loneliness And Heart Attack : ഏകാന്തതയും ഹൃദയാഘാതവും തമ്മിലുള്ള ബന്ധം? പഠനം പറയുന്നു
അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ JAMA നെറ്റ്‌വർക്ക് ഓപ്പണിൽ പഠനം പ്രസിദ്ധീകരിച്ചു.സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും ഹൃദ്രോഗ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകളിൽ സാമൂഹിക ഒറ്റപ്പെടലും ഏകാന്തതയും അനുഭവിക്കുന്നവരിൽ 27 ശതമാനം വരെ ഹൃദ്രോഗസാധ്യത വർദ്ധിച്ചതായി പഠനം. അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ JAMA നെറ്റ്‌വർക്ക് ഓപ്പണിൽ പഠനം പ്രസിദ്ധീകരിച്ചു. സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും ഹൃദ്രോഗ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
സ്ത്രീകൾക്കിടയിൽ സാമൂഹിക ഒറ്റപ്പെടലും ഏകാന്തതയും കുറയ്ക്കുന്നതിനുള്ള ഇടപെടലുകൾ ആവശ്യമാണെന്ന് ഗവേഷകർ പറയുന്നു. 2011 മാർച്ചിനും 2019 മാർച്ചിനുമിടയിലാണ് പഠനം നടത്തിയത്. യുഎസിലെ 65-99 വയസ്സിനിടയിലുള്ള 57,825 സ്ത്രീകളിൽ പഠനം നടത്തി.
സ്ത്രീകൾക്ക് മയോകാർഡിയൽ ഇൻഫ്രാക്ഷൻ, സ്ട്രോക്ക് അല്ലെങ്കിൽ കൊറോണറി ഹൃദ്രോഗം എന്നിവയുടെ ചരിത്രമൊന്നും ഉണ്ടായിരുന്നില്ല. ഏകാന്തതയും സാമൂഹികമായ ഒറ്റപ്പെടലും വ്യത്യസ്തവും എന്നാൽ ബന്ധപ്പെട്ടതുമായ ആശയങ്ങളാണ്. ഒരു വ്യക്തിക്ക് സാമൂഹിക ഒറ്റപ്പെടലില്ലാതെ ഏകാന്തത അനുഭവപ്പെടാം, അല്ലെങ്കിൽ തിരിച്ചും.
യുഎസിലെ മിക്ക പുരുഷന്മാരുടെയും സ്ത്രീകളുടെയും ഇടയിൽ ഒന്നാം നമ്പർ നിശ്ശബ്ദ കൊലയാളിയാണ് ഹൃദയാഘാതമെന്ന് നാഷണൽ ഹെൽത്ത് ഇന്റർവ്യൂ സർവേ പറയുന്നു. 2020-ൽ 4.6 ശതമാനം മുതിർന്നവർക്കും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ കൊറോണറി ഹൃദ്രോഗം കണ്ടെത്തിയതായി സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കി.
യുഎസിലെ ഓരോ അഞ്ച് സ്ത്രീ മരണങ്ങളിലും ഹൃദ്രോഗം മൂലമാണ് സംഭവിക്കുന്നതെന്ന് 2017-ൽ സിഡിസിയുടെ നാഷണൽ സെന്റർ ഫോർ ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് ചെയ്ത കണക്കുകൾ പറയുന്നു. ഓരോ 36 സെക്കൻഡിലും യുഎസിൽ ഒരാൾ ഹൃദ്രോഗം മൂലം മരിക്കുന്നുവെന്ന് സിഡിസി വ്യക്തമാക്കി.
യുകെയിലുടനീളമുള്ള ആയിരക്കണക്കിന് ആളുകളെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നമാണ് സാമൂഹിക ഒറ്റപ്പെടൽ. ഏകാന്തത പുകവലി, മദ്യപാനം പോലുള്ള ജീവിതശൈലി ശീലങ്ങളിലേക്ക് നയിച്ചേക്കാം. ഇത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത വർദ്ധിപ്പിക്കുന്നതായി ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷൻ വ്യക്തമാക്കുന്നു.
ഏകാന്തത ഹൃദയത്തിന് ഹാനികരവും അകാല മരണത്തിന് കാരണവുമാകുമെന്ന് യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി വ്യക്തമാക്കി. 'ഏകാന്തത എന്നത്തേക്കാളും ഇന്ന് സാധാരണമാണ്. കൂടുതൽ ആളുകൾ ഒറ്റയ്ക്ക് ജീവിക്കുന്നു...'- ഡെൻമാർക്കിലെ കോപ്പൻഹേഗൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഗവേഷകൻ ആൻ വിംഗാർഡ് ക്രിസ്റ്റെൻസൻ പറഞ്ഞു.
പുകവലി ഹൃദയാഘാതത്തിന് കാരണമാകുമോ? ഡോക്ടർ വിശദീകരിക്കുന്നു
