർ 7-ലെ ഭീകരാക്രമണത്തെത്തുടർന്ന് ഇയാൾ ഇസ്രായേൽ അനുകൂലിയായി.
വെള്ളിയാഴ്ച രാത്രി 7 മണിക്കാണ് ഇയാൾ ക്രിസ്മസ് മാർക്കറ്റിലൂടെ കറുത്ത ബിഎംഡബ്ല്യു ഒടിച്ച് ആളുകളെ ഇടിച്ച് തെറിപ്പിച്ചത്. ആക്രമണത്തെ അപലപിച്ച ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് രംഗത്തെത്തി.
