'ഡിപ്രഷന്‍' അടിച്ചിരിപ്പാണോ? എങ്കില്‍ പെട്ടെന്ന് ഇതൊന്ന് കഴിച്ചുനോക്കിക്കേ...
കൃത്യമായ ജീവിതരീതികളിലൂടെയും ഡയറ്റിലൂടെയും വ്യായാമത്തിലൂടെയുമെല്ലാം വിഷാദത്തെ ഒരു വലിയ പരിധി വരെ അകറ്റിനിര്‍ത്താം. എങ്കിലും വിഷാദരോഗത്തിന്റെ ഭാഗമായുണ്ടാകുന്ന വിഷമതകള്‍ പെട്ടെന്ന് പരിഹരിക്കുക അത്ര എളുപ്പമല്ല

ഇന്ന് ഏറ്റവുമധികം പേര്‍ പരാതിപ്പെടുന്ന ഒരു മാനസിക വിഷമതയാണ് വിഷാദം. ലോകത്തെമ്പാടുമായി എത്ര വിഷാദരോഗികളുണ്ടെന്നറിയാമോ? ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 30 കോടിയിലേറെ പേര്‍ക്ക് വിഷാദരോഗമുണ്ട്.
അപ്പോള്‍ എത്രമാത്രം ഗുരുതരമാണ് അവസ്ഥയെന്ന് നമുക്ക് മനസിലാക്കാവുന്നതേയുള്ളൂ. ഇന്ത്യയുടെ കാര്യത്തില്‍ അല്‍പം ജാഗ്രത കൂടുതല്‍ കാണിക്കേണ്ടതുണ്ട്. കാരണം, ലോകത്തിലേക്ക് വച്ചേറ്റവുമധികം വിഷാദരോഗികളുള്ള രാജ്യമാണ് നമ്മുടേത്.
കൃത്യമായ ജീവിതരീതികളിലൂടെയും ഡയറ്റിലൂടെയും വ്യായാമത്തിലൂടെയുമെല്ലാം വിഷാദത്തെ ഒരു വലിയ പരിധി വരെ അകറ്റിനിര്‍ത്താം. എങ്കിലും വിഷാദരോഗത്തിന്റെ ഭാഗമായുണ്ടാകുന്ന വിഷമതകള്‍ പെട്ടെന്ന് പരിഹരിക്കുക അത്ര എളുപ്പമല്ല.
എന്നാല്‍ അത്തരത്തില്‍ വിഷാദമുണ്ടാക്കുന്ന ചില പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ ഒരാള്‍ക്ക് കഴിയുമെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. 'ഡിപ്രഷന്‍ ആന്റ് ആംഗ്‌സൈറ്റി' എന്ന പ്രമുഖ പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്.
ആരാണ് ആ ആളെന്നല്ലേ. മിക്കവാര്‍ക്കും എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഒരു ഭക്ഷണസാധനമാണ് ഇയാള്‍. മറ്റൊന്നുമല്ല, ഡാര്‍ക് ചോക്ലേറ്റിനെ പറ്റിയാണ് പറഞ്ഞുവരുന്നത്. ചോക്ലേറ്റ് വിഷാദത്തെ നേരിടുമെന്ന തരത്തിലുള്ള പഠനങ്ങള്‍ മുമ്പും വന്നിട്ടുണ്ട്. എന്നാല്‍ അവയെ കുറേക്കൂടെ ശക്തമായി പിന്തുണയ്ക്കുന്നതാണ് പുതിയ പഠനം.
24 മണിക്കൂറിനുള്ളില്‍ രണ്ട് തവണയെങ്കിലും അല്‍പം ഡാര്‍ക് ചോക്ലേറ്റ് കഴിച്ചാല്‍, വിഷാദമുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ 70 ശതമാനം വരെ ചെറുക്കാനാകുമെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍. അതുപോലെ സ്ഥിരമായി ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നവരില്‍ വിഷാദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാണപ്പെടുന്നില്ലെന്നും ഇവര്‍ സ്ഥിരീകരിച്ചു. അതേസമയം, സാധാരണ ചോക്ലേറ്റിന്റെ കാര്യത്തില്‍ ഇത് നടപ്പില്ലെന്നും പഠനം ഓര്‍മ്മിപ്പിക്കുന്നു.
'യുഎസ് നാഷണല്‍ ഹെല്‍ത്ത് ആന്റ് ന്യൂട്രീഷന്‍ എക്‌സാമിനേഷന്‍ സര്‍വേ' ഫലങ്ങള്‍ ഉപയോഗിച്ച് 13,000ത്തിലധികം വിഷാദരോഗികളെ കുറിച്ചുള്ള വിശദാംശങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയത്. ശാസ്ത്രീയമായി, തങ്ങളുടെ കണ്ടെത്തല്‍ ബലമായി സ്ഥിരീകരിക്കാന്‍ ഇനിയും പഠനങ്ങള്‍ ആവശ്യമാണെന്നും എന്നാല്‍ നിലവിലെത്തിയിരിക്കുന്ന നിഗമനം വിശ്വാസയോഗ്യമാണെന്ന് ഉറപ്പിക്കാമെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.
