'ഈ ഭക്ഷണം ഇനി കഴിക്കില്ല'; കാല് കൊണ്ട് ഉരുളക്കിഴങ്ങ് ഉടയ്ക്കുന്നതിന്‍റെ വീഡിയോ...
ഏതാനും സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മെസിലെ ജീവനക്കാരൻ വലിയ പാത്രത്തില്‍ കയറി നിന്ന്, കാലുപയോഗിച്ച് പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഉടയ്ക്കുന്നതാണ് കാണുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും വ്യത്യസ്തമായ എത്രയോ വീഡിയോകളാണ് നമ്മുടെ കാഴ്ചവട്ടത്തേക്ക് എത്തുന്നത്, അല്ലേ? ഇവയില്‍ നമുക്ക് ഗുണകരമാകുന്ന എന്തെങ്കിലും വിവരങ്ങളോ വിഷയങ്ങളോ ഉള്ള വീഡിയോകളാണെങ്കില്‍ അത് തീര്‍ച്ചയായും വലിയ രീതിയില്‍ തന്നെ പ്രചരിക്കപ്പെടാറുണ്ട്.
അതുപോലെ നമ്മെ ചിന്തിപ്പിക്കുകയും പലതും ഓര്‍മ്മപ്പെടുത്തുകയും പഠിക്കാൻ പ്രേരിപ്പിക്കുകയും നമുക്ക് ഉള്‍ക്കാഴ്ച പകര്‍ന്നുനല്‍കുകയും ചെയ്യുന്ന വീഡിയോകളും ഇത്തരത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാവുകയാണ് ഹരിയാനയിലെ ഒരു യൂണിവേഴ്സിറ്റി കോളേജ് മെസില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പകര്‍ത്തിയ വീഡിയോ.
തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തില്‍ ഇവിടെ ഭക്ഷണം തയ്യാറാക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോള്‍- അത് റെസ്റ്റോറന്‍റുകളില്‍ നിന്നോ ഹോസ്റ്റലുകളില്‍ നിന്നോ ആകട്ടെ, എപ്പോഴും ഭക്ഷ്യശുചിത്വമോ ഭക്ഷ്യസുരക്ഷയോ സംബന്ധിച്ച ആശങ്ക നമ്മെ അലട്ടാറുണ്ട്.
ഈ ആശങ്കകളൊന്നും അസ്ഥാനത്തില്‍ അല്ലെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ ഹരിയാനയില്‍ നിന്ന് പുറത്തുവന്നിരിക്കുന്ന വീഡിയോ വ്യക്തമാക്കുന്നത്. മെസിലെ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെ വിദ്യാര്‍ത്ഥികള്‍ രഹസ്യമായാണ് വീഡിയോ പകര്‍ത്തിയത്. ഏതാനും സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മെസിലെ ജീവനക്കാരൻ വലിയ പാത്രത്തില്‍ കയറി നിന്ന്, കാലുപയോഗിച്ച് പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഉടയ്ക്കുന്നതാണ് കാണുന്നത്.
തീര്‍ച്ചയായും കാണുമ്പോള്‍ തന്നെ മനം മറിക്കുന്ന കാഴ്ചയാണിത്. വീഡിയോ പകര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ ഈ രംഗം കണ്ടതോടെ മേലാല്‍ ഇവിടെ നിന്ന് തങ്ങള്‍ ഭക്ഷണം കഴിക്കില്ലെന്ന് അറപ്പോടെ പറയുന്നത് കേള്‍ക്കാം. വലിയ രീതിയിലുള്ള പ്രതിഷേധമാണ് വീഡിയോ പുറത്തുവന്നതോടെ ഉയര്‍ന്നിരിക്കുന്നത്.
പല ഹോസ്റ്റലുകളിലും മെസുകളിലുമെല്ലാം ഇങ്ങനെയാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും ഇത്തരം കേന്ദ്രങ്ങളിലെല്ലാ പരിശോധന കര്‍ശനമാക്കണം- വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നവര്‍ക്കെതിരെ മാതൃകാപരമായ നടപടി വേണമെന്നുമെല്ലാം വീഡിയോ വൈറലായതിന് പിന്നാലെ ആവശ്യമുയരുകയാണ്.
വൈറലായ വീഡിയോ...
Also Read:- ക്യാൻസര്‍ ബാധിതയായ ഭാര്യക്ക് ധൈര്യം പകരാൻ ഭര്‍ത്താവിന്‍റെ സ്നേഹസമ്മാനം; വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-